കുടിവെള്ളം ബ്ലോഗില്‍ ഇക്കുറി ഒരു ഗസ്റ്റ് പോസ്റ്റ് ആണ്. പത്രമാധ്യമങ്ങള്‍ ഒന്നടങ്കം കണ്ണടച്ച ഒരു സുപ്രധാന വിഷയത്തെക്കുറിച്ച് എം.അബ്ദുല്‍ റഷീദ് എന്ന സുഹൃത്ത് തയ്യാറാക്കിയ ചിന്തോദ്ദീപമായ ലേഖനമാണിത്. ജനങ്ങളെ ഒട്ടാകെ ബാധിക്കുന്ന ഒരു പ്രശ്നമാണെങ്കിലും മാധ്യമങ്ങള്‍ ഇത് ഒരു ചര്‍ച്ചയാക്കാത്ത സ്ഥിതിക്ക് സമാന്തര മാധ്യമ സംവിധാനങ്ങളും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും ഉപയോഗിച്ച് ഇത്തരം വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്ന് ഞങ്ങളാഗ്രഹിക്കുന്നു. ഈ കുറിപ്പ് ഫോര്‍വേര്‍ഡ് ചെയ്യുന്നവര്‍ എഴുത്തുകാരന്റെ പേരും ഇ മെയില്‍ വിലാസവും ചേര്‍ക്കാന്‍ വിട്ടുപോകരുത് എന്നോര്‍മിപ്പിക്കട്ടെ
Tuesday, March 29, 2011
Sunday, February 27, 2011
ഇല്ല, ഉന്തുവണ്ടിക്കാരന്‍ എയിഡ്സ് പരത്തില്ല
കഴിഞ്ഞ ദിവസം കുടിവെള്ളം ഗ്രൂപ്പിലേക്ക് അയച്ചുകിട്ടിയ ഒരു മെയിലാണ് ഈ പോസ്റ്റിനു കാരണം
ബാംഗ്ലൂരില്‍ ഒരു ബാലന് എയിഡ്സ് പിടിപെട്ടതിന്റെ കാരണമാണ് മെയിലിന്റെ ഉള്ളടക്കം.
അത് ചുരുക്കി പറയാം:
പത്തുവയസുകാരന്‍ പയ്യന്‍ പതിനഞ്ച് ദിവസം മുന്‍പൊരു കഷ്ണം പൈനാപ്പിള്‍ തിന്നെത്രേ.
കഴിച്ചു കഴിഞ്ഞതും കുട്ടിക്ക് വയ്യായ്ക. ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോ
രോഗം എയിഡ്സ്!! വീട്ടുകാര്‍ ആകെ പേടിച്ച് മുഴുവന്‍ കുടുംബാംഗങ്ങളും പരിശോധിച്ചുനോക്കി
വേറെ ഒരാള്‍ക്കും കുഴപ്പങ്ങളില്ല. പുറത്തു നിന്ന് വല്ലതും കഴിച്ചിരുന്നോ എന്ന് ഡോക്ടര്‍ അന്വേഷിച്ചപ്പോള്‍ വഴിയോരത്തെ കടയില്‍ നിന്ന് ഒരു കഷണം പൈനാപ്പിള്‍ വാങ്ങിത്തിന്ന കാര്യം കുട്ടി ഓര്‍മിച്ചു.
ആശുപത്രിക്കാര് ചെന്ന് വില്‍പനക്കാരനെ പരിശോധിച്ചപ്പോള്‍ പൈനാപ്പിള്‍ കഷ്ണിക്കുന്നതിനിടെ അയാളുടെ കൈയില്‍ ഒരു മുറിവു പറ്റിയിരുന്നതായി അറിഞ്ഞു
പരിശോധിച്ചപ്പോള്‍ അയാള്‍ക്ക് എയിഡ്സ് ഉണ്ടെന്നും തെളിഞ്ഞു.
വഴിയോരത്തെ കച്ചവടക്കാരന്റെ കൈയില്‍ പറ്റിയ മുറിവില്‍ നിന്ന് ഉറ്റിയ രക്തതുള്ളി പറ്റിയ
പൈനാപ്പിള്‍ കഴിച്ചതു കൊണ്ട് ഒന്നുമറിയാത്ത ഈ പാവം കുട്ടിക്ക്
എയിഡ്സ് പിടിച്ചെന്നും ഇനിമുതല്‍ വഴിവക്കില്‍ വില്‍ക്കുന്ന ഭക്ഷണങ്ങള്‍ വാങ്ങിക്കഴിക്കുമ്പോള്‍
സൂക്ഷിക്കണമെന്നുമുള്ള ഉപദേശത്തോടെയാണ് മെയില്‍ അവസാനിക്കുന്നത്.
എല്ലാവര്‍ക്കും ഇത് ഫോര്‍വേര്‍ഡ് ചെയ്തുകൊടുക്കണമെന്ന ആഹ്വാനവുമുണ്ട്.
ഈ കിട്ടിയ ഞെട്ടിക്കുന്ന വിവരം മറ്റു സുഹൃത്തുക്കള്‍ അറിയുകയും ജാഗ്രത പാലിക്കുകയും ചെയ്യട്ടെ എന്ന ഉദ്ദേശത്തോടെയാണ്
ഒരു സുഹൃത്ത് ഇത് കുടിവെള്ളം ഗ്രൂപ്പിലേക്ക് അയച്ചു തന്നത്. മുന്നറിയിപ്പെന്നും ഉപകാരപ്രദമെന്നും തോന്നിപ്പിക്കുന്ന ചില മെയിലുകള്‍ വഴി
പലരും പലവിധ അജണ്ടകള്‍ നടപ്പാക്കുന്ന കാലമാകയാല്‍ ഈ വിഷയത്തില്‍ വിദഗ്ധ ഉപദേശം തേടിയ ശേഷം ഗ്രൂപ്പില്‍ ഫോര്‍വേര്‍ഡ് ചെയ്യാമെന്ന് തീരുമാനിച്ചു.
ഇ മെയില്‍ വിലാസം ലഭ്യമായിരുന്ന ഒരുപറ്റം ആരോഗ്യ വിദഗ്ദര്‍ക്ക് നടേ പറഞ്ഞ മെയില്‍ അയച്ചുകൊടുത്ത് അഭിപ്രായം ആരാഞ്ഞു
ഡോ. ദീപു സുകുമാരന്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകനായ ഡോ. ഷാജി ആലുങ്കല്‍,
മഞ്ചേരി ഗവ.യുനാനി ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.അനീസ് റഹ്മാന്‍ എന്നിവര്‍ വളരെ പെട്ടെന്നു തന്നെ കൃത്യവും വിശദവുമായ മറുപടി നല്‍കി. ശാസ്ത്രലേഖനങ്ങള്‍ എഴുതുന്ന ഡോ. മനോജ് കോമത്ത് രസകരമായ ഒരു ഇന്റര്‍നെറ്റ് ലിങ്കും അയച്ചുതന്നു.
ആരോഗ്യവിദഗ്ദരുടെ മറുപടികളുടെ പൊതുവായ ഉത്തരം:
ഇ-മെയിലില്‍ ലഭിച്ച സന്ദേശം ശുദ്ധ തട്ടിപ്പാണ്!
എയിഡ്സ് രോഗിയുടെ കയ്യില്‍ നിന്ന് പൈനാപ്പിള്‍ വാങ്ങിത്തിന്ന ദിവസം തന്നെ കുട്ടിക്ക് രോഗം പിടിച്ചു എന്നായിരുന്നല്ലോ മെയിലില്‍ ലഭിച്ച വിവരം. എങ്കില്‍ കേട്ടോളൂ
ഒരു മഴകൊണ്ടാല്‍ പിറ്റേന്ന് ജലദോഷവും തണുത്തത് കഴിച്ചാല്‍ തൊണ്ടവേദയും പിടിക്കുന്നതു പോലെ നേരമിരുട്ടിവെളുക്കുമ്പോഴേക്കും പിടിപെടുന്ന രോഗമല്ല എയിഡ്സ്. ഫുഡ്ഡിലൂടെയല്ല, ബ്ലഡ്ഡിലൂടെ പകരുന്ന രോഗമാണിത്.
എയിഡ്സിനു കാരണമാകുന്ന HIV (Human immunodeficiency virus) ബാധിച്ചാല്‍ തന്നെ ഏഴുമുതല്‍ പത്തു വര്‍ഷം കഴിഞ്ഞേ രോഗലക്ഷണം പ്രകടമാവൂ.ലോകത്തെ മുഴുവന്‍ കിടുകിടാ വിറപ്പിക്കുന്നവനെങ്കിലും അന്തരീക്ഷ ഊഷ്മാവിലെത്തിയാല്‍ മുട്ടുവിറച്ച് ചത്തുപോകുന്നവനാണ് ഈ വൈറസ് എന്നുകൂടി അറിയുക. ![]() |
| ഒരു ബംഗാളി തെരുവില്‍ നിന്ന് ജോയ്ദീപ് ചക്രവര്‍ത്തി പകര്‍ത്തിയത് |
ആലോചിച്ച് നോക്കുമ്പോള്‍ എയിഡ്സിനെക്കുറിച്ച് അനാവശ്യ ഭീതി സൃഷ്ടിക്കുക മാത്രമല്ല മെയില്‍ പടച്ചുണ്ടാക്കിയവരുടെ ലക്ഷ്യം, മറിച്ച് ഏറ്റവും കുറഞ്ഞ ചിലവില്‍ ഏറ്റവും സന്തോഷത്തോടെ നമ്മെ ഊട്ടുന്ന, ഒരുപാട് ഒരുപാട് വയറുകളെ വിശപ്പിന്റെ കാഠിന്യത്തില്‍ നിന്ന് കാത്തുരക്ഷിക്കുന്ന വഴിയോര ഭക്ഷണശാലകളെക്കുറിച്ച് ഭയം വളര്‍ത്തല്‍ കൂടിയാണ്.
പതിറ്റാണ്ടുകളായി ദുര്‍ഭരണം നടത്തിപ്പോന്ന ക്രൂരഭരണാധികാരിയെ താഴെയിറക്കാന്‍ഇന്റര്‍നെറ്റും ഇ മെയിലും ഉപയോഗിക്കാമെന്ന് ഈജിപ്റ്റുകാര്‍ തെളിയിക്കുമ്പോള്‍
വഴിയോരത്ത് തട്ട്ദോശയും മുട്ടപൊരിച്ചതും വിറ്റ് ജീവിക്കുന്ന പാവങ്ങളുടെ കഞ്ഞിയില്‍
ഇ മെയില്‍ വഴി മണ്ണുവാരിയിടാനാണ് നമുക്ക് താല്‍പര്യം. കഷ്ടം തന്നെ!
Wednesday, February 9, 2011
ജെ.എന്‍.യു അകലെയല്ല
ജെ.എന്‍.യുവില്‍ പഠിക്കണമെന്ന് വലിയ മോഹമായിരുന്നു, സാധിച്ചില്ല എന്ന് പലരും പറഞ്ഞ് കേള്‍ക്കാറുണ്ട്. ജെ.എന്‍.യുവോ അതെന്താ എന്ന് ചോദിക്കുന്നവരുമുണ്ട്.
വളരെ കുറഞ്ഞ ചിലവില്‍ ഏറ്റവും മികച്ച അന്തരീക്ഷത്തില്‍ ഏറ്റവും മിടുക്കരായ അധ്യാപകരുടെ ശിക്ഷണത്തില്‍ ഏറ്റവും അമൂല്യമായ ഗ്രന്ഥാലയങ്ങളുടെയും കൂട്ടുകാരുടെയും സുഹൃത് വലയത്തില്‍ പഠിക്കാന്‍ കഴിയുക എന്നത് നിസാര കാര്യമല്ല. ഈ കേന്ദ്ര സര്‍വകലാശാലയെക്കുറിച്ച് അറിയുന്ന പലര്‍ക്കും അവിടുത്തെ അഡ്മിഷന്‍ സമയം അറിയില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീപന്തങ്ങളെയും പണ്ഡിതരെയും ബുദ്ധിജീവികളെയും സംഭാവന ചെയ്ത ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എന്ന ചരിത്ര കലാലയത്തില്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴിതാ അവസരം. 2011-12 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷാ ഫോറം വിതരണം ആരംഭിച്ചിരിക്കുന്നു.
അപേക്ഷാ ഫോറം തപാലില്‍ ലഭിക്കാന്‍ 300 രൂപയുടെ ഡിഡി അയക്കണം. നേരില്‍ വാങ്ങുകയാണെങ്കില്‍ 200 രൂപ മതിയാവും. ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്ക് (ബി.പി.എല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ) അപേക്ഷാഫോറം സൌജന്യമായി ലഭിക്കും.
തപാലില്‍ വാങ്ങുന്നവര്‍ സ്വന്തം വിലാസമെഴുതിയ 30 cms X 25 cms കവര്‍ സഹിതം the Section Officer (Admissions), Room No. 28, Administrative Block, Jawaharlal Nehru University, New Delhi110067 എന്ന വിലാസത്തില്‍ മാര്‍ച്ച് 10നകം അപേക്ഷിക്കണം. മണി ഓര്‍ഡര്‍, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല. സ്വകാര്യ കൊറിയര്‍ വഴി അപേക്ഷിക്കാതിരിക്കുന്നത് ഉത്തമം.
കോളേജിലെ കൌണ്ടറില്‍ മാര്‍ച്ച് 21വരെ ഫോറം നേരിട്ട് വാങ്ങാം.
പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 21
പൈസ മുടക്കി അപേക്ഷിച്ച് ദല്‍ഹി വരെപോയി എന്‍ട്രന്‍സ് പരീക്ഷ എഴുതിയിട്ട് കിട്ടാതെ വന്നാലോ എന്നോര്‍ത്ത് അപേക്ഷിക്കാതിരിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ കേട്ടോളൂ പ്രവേശന പരീക്ഷ എഴുതാന്‍ ദല്‍ഹി വരെ പോവണ്ട. കേരളത്തിലെ മുഖ്യ നഗരങ്ങളിലടക്കം ഇന്ത്യയിലെ 51 സ്ഥലങ്ങളില്‍ വെച്ചാണ് മെയ് മാസം മധ്യത്തില്‍ പ്രവേശന പരീക്ഷ നടക്കുക. അഡ്മിഷന്‍ കിട്ടിയാല്‍ പഠന ചിലവ് വളരെ കുറവ് മാത്രം. മികച്ച സൌകര്യങ്ങളുള്ള ഹോസ്റ്റലിലെ താമസത്തിനും രുചിയുള്ള ഭക്ഷണം കിട്ടുന്ന കാന്റീനും നിസാര തുക നല്‍കിയാല്‍ മതി.
താല്‍പര്യം തോന്നുന്നുണ്ടോ? എങ്കില്‍ ഉടന്‍ തന്നെ ജെ.എന്‍.യു വിന്റെ സൈറ്റിലൊന്ന് കേറി നോക്കിയാട്ടെ www.jnu.ac.in
ഉചിതമായ കോഴ്സ് ഏതെന്ന് കണ്ടുപിടിച്ച് അപേക്ഷിക്കാനുള്ള കാര്യങ്ങള്‍ ഉടന്‍ ചെയ്യുക. താങ്കളുടെ സുഹൃത്തുക്കളോട് അവരുടെ കുട്ടികളോട് എല്ലാം ഇക്കാര്യം പറയുക. പ്രദേശത്തെ പള്ളികളിലും ക്ലബുകളിലും വായനശാലകളിലും ഇക്കാര്യം അറിയിച്ച് നോട്ടീസ് പതിക്കുക.
അവസരം പാഴാക്കാതിരിക്കുക.............ഈ നാടിന് ആവശ്യമുണ്ട്-
താങ്കളുടെ അറിവിന്റെ, ചിന്തയുടെ കരുത്ത്
വളരെ കുറഞ്ഞ ചിലവില്‍ ഏറ്റവും മികച്ച അന്തരീക്ഷത്തില്‍ ഏറ്റവും മിടുക്കരായ അധ്യാപകരുടെ ശിക്ഷണത്തില്‍ ഏറ്റവും അമൂല്യമായ ഗ്രന്ഥാലയങ്ങളുടെയും കൂട്ടുകാരുടെയും സുഹൃത് വലയത്തില്‍ പഠിക്കാന്‍ കഴിയുക എന്നത് നിസാര കാര്യമല്ല. ഈ കേന്ദ്ര സര്‍വകലാശാലയെക്കുറിച്ച് അറിയുന്ന പലര്‍ക്കും അവിടുത്തെ അഡ്മിഷന്‍ സമയം അറിയില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീപന്തങ്ങളെയും പണ്ഡിതരെയും ബുദ്ധിജീവികളെയും സംഭാവന ചെയ്ത ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എന്ന ചരിത്ര കലാലയത്തില്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴിതാ അവസരം. 2011-12 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷാ ഫോറം വിതരണം ആരംഭിച്ചിരിക്കുന്നു.
അപേക്ഷാ ഫോറം തപാലില്‍ ലഭിക്കാന്‍ 300 രൂപയുടെ ഡിഡി അയക്കണം. നേരില്‍ വാങ്ങുകയാണെങ്കില്‍ 200 രൂപ മതിയാവും. ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്ക് (ബി.പി.എല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ) അപേക്ഷാഫോറം സൌജന്യമായി ലഭിക്കും.
തപാലില്‍ വാങ്ങുന്നവര്‍ സ്വന്തം വിലാസമെഴുതിയ 30 cms X 25 cms കവര്‍ സഹിതം the Section Officer (Admissions), Room No. 28, Administrative Block, Jawaharlal Nehru University, New Delhi110067 എന്ന വിലാസത്തില്‍ മാര്‍ച്ച് 10നകം അപേക്ഷിക്കണം. മണി ഓര്‍ഡര്‍, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല. സ്വകാര്യ കൊറിയര്‍ വഴി അപേക്ഷിക്കാതിരിക്കുന്നത് ഉത്തമം.
കോളേജിലെ കൌണ്ടറില്‍ മാര്‍ച്ച് 21വരെ ഫോറം നേരിട്ട് വാങ്ങാം.
പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 21
പൈസ മുടക്കി അപേക്ഷിച്ച് ദല്‍ഹി വരെപോയി എന്‍ട്രന്‍സ് പരീക്ഷ എഴുതിയിട്ട് കിട്ടാതെ വന്നാലോ എന്നോര്‍ത്ത് അപേക്ഷിക്കാതിരിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ കേട്ടോളൂ പ്രവേശന പരീക്ഷ എഴുതാന്‍ ദല്‍ഹി വരെ പോവണ്ട. കേരളത്തിലെ മുഖ്യ നഗരങ്ങളിലടക്കം ഇന്ത്യയിലെ 51 സ്ഥലങ്ങളില്‍ വെച്ചാണ് മെയ് മാസം മധ്യത്തില്‍ പ്രവേശന പരീക്ഷ നടക്കുക. അഡ്മിഷന്‍ കിട്ടിയാല്‍ പഠന ചിലവ് വളരെ കുറവ് മാത്രം. മികച്ച സൌകര്യങ്ങളുള്ള ഹോസ്റ്റലിലെ താമസത്തിനും രുചിയുള്ള ഭക്ഷണം കിട്ടുന്ന കാന്റീനും നിസാര തുക നല്‍കിയാല്‍ മതി.
താല്‍പര്യം തോന്നുന്നുണ്ടോ? എങ്കില്‍ ഉടന്‍ തന്നെ ജെ.എന്‍.യു വിന്റെ സൈറ്റിലൊന്ന് കേറി നോക്കിയാട്ടെ www.jnu.ac.in
ഉചിതമായ കോഴ്സ് ഏതെന്ന് കണ്ടുപിടിച്ച് അപേക്ഷിക്കാനുള്ള കാര്യങ്ങള്‍ ഉടന്‍ ചെയ്യുക. താങ്കളുടെ സുഹൃത്തുക്കളോട് അവരുടെ കുട്ടികളോട് എല്ലാം ഇക്കാര്യം പറയുക. പ്രദേശത്തെ പള്ളികളിലും ക്ലബുകളിലും വായനശാലകളിലും ഇക്കാര്യം അറിയിച്ച് നോട്ടീസ് പതിക്കുക.
അവസരം പാഴാക്കാതിരിക്കുക.............ഈ നാടിന് ആവശ്യമുണ്ട്-
താങ്കളുടെ അറിവിന്റെ, ചിന്തയുടെ കരുത്ത്
Friday, January 21, 2011
അമല്‍ നീരദേ, അസിമാനന്ദ് എന്നപേരില്‍ സിനിമയെടുക്കാമോ?
![]() |
| അമല്‍ നീരദിന്റെ അന്‍വര്‍ സിനിമയില്‍ പൃഥിരാജ് |
സത്യം എന്നും അമല്‍നീരദിന്റെ സിനിമ പോലെയാണ്-എന്നുവെച്ചാല്‍ കോപ്പിയടി എന്നല്ല, പക്കാ സ്ലോ മോഷന്‍..........
ഹിന്ദുഛായയുള്ള മുസ്ലിം പുരുഷന്‍ എന്നൊരു ഞെട്ടിപ്പിക്കുന്ന മനോഹാരിതയുള്ള കഥയെഴുതിയിട്ടുണ്ട് ഇന്ദുമേനോന്‍-മാലേഗാവിലും അജ്മീരിലും മക്കാ മസ്ജിദിലും
മരണപ്പൊട്ടീരുകള്‍ നടക്കുന്നതിന് വളരെമുമ്പായിരുന്നു അത്. ബോംബ് പൊട്ടിയതിനു പിന്നാലെ മാലേഗാവിലെയും ഹൈദരാബാദിലെയുമെല്ലാം കുണ്ടനിടവഴികളില്‍ കബാബ് കഴിച്ചും കബടി കളിച്ചും നടന്ന ചെക്കന്‍മാരെ മുഴുവന്‍ തൂക്കിയെടുത്തു കൊണ്ടുപോയി ഗരുഡന്‍ തൂക്കം നടത്തി പോലീസ്.ഞങ്ങള്‍ നിരപരാധിയാണ് എന്ന് ബോംബുപൊട്ടുന്നതിനേക്കാള്‍ വലിയ ഒച്ചയില്‍ കരഞ്ഞുവിളിച്ചെങ്കിലും ആ 'ഭീകരരുടെ' വാക്കുകള്‍ ആരും ചെവിയിലെടുത്തില്ല. എന്‍.ഡി.ടി.വിയിലിരുന്ന് നീരാറാഡിയക്ക് വേണ്ടി ചമ്മന്തിയരക്കുന്ന കൊച്ചമ്മ മുതല്‍ ഇന്ത്യാവിഷന്റെ ചിലവില്‍ പത്രങ്ങളുടെ ജാതി സെന്‍സസെടുക്കുന്ന വാരാന്ത്യക്കാരന്‍ വക്കീലുവരെ ഈ തെമ്മാടികളെ ചീത്തവിളിച്ചു. പലസ്തീനില്‍ ഇസ്രയേല് ചെയ്യുന്നത് പോലെ ചെയ്താലേ ഈ കാക്കാന്‍മാര്‍ പാഠം പഠിക്കൂ എന്ന് പല്ലു ഞെരിച്ചു. ദേശസ്നേഹത്തിന്റെ ഹോള്‍സെയില്‍ വ്യാപാരികളായ കാവിപ്പട ആവുംവിധമെല്ലാം വിഷം തുപ്പി. ഈ സമുദായത്തെ വേട്ടയാടരുതേ എന്ന് പറയാന്‍ അധികം കവികളൊന്നും ഉണ്ടായില്ല. ധൈര്യപ്പെട്ട് വന്ന മഹേഷ് ഭട്ട് മുതല്‍ മണമ്പൂര്‍ രാജന്‍ബാബു വരെയുള്ളവരെ നാടിനെ ഒറ്റുകൊടുക്കുന്ന നെറികെട്ടവരുടെ പട്ടികയില്‍ പെടുത്തി നാണംകെടുത്തി. നാട്ടിലെ കാക്കാമാരാവട്ടെ പുലര്‍ച്ചെ കിട്ടുന്ന പത്രങ്ങളില്‍ വരുന്ന പുലയാട്ട് പേടിച്ച് സുബഹിക്ക് പോലും പോവാതെയായി. നാലാള് കൂടുന്നിടത്തെല്ലാം അപരാധ ബോധം മൂത്ത് തലതാഴ്ത്തി നടക്കുന്ന വര്‍ഗമായി മാറി അവര്‍.
പത്രലേഖകര്‍ അവരുടെ മനസില്‍ തോന്നുന്ന സ്ഥലങ്ങളിലെല്ലാം ഭീകരാക്രമണങ്ങളുണ്ടാക്കി. കാണുന്ന താടിക്കാരെയെല്ലാം പിടിച്ച് കൊടുംഭീകരരാക്കി. മുട്ടിനു താഴെ ഇറക്കമുള്ള ജുബ്ബകള്‍ ഇടാന്‍ ആളില്ലാതെ കടകളില്‍ കെട്ടിപ്പഴകി. കുര്‍താ പൈജാമ ഇട്ടുനടന്നവരെ നാട്ടുകാര്‍ വളഞ്ഞുവെച്ച് കയ്യോടെ പോലീസിലേല്‍പ്പിച്ചു. ന്യൂനപക്ഷ ഭീകരതയെപ്പറ്റിയുള്ള മുഴുനീള പരമ്പരകളുമായി പത്രങ്ങളും കവര്‍സ്റ്റോറികളുമായി വാരികകളും അരങ്ങ് കൊഴുപ്പിച്ചു. ഗ്രാമീണ കേരളത്തിന്റെ ചലചിത്രകാരന്‍ എന്നൊക്കെ വിശേഷിപ്പിക്കുന്ന സത്യന്‍ അന്തിക്കാടുപോലും സിനിമകളില്‍ ഇല്ലാത്ത കലാപങ്ങള്‍ കുത്തിത്തിരുകി മലയാളി മനസില്‍ വിഷം കലക്കി. ഇംഗ്ലീഷ് സിനിമകളുടെ മിമിക്രി ഒരു കലയാക്കി മാറ്റിയ (കോപ്പിയടി എന്നാണ് ഇവിടെ ഉദ്ദേശിച്ചത്) പുതുതലമുറ സംവിധായകന്‍ അമല്‍ നീരദ് ഒരു മുസ്ലിം വിരുദ്ധ ഇംഗ്ലീഷ് സിനിമയെ വേരോടെ പിഴുതെടുത്ത് മലയാള മണ്ണില്‍ നട്ട് ഭീകരതാ വിരുദ്ധ സാംസ്കാരിക റാലിയിലെ ദീപശിഖാ വാഹകനായി.
അന്തമറ്റ പീഡനങ്ങള്‍ക്കും ചീത്തവിളികള്‍ക്കും തല്ലിച്ചതപ്പുകള്‍ക്കുമൊടുവില്‍ സത്യം പുറത്തുവരുന്നു. അമല്‍ നീരദിന്റെ സിനിമയില്‍ വയസായ തടവുപുള്ളിക്ക് വെള്ളം കൊടുക്കുന്ന, അയാളുടെ ചോറുതട്ടിയിടുന്നവരുമായി തല്ലുകൂടുന്ന അന്‍വറിനെപ്പോലെ ഹൈദരാബാദ് ജയിലിലെ സഹതടവുകാരനായിരുന്ന അസീമാനന്ദ സ്വാമിക്ക് വെള്ളവും കഞ്ഞിയും വിളമ്പിക്കൊടുക്കുന്നു കലീം എന്ന ചെറുപ്പക്കാരന്‍.-മനസാ വാചാ കര്‍മണാ അറിഞ്ഞിട്ടില്ലാത്ത ബോംബ് സ്ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവറയിലാക്കപ്പെട്ടവന്‍. അവന്റെ നന്‍മ കണ്ട് മനസലിഞ്ഞ് സ്വാമി വെളിപ്പെടുത്തുന്നു ബോംബിന്റെ യഥാര്‍ഥ ഉറവിടമേതെന്ന്. മുസ്ലിംഛായയുള്ള ഹിന്ദുത്വഭീകരര്‍! ഭീകരന്‍മാരുടെ താടിയും തൊപ്പിയുമെല്ലാം വെപ്പായിരുന്നു. സ്വാതന്ത്യ്രത്തിനു മുന്‍പേ ഇന്ത്യയില്‍ കലാപങ്ങള്‍ക്ക് തീ കൊളുത്തിയ, രാഷ്ട്രപിതാവിന്റെ ജീവനെടുത്ത, ബാബറിപ്പള്ളി തല്ലിപ്പൊളിച്ച, ബോംബെ നഗരം ചുട്ടെരിച്ച, ഭ്രൂണത്തെ ശൂലത്തില്‍ കുത്തിയെടുത്ത അതേ ബുദ്ധികേന്ദ്രങ്ങളായിരുന്നു ഈ സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന്.
ഒരുപാട് ചെറുപ്പക്കാര്‍ തല്ലുകൊണ്ടത് (ചെറുപ്പക്കാര്‍ മാത്രമോ എഴുന്നേറ്റ് നടക്കാന്‍ വയ്ക്കാത്ത പടുവൃദ്ധന്‍മാരെപ്പോലും ഭീകരവാദികള്‍ എന്ന് വിളിച്ച് ഇടിച്ചുപിഴിഞ്ഞു) മിച്ചം. അവരുടെ കുടുംബങ്ങള്‍ പേടിയുടെ പെരുമഴയില്‍ കുത്തിയൊലിച്ചുപോയത് മിച്ചം. അവരുടെ നഷ്ടപ്പെട്ട ഇന്നലെകളെ ആരു മടക്കി നല്‍കും? സകല അഴിമതികളും കള്ളത്തരങ്ങളും പുറത്തുകൊണ്ടുവരുന്ന പുലികള്‍ എന്ന് വീമ്പടിച്ച് നടക്കുന്ന പത്രക്കാര്‍ അവരെഴുതിപ്പിടിപ്പിച്ച മാപ്പര്‍ഹിക്കാത്ത വിദ്വേഷ കഥകള്‍ തെറ്റായിരുന്നു എന്ന് സമ്മതിക്കാന്‍ ആര്‍ജവം കാണിക്കുമോ?
കൊച്ചിയില്‍ തമ്പടിച്ചിരിക്കുന്ന മുസ്ലിം ഭീകരസംഘത്തെപ്പറ്റി സിനിമ പിടിച്ച് മലയാളിയുടെ ഖല്‍ബില്‍ സംശയത്തിന്റെയും വെറുപ്പിന്റെയും തീ പടര്‍ത്തിയ അമല്‍ നീരദ് അസിമാനന്ദ് എന്നപേരില്‍ സിനിമയെടുക്കാന്‍ ധൈര്യം കാണിക്കുമോ?
നടക്കുന്ന കാര്യമല്ല അതൊന്നും- വേണ്ട, സമ്മതിച്ചു. പക്ഷെ നാളെ നാട്ടിലൊരു പടക്കമേറുണ്ടായാല്‍ അതിന്റെ പേരിലും ഈ നിരപരാധികളുടെ അടിവയറ്റിലേക്ക് മുട്ടുകാല് കയറ്റില്ലെന്ന് ഉറപ്പുനല്‍കാനെങ്കിലും ആരെങ്കിലുമുണ്ടോ ഈ ജനാധിപത്യ രാഷ്ട്രത്തില്‍?
ബോംബ് വെച്ച് തകര്‍ത്ത് നാട് കുട്ടിച്ചോറാക്കി മുതലെടുക്കാന്‍ ഒരുമ്പിട്ടിറങ്ങിയവര്‍ ഒന്നോര്‍ക്കുക:
പൊട്ടുന്നത് പച്ചബോംബായാലും കാവിബോംബായാലും ചുമന്നബോംബായാലും മരിക്കുന്നത് മനുഷ്യരാണ്, അവരുടെ രക്തത്തിന് ഒരേ നിറമാണ്
Monday, January 3, 2011
കുട്ടികളോട് പറയുക ഈ ഡോക്ടര്‍ അങ്കിളിനെപ്പറ്റി
![]() |
| ഡോ. ബിനായക് സെന്നിനെ ജയിലിലേക്ക് കൊണ്ടുപോകുന്നു |
എന്താണ് ആ മനുഷ്യന്‍ ചെയ്ത തെറ്റ്? എന്നും ചൂഷണത്തിന്റെ ഇരകളായിരുന്ന ആദിവാസികളെ അടിമത്വത്തില്‍ നിന്നും അജ്ഞതയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിച്ചു, സമൂഹത്തെ ഭയത്തില്‍ നിന്നും വിശപ്പില്‍ നിന്നും കരകയറ്റാന്‍ ശ്രമിച്ചു,നീതി നിര്‍വഹണം എന്ന പേരില്‍ നടന്ന അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി...
കണ്‍മുന്നില്‍ നടക്കുന്ന അഴിമതികളും അനീതികളും കണ്ടില്ലെന്ന് നടിച്ച് നമ്മള്‍ മൂടിപ്പുതച്ചുറങ്ങിയ രാപ്പകലുകളില്‍ മുറിവേറ്റവര്‍ക്കൊപ്പം കൂട്ടിരിക്കുകയായിരുന്നു ഈ മനുഷ്യന്‍
പാവങ്ങളെ സഹായിക്കാനും അവരുടെ മുറിവുവെച്ചുകെട്ടാനും നടന്ന നേരത്ത് നാട്ടിലൊരു സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി പണിത് രോഗികളെ പിഴിഞ്ഞ് കാശുവാങ്ങിയിരുന്നെങ്കില്‍
ഒരു കോടതിയും ഡോക്ടറെ കുറ്റക്കാരനെന്ന് വിധിക്കില്ലായിരുന്നു. കള്ളായും കരിമീനായും കറന്‍സിയായും കൈക്കൂലി വാങ്ങിയിരുന്നെങ്കില്‍ ഒരു പോലീസിനെയും പട്ടാളത്തെയും പേടിക്കാതെ സര്‍ക്കാര്‍ സര്‍വീസില്‍ മരിക്കുവോളം സേവനം ചെയ്യാമായിരുന്നു.
സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന, പഠിച്ച ക്ലാസുകളിലും എഴുതിയ പരീക്ഷകളിലും എന്നും ഒന്നാമനായി വിജയിച്ച ബിനായക് തിരഞ്ഞെടുത്ത വഴി ഒരു പോരാളിയുടെതായിരുന്നു.
അഴിമതിയില്‍ മുങ്ങിക്കുളിച്ച ഈ രാജ്യത്തെ നിയമസംവിധാനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഈ നല്ല ശമരിയാക്കാരന്‍.
രാജ്യത്തെ ഒറ്റു കൊടുക്കുന്നവര്‍, വിറ്റുതുലക്കുന്നവര്‍, കത്തിച്ചു ചാമ്പലാക്കുന്നവര്‍, ജഡ്ജിപ്പണിയുടെ മറവില്‍ റിയല്‍ എസ്‌റ്റേറ്റ് നടത്തുന്നവര്‍- ഇക്കൂട്ടരെ പോറല്‍ പോലും ഏല്‍പ്പിക്കാതെ പരിപാലിക്കുന്ന നിയമസംവിധാനം ബിനായക് ഡോക്ടറെ രാജ്യദ്രോഹിയായി കണക്കായതില്‍ അല്‍ഭുതപ്പെടാന്‍ എന്തിരിക്കുന്നു?
നമുക്കുവേണ്ടി, നാം ഓരോരുത്തരുടെയും പ്രതിനിധിയായി അനീതിക്കും ചൂഷണത്തിനും എതിരെ പടപൊരുതിയ ഈ മനുഷ്യനുവേണ്ടി ദയവായി ഇന്ന് അല്‍പ സമയം നമ്മള്‍ ചിലവഴിക്കുക. നന്‍മയുടെ പര്യായമായ ഈ ഡോക്ടര്‍ അങ്കിളിനെക്കുറിച്ച് നമ്മുടെ വീട്ടിലുള്ള/വീടിനടുത്തുള്ള/ സ്‌കൂളിലുള്ള കുട്ടികളോട് അല്‍പ സമയം സംസാരിക്കുക.
ബിനായക് സെന്നിനെ കുറിച്ചുള്ള സാമാന്യ വിവരങ്ങള്‍ http://freebinayak.wordpress.com എന്ന ബ്ലോഗില്‍ലഭ്യമാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പിന്തുണ അറിയിക്കുവാനും ആശംസ നേരുവാനും താല്‍പര്യമുള്ളവര്‍ക്ക്
Dr.Binayak Sen
Central Jail, Raipur
Chhathisgarh,492001 എന്ന വിലാസത്തില്‍ എഴുതാം. ജയിലിലെ നിയന്ത്രണങ്ങളും കത്തുകളുടെ എണ്ണക്കൂടുതലും കാരണം എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നു വരില്ല. പക്ഷെ താന്‍ ചെയ്ത നന്‍മയെ പിന്തുണക്കുന്ന ഒരു സമൂഹം ജയിലിനു പുറത്ത് തന്നെ കാത്തിരിക്കുന്നു എന്ന മഹിതമായ സന്ദേശം അദ്ദേഹത്തിനു നല്‍കാന്‍ നമ്മളയക്കുന്ന രണ്ടു വരി കത്തുകള്‍ ഉപകരിക്കുക തന്നെ ചെയ്യും.
Friday, December 17, 2010
ഞെളിയന്‍ പറമ്പ്...
![]() |
| കുടുംബശ്രീ സ്ത്രീകളുടെ ജീവിതം പറയുന്ന പെണ്‍പട്ടണം എന്ന സിനിമയില്‍ നിന്ന് |
ഞെളിയന്‍ പറമ്പ്
മൂക്കുപൊത്തിക്കൊണ്ടാവും ഒരുപക്ഷെ പലരും ഈ പേര് വായിക്കുക.
സ്വന്തം നാടിനു തൊട്ടടുത്ത ഗ്രാമത്തിന്റെ പേരറിയാത്തവര്‍ക്കുപോലുമറിയാം ഞെളിയന്‍പറമ്പ്, വിളപ്പില്‍ശാല, ലാലൂര്‍ തുടങ്ങിയ സ്ഥലനാമങ്ങള്‍. നഗരത്തിന്റെ പണക്കാര്‍ക്ക് ഇറച്ചിയും മീനും തിന്ന് എച്ചില്‍ വലിച്ചെറിയുന്നത് ഈ സാധുഗ്രാമങ്ങളുടെ നെഞ്ചിലേക്കാണ്. സാനിറ്ററി നാപ്കിനും കുട്ടികളുടെ ഡയപ്പറും മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുമാലിന്യങ്ങളുമെല്ലാം കവറിലിട്ട് പറമ്പുകളിലും തോടുകളിലും തള്ളി മാന്യരും വൃത്തിപ്രാസംഗികരുമായി നടക്കുകയാണല്ലോ നമ്മള്‍. നമ്മുടെ എച്ചില്‍കൂനകള്‍ ചുമക്കാന്‍ വിധിക്കപ്പെട്ട ഇവിടുത്തെ പാവം മനുഷ്യര്‍ എങ്ങിനെ ജീവിക്കുന്നുവെന്ന് എത്രപേര്‍ ചിന്തിക്കുന്നുണ്ട്?
ഞെളിയന്‍പറമ്പ് എന്നത് കോഴിക്കോട് നഗരത്തിന് തൊട്ടുരുമിക്കിടക്കുന്ന ഒരു ഗ്രാമമായിരുന്നു. ഇപ്പോള്‍ കേരളത്തിലെമ്പാടും വലിച്ചുവാരിയിട്ടിരിക്കുന്ന മുറികള്‍ക്കുള്ള കളിയാക്കിപ്പേരും അതാണ്. ഒരുപാട് കളിയാക്കാനും ചിരിക്കാനും വരട്ടെ- ഓരോ ഗ്രാമങ്ങളും പട്ടണങ്ങളും ഓരോ ഞെളിയന്‍പറമ്പുകളായി മാറിക്കൊണ്ടിരിക്കുകയാണ്.
സമ്പന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ കണക്കില്‍ അവരുടെ നാട്ടിലെ കുതിരച്ചാണകം മുതല്‍ ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകളും കപ്പലുകളും വരെ തള്ളാന്‍ പറ്റിയ ഒരു വലിയ ഞെളിയന്‍പറമ്പാണ് ഇന്ത്യ.
കുറച്ചു വര്‍ഷം മുന്‍പ് ഒരു പ്രദേശത്തുകൂടി ബസില്‍ പോകുമ്പോള്‍ ആളുകളെല്ലാം മൂക്കുപൊത്തി. വാസനപ്പടി എന്നാണ് സ്ഥലത്തിന്റെ വിളിപേര് എന്ന് കണ്ടക്ടര്‍ പറഞ്ഞു. അയല്‍ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും കോഴിക്കടകളിലെ അവശിഷ്ടങ്ങളും മറ്റും രായ്ക്ക് രാമാനം അവിടെ കൊണ്ടുവന്ന് തള്ളല്‍ പതിവാണെത്രേ. അതിലൂടെ പിന്നീട് യാത്ര ചെയ്യുമ്പോഴൊക്കെ ഉറക്കത്തിലാണെങ്കിലും വാസനപ്പടിയെത്തുമ്പോള്‍ വാസനകൊണ്ട് തിരിച്ചറിയുമായിരുന്നു. നാളുകള്‍ക്ക് ശേഷം കഴിഞ്ഞ മാസം ആ വഴി പോയി. ഓരോ പ്രദേശവും വാസനപ്പടിയായി മാറിയ നാറുന്ന കാഴ്ചയാണ് കാണേണ്ടിവന്നത്.
സ്വന്തം വീട്ടിലെ ചവറ് മറ്റുള്ളവനെക്കൊണ്ട് വാരിക്കാം എന്ന ചീഞ്ഞളിഞ്ഞ ചിന്ത ഏറ്റവും പെട്ടെന്ന് നീക്കി ആദ്യം മനസ് ശുദ്ധമാക്കുക. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് പാവം കുടുംബശ്രീ സ്ത്രീകള്‍ നമ്മള്‍ നല്‍കുന്ന ചില്ലിക്കാശിന് മാലിന്യം കോരുന്നത്.അവരും നമ്മളെപ്പോലെ ചങ്കും കരളുമുള്ള മനുഷ്യരല്ലേ. ഈ പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രത്തിലെ നടികളുടെത്് പോലെ സുന്ദരവും സുരഭിലവുമൊന്നുമല്ല അവരുടെ ജീവിതം. മാസം അമ്പത് രൂപ കൊടുക്കുന്നതിന്റെ അഹങ്കാരത്തിന് സകല ചപ്പും ചവറും അവരുടെ പെട്ടിയില്‍ തട്ടുന്നവരല്ലേ നമ്മളില്‍ ഭൂരിഭാഗം പേരും?
മാലിന്യങ്ങള്‍ സ്വന്തമായി സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പലതുമുണ്ട്. വീട്ടിലെ മാലിന്യത്തില്‍ നിന്ന് പാചകവാതകവും വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കലാണ് അതില്‍ പ്രധാനം. വീടും പറമ്പുമൊക്കെ ഉള്ളവര്‍ ആരാന്റെ പറമ്പിലും വഴിയരികിലും കൊണ്ടു തള്ളി തല്ലുവാങ്ങുന്നതിലും എത്രയോ നല്ലതാണ് അത് തെങ്ങിന്‍ ചുവട്ടില്‍ വളമായിട്ടാല്‍. കുടുംബമേള നടത്തലും പതാക ഉയര്‍ത്തലും മാത്രം അജണ്ടയാക്കിയ റെസിഡന്‍സ് അസോസിയേഷനുകള്‍ കൂടിയിരുന്നാലോചിച്ചാല്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം.
നിങ്ങള്‍ മാലിന്യ സംസ്‌കരണം വിജയകരമായി നടത്തുന്നയാളാണെങ്കില്‍, അത്തരം ആളുകളെയോ സംഘടനകളെയോ കുറിച്ച് അറിയുമെങ്കില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എജ്യൂക്കേഷഷണല്‍ മള്‍ട്ടിമീഡിയാ റിസര്‍ച്ച് സെന്ററില്‍ വിവരമറിയിച്ചാല്‍ ഉപകാരമായേനെ. അവരത് ഡോക്യുമെന്ററി ആയി ചിത്രീകരിച്ച് ലോകത്തിന് മുന്‍പില്‍ പരിചയപ്പെടുത്തും. വിലാസം
Educational Multimedia Research Centre
University of Calicut
Calicut University PO
673636
ഫോണ്‍: 9446389502
emmrccalicut@yahoo.co.in
കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ച റഫീഖിന്റെ ചികില്‍സക്ക് ഇനിയും പണം ആവശ്യമുള്ളതുകൊണ്ട് അത് കൂടുതല്‍ ആളുകള്‍ കാണട്ടേ എന്നു കരുതിയാണ് പുതിയ പോസ്റ്റ് വൈകിച്ചത്
കഴിഞ്ഞ പോസ്റ്റ് വായിക്കാത്തവര്‍ വായിക്കുമല്ലോ, പണം എത്തിക്കാന്‍ കഴിവുള്ളവര്‍ അതും ചെയ്യുമല്ലോ
നന്ദി
Saturday, November 6, 2010
നണ്ടന്‍കിഴായയിലെ വിളക്ക് അണയാതിരിക്കട്ടെ...
![]() |
| റഫീഖ് മാഷ് കുട്ടികള്‍ക്കൊപ്പം |
ഒരു നാടിന് മുഴുവന്‍ വെളിച്ചമേകുന്ന ഒരേയൊരു വിളക്ക് എണ്ണ വറ്റി അണയാന്‍ ആയുന്നു എന്നു കേട്ടാല്‍ ഏതു മനുഷ്യസ്നേഹിക്കാണ് അടങ്ങിയിരിക്കാനാവുക?
എണ്ണ പകരാന്‍ നാടിനെ ഇരുട്ടില്‍ നിന്ന് മോചിപ്പിക്കാന്‍ നാം മല്‍സരിക്കും എന്ന് ഉറപ്പല്ലേ?
അങ്ങിനെയെങ്കില്‍ നണ്ടന്‍കിഴായ എന്ന പാലക്കാടന്‍ കുഗ്രാമത്തിന് നമ്മുടെ പിന്തുണ ആവശ്യമുണ്ട്. ആ നാടിന്റെ പ്രകാശവും പ്രത്യാശയുമായ റഫീഖ് മാഷ് (28 വയസ്) എണ്ണ വറ്റാറായ വിളക്കുപോലെ വേദനയുടെ കൂരിരുള്‍ ചുഴിയിലുഴലുകയാണ്.
പത്താംക്ലാസില്‍ നാട്ടില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ പാസായാണ് റഫീഖ് ഷൊര്‍ണൂര്‍ പോളി ടെക്നിക്കില്‍ ചേര്‍ന്നത്. അവിടെയും ഒന്നാമനായി മുന്നേറി. അതിനിടയിലെപ്പോഴോ വേദന അവനെ ഇടങ്കാലിട്ടു വീഴ്ത്തി. റുമത്തോയിഡ് ആര്‍ത്രൈറ്റിസ് രോഗമാണ് അവനെ കീഴ്പ്പെടുത്താന്‍ നോക്കിയത്. സന്ധികളിലെല്ലാം കൊല്ലുന്ന വേദന, എല്ലുകളെല്ലാം നുറുങ്ങുന്ന പോലെ. വരകളുടെയും കണക്കുകളുടെയും ക്ലാസ്മുറികള്‍ വിട്ട് മരുന്നുകളുടെയും സൂചികുത്തിന്റെയും കണക്കുകള്‍ മാത്രമുള്ള ഫിനോയില്‍ മണക്കുന്ന ആശുപത്രി മുറികളിലായി ജീവിതം. രോഗത്തെക്കാള്‍ കഠിനമായിരുന്നു പഠനം മുടങ്ങിയതിന്റെ വേദന. അല്‍പം ആശ്വാസമായപ്പോള്‍ അവന്‍ വീണ്ടും പോളിയിലേക്ക് വണ്ടി കയറി. ദുരിതങ്ങളും അവനു പിന്നാലെ... കാല്‍ നിലത്തുകുത്താന്‍ പറ്റാതായി. കോയമ്പത്തൂരിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി- ചികില്‍സകളും മരുന്നുകളും തുടര്‍ന്നില്ലെങ്കില്‍ കാലുമുറിച്ചുമാറ്റേണ്ടി വരുമെന്ന് പറഞ്ഞു ഡോക്ടറന്‍മാര്‍. തുടര്‍ചികില്‍സകള്‍ നടത്താല്‍ ത്രാണിയില്ലായിരുന്നു വൈക്കോല്‍ കച്ചവടക്കാരന്‍ കമാലണ്ണന്റെ മകന്. ഉള്ളതെല്ലാം പെറുക്കിക്കൊടുത്ത് അവിടെ നിന്ന് പേരു വെട്ടിച്ച് പോന്നു. പാലക്കാട് പോളിയില്‍ ചേര്‍ന്ന് പഠനം പുനരാരംഭിക്കാന്‍ ശ്രമിച്ചു. അവനേക്കാളേറെ വാശിയായിരുന്നു അസുഖത്തിന്. തല്‍ക്കാലം വേദന ജയിച്ചു. പക്ഷെ, ജീവിതം അസുഖക്കിടക്കയില്‍ ചുരുണ്ടുകൂടാനും ശപിച്ചുതീര്‍ക്കാനുമുള്ളതല്ലെന്ന് നിര്‍ബന്ധമുണ്ടായിരുന്നു റഫീഖിന്. ഊന്നുവടിയുടെ സഹായത്തോടെ വീട്ടിലേക്ക് വന്നപ്പോഴാണ് പഠിക്കാന്‍ ആഗ്രഹിച്ചിട്ടും അതിനു കഴിയാതെ പോയ അയല്‍പക്കത്തെ കുഞ്ഞനിയന്‍മാരെപ്പറ്റി ഓര്‍ത്തത്. അവരെ ഒപ്പം കൂട്ടി. മരുന്നുമേശയുടെ ഓരത്തിരുത്തി അവര്‍ക്ക് പാഠങ്ങള്‍ ചൊല്ലിപ്പഠിപ്പിച്ചു കൊടുത്തു. ഓണപ്പരീക്ഷക്ക് വട്ടപ്യൂജ്യം വാങ്ങി മണ്ടന്‍ വിളി കേട്ടു വന്ന പലരും ക്രിസ്തുമസ് പരീക്ഷയില്‍ മിടുക്കന്‍മാരും മിടുക്കികളുമായി, കൊല്ലപ്പരീക്ഷക്ക് കേമന്‍മാരായി. പഠിക്കാന്‍ ശേഷിയില്ലാതെ വര്‍ക്ഷാപ്പ് പണിക്കുപോകാന്‍ തുടങ്ങിയ പയ്യനായിരുന്നു റഫീഖിന്റെ ആദ്യ സ്റ്റുഡന്റ്. അവനിപ്പോള്‍ ബിരുദദാരി!റഫീഖ് പഠിപ്പിച്ചു വിട്ടവരില്‍ നാലുപേര്‍ ഇപ്പോള്‍ പഠിക്കുന്നത് വേദനകൊണ്ട് അവനെ വഴിമുടക്കിയ പാലക്കാട് പോളി ടെക്നിക്കില്‍.സേവനം റഫീഖിന് വേദനാസംഹാരിയായി. മരുന്നിന് വന്‍തുക ചിലവുണ്ടായിരുന്നു, അതിനിടെ വീണ്ടുമൊരു ഓപ്പറേഷനും വേണ്ടി വന്നു. അതോടെ കാര്യങ്ങള്‍ തീരെ വഷളായി. കാലുകളുടെ അവശേഷിച്ച സ്വാധീനശേഷിയും ഇല്ലാതായി.
ദൈവത്തിനു നന്ദി, അവന്റെ മനസ് ഉറപ്പിച്ചു നിര്‍ത്തിയതിന്. ദുരിതവഴിയില്‍ വീണുപോയ അവനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ പല നല്ല ശമരിയാക്കാരും വന്നു. പഠിക്കാന്‍ വന്ന കുട്ടികളില്‍ ചിലര്‍ കുഞ്ഞുകൈയില്‍ ചുരുട്ടിപ്പിടിച്ചുകൊണ്ടുവന്നു ചെറിയ ചില നോട്ടുകള്‍. തോല്‍ക്കാതെ മുന്നേറുന്ന അവന്റെ മനസിനെപ്പറ്റി മനോരമയിലും മാധ്യമത്തിലും വാര്‍ത്തകള്‍ വന്നു.മാഷിന്റെ ക്ലാസിലേക്ക് വരുന്ന കുട്ടികളെ ഉള്‍ക്കൊള്ളാന്‍ വീട്ടുചായ്പ്പിലെ ഒറ്റമുറി പോരാത്ത അവസ്ഥയായി. പ്രവൃത്തി സമയത്തിനു മുന്‍പും ശേഷവും സ്കൂളിലിരുത്തി ക്ലാസെടുത്തോളാന്‍ അനുമതി കൊടുത്തു വീടിനടുത്തുള്ള ആനക്കുഴിക്കാട് CHMKSM സ്കൂളധികൃതര്‍. റഫീഖിന് സന്തോഷമായി. ഒരു പക്ഷെ, തളര്‍ന്നുപോയ കാലുകള്‍ക്ക് സ്വാധീനശേഷി തിരിച്ചുകിട്ടിയാല്‍ പോലും അവന്‍ അത്ര മാത്രം സന്തോഷിക്കില്ലായിരുന്നു. കൂട്ടികള്‍ക്കൊപ്പം കളിയും ചിരിയുമായി കുറെ നാളുകള്‍, ഒരു പാട് സന്തോഷിക്കല്ലേ എന്നോര്‍മ്മപ്പെടുത്തിക്കൊണ്ട് ഇടക്കിടെ കുത്തിനോവിക്കുന്ന വേദന. അതിനിടെ നാട്ടിലെ ഒരുപാട് ചെറുപ്പക്കാരെ പി.എസ്.സി പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കാന്‍ അവനായി. റഫീഖ് ആത്മവിദ്യാലയം എന്നും കുട്ടികള്‍ ബെസ്റ്റ് കോച്ചിംഗ് സെന്റര്‍ എന്നും വിളിക്കുന്ന അവരുടെ പള്ളിക്കൂടത്തില്‍ ഇപ്പോള്‍ 200ലേറെ കുട്ടികള്‍. പഠിക്കാനും പാടാനും പ്രസംഗിക്കാനും സര്‍വോപരി നല്ല മനുഷ്യരായി വളരാനും റഫീഖ് ഈ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നു. ഊന്നുവടിമേല്‍ നടക്കുന്ന റഫീഖ് ആ നാട്ടുകാരെ കൈപിടിച്ച് നടത്തി.... നന്‍മയിലേക്ക് വിജയത്തിലേക്ക്..... നാട്ടിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന നല്ലൊരു ഗ്രന്ഥശേഖരം സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു റഫീഖ്
പക്ഷെ, വേദന പിന്നെയും വാശിയിലാണ്. വീട്ടിലവശേഷിച്ച പണം മുഴുവന്‍ മരുന്നിനു ചിലവിട്ടുകഴിഞ്ഞു.
കടുത്ത വേദനയുമായി രോഗക്കിടക്കയില്‍ പിടയുകയാണ് നണ്ടന്‍കിഴായയുടെ ഈ വിളക്ക്.കോയമ്പത്തൂരിലെ രാമകൃഷ്ണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇപ്പോഴൊരു ശസ്ത്രക്രിയ നിര്ദേശിച്ചിട്
അദ്ദേഹത്തിന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍
Rafeek NK
Account Number: 30968084386
SBI Muthalamada branch
Branch code: 11928
Subscribe to:
Posts (Atom)








