Saturday, November 6, 2010

നണ്ടന്‍കിഴായയിലെ വിളക്ക് അണയാതിരിക്കട്ടെ...

റഫീഖ് മാഷ് കുട്ടികള്‍ക്കൊപ്പം

ഒരു നാടിന് മുഴുവന്‍ വെളിച്ചമേകുന്ന ഒരേയൊരു വിളക്ക് എണ്ണ വറ്റി അണയാന്‍ ആയുന്നു എന്നു കേട്ടാല്‍ ഏതു മനുഷ്യസ്നേഹിക്കാണ് അടങ്ങിയിരിക്കാനാവുക?
എണ്ണ പകരാന്‍ നാടിനെ ഇരുട്ടില്‍ നിന്ന് മോചിപ്പിക്കാന്‍ നാം മല്‍സരിക്കും എന്ന് ഉറപ്പല്ലേ?
അങ്ങിനെയെങ്കില്‍ നണ്ടന്‍കിഴായ എന്ന പാലക്കാടന്‍ കുഗ്രാമത്തിന് നമ്മുടെ പിന്തുണ ആവശ്യമുണ്ട്. ആ നാടിന്റെ   പ്രകാശവും പ്രത്യാശയുമായ റഫീഖ് മാഷ് (28 വയസ്) എണ്ണ വറ്റാറായ വിളക്കുപോലെ വേദനയുടെ കൂരിരുള്‍ ചുഴിയിലുഴലുകയാണ്.
പത്താംക്ലാസില്‍ നാട്ടില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ പാസായാണ് റഫീഖ് ഷൊര്‍ണൂര്‍ പോളി ടെക്നിക്കില്‍ ചേര്‍ന്നത്. അവിടെയും ഒന്നാമനായി മുന്നേറി. അതിനിടയിലെപ്പോഴോ വേദന അവനെ ഇടങ്കാലിട്ടു വീഴ്ത്തി. റുമത്തോയിഡ് ആര്‍ത്രൈറ്റിസ് രോഗമാണ് അവനെ കീഴ്പ്പെടുത്താന്‍ നോക്കിയത്. സന്ധികളിലെല്ലാം കൊല്ലുന്ന വേദന, എല്ലുകളെല്ലാം നുറുങ്ങുന്ന പോലെ. വരകളുടെയും കണക്കുകളുടെയും ക്ലാസ്മുറികള്‍ വിട്ട് മരുന്നുകളുടെയും സൂചികുത്തിന്റെയും കണക്കുകള്‍ മാത്രമുള്ള ഫിനോയില്‍ മണക്കുന്ന ആശുപത്രി മുറികളിലായി ജീവിതം. രോഗത്തെക്കാള്‍ കഠിനമായിരുന്നു പഠനം മുടങ്ങിയതിന്റെ വേദന. അല്‍പം ആശ്വാസമായപ്പോള്‍ അവന്‍ വീണ്ടും പോളിയിലേക്ക് വണ്ടി കയറി. ദുരിതങ്ങളും അവനു പിന്നാലെ... കാല്‍ നിലത്തുകുത്താന്‍ പറ്റാതായി. കോയമ്പത്തൂരിലെ ആശുപത്രിയില്‍   ശസ്ത്രക്രിയ നടത്തി- ചികില്‍സകളും മരുന്നുകളും തുടര്‍ന്നില്ലെങ്കില്‍ കാലുമുറിച്ചുമാറ്റേണ്ടി വരുമെന്ന് പറഞ്ഞു ഡോക്ടറന്‍മാര്‍. തുടര്‍ചികില്‍സകള്‍ നടത്താല്‍ ത്രാണിയില്ലായിരുന്നു വൈക്കോല്‍ കച്ചവടക്കാരന്‍ കമാലണ്ണന്റെ മകന്. ഉള്ളതെല്ലാം പെറുക്കിക്കൊടുത്ത് അവിടെ നിന്ന് പേരു വെട്ടിച്ച് പോന്നു. പാലക്കാട് പോളിയില്‍ ചേര്‍ന്ന് പഠനം പുനരാരംഭിക്കാന്‍ ശ്രമിച്ചു. അവനേക്കാളേറെ വാശിയായിരുന്നു അസുഖത്തിന്. തല്‍ക്കാലം വേദന ജയിച്ചു.  പക്ഷെ, ജീവിതം അസുഖക്കിടക്കയില്‍ ചുരുണ്ടുകൂടാനും ശപിച്ചുതീര്‍ക്കാനുമുള്ളതല്ലെന്ന് നിര്‍ബന്ധമുണ്ടായിരുന്നു റഫീഖിന്. ഊന്നുവടിയുടെ സഹായത്തോടെ വീട്ടിലേക്ക് വന്നപ്പോഴാണ് പഠിക്കാന്‍ ആഗ്രഹിച്ചിട്ടും അതിനു കഴിയാതെ പോയ അയല്‍പക്കത്തെ കുഞ്ഞനിയന്‍മാരെപ്പറ്റി ഓര്‍ത്തത്. അവരെ ഒപ്പം കൂട്ടി. മരുന്നുമേശയുടെ ഓരത്തിരുത്തി അവര്‍ക്ക് പാഠങ്ങള്‍ ചൊല്ലിപ്പഠിപ്പിച്ചു കൊടുത്തു. ഓണപ്പരീക്ഷക്ക് വട്ടപ്യൂജ്യം വാങ്ങി മണ്ടന്‍ വിളി കേട്ടു വന്ന പലരും ക്രിസ്തുമസ് പരീക്ഷയില്‍ മിടുക്കന്‍മാരും മിടുക്കികളുമായി, കൊല്ലപ്പരീക്ഷക്ക് കേമന്‍മാരായി. പഠിക്കാന്‍ ശേഷിയില്ലാതെ വര്‍ക്ഷാപ്പ് പണിക്കുപോകാന്‍ തുടങ്ങിയ പയ്യനായിരുന്നു റഫീഖിന്റെ ആദ്യ സ്റ്റുഡന്റ്. അവനിപ്പോള്‍ ബിരുദദാരി!റഫീഖ് പഠിപ്പിച്ചു വിട്ടവരില്‍ നാലുപേര്‍ ഇപ്പോള്‍ പഠിക്കുന്നത് വേദനകൊണ്ട് അവനെ വഴിമുടക്കിയ പാലക്കാട് പോളി ടെക്നിക്കില്‍.സേവനം റഫീഖിന് വേദനാസംഹാരിയായി. മരുന്നിന് വന്‍തുക ചിലവുണ്ടായിരുന്നു, അതിനിടെ വീണ്ടുമൊരു ഓപ്പറേഷനും വേണ്ടി വന്നു. അതോടെ കാര്യങ്ങള്‍ തീരെ വഷളായി. കാലുകളുടെ അവശേഷിച്ച സ്വാധീനശേഷിയും ഇല്ലാതായി.
ദൈവത്തിനു നന്ദി, അവന്റെ മനസ് ഉറപ്പിച്ചു നിര്‍ത്തിയതിന്.  ദുരിതവഴിയില്‍ വീണുപോയ അവനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ പല നല്ല ശമരിയാക്കാരും വന്നു. പഠിക്കാന്‍ വന്ന കുട്ടികളില്‍ ചിലര്‍ കുഞ്ഞുകൈയില്‍ ചുരുട്ടിപ്പിടിച്ചുകൊണ്ടുവന്നു ചെറിയ ചില നോട്ടുകള്‍. തോല്‍ക്കാതെ മുന്നേറുന്ന അവന്റെ മനസിനെപ്പറ്റി മനോരമയിലും മാധ്യമത്തിലും വാര്‍ത്തകള്‍ വന്നു.മാഷിന്റെ ക്ലാസിലേക്ക് വരുന്ന കുട്ടികളെ ഉള്‍ക്കൊള്ളാന്‍ വീട്ടുചായ്പ്പിലെ ഒറ്റമുറി പോരാത്ത അവസ്ഥയായി. പ്രവൃത്തി സമയത്തിനു മുന്‍പും ശേഷവും സ്കൂളിലിരുത്തി ക്ലാസെടുത്തോളാന്‍ അനുമതി കൊടുത്തു വീടിനടുത്തുള്ള ആനക്കുഴിക്കാട് CHMKSM സ്കൂളധികൃതര്‍. റഫീഖിന് സന്തോഷമായി. ഒരു പക്ഷെ, തളര്‍ന്നുപോയ കാലുകള്‍ക്ക് സ്വാധീനശേഷി തിരിച്ചുകിട്ടിയാല്‍ പോലും അവന്‍ അത്ര മാത്രം സന്തോഷിക്കില്ലായിരുന്നു. കൂട്ടികള്‍ക്കൊപ്പം കളിയും ചിരിയുമായി കുറെ നാളുകള്‍, ഒരു പാട് സന്തോഷിക്കല്ലേ എന്നോര്‍മ്മപ്പെടുത്തിക്കൊണ്ട് ഇടക്കിടെ കുത്തിനോവിക്കുന്ന വേദന. അതിനിടെ നാട്ടിലെ ഒരുപാട് ചെറുപ്പക്കാരെ പി.എസ്.സി പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കാന്‍ അവനായി. റഫീഖ് ആത്മവിദ്യാലയം എന്നും കുട്ടികള്‍ ബെസ്റ്റ് കോച്ചിംഗ് സെന്റര്‍ എന്നും വിളിക്കുന്ന അവരുടെ പള്ളിക്കൂടത്തില്‍ ഇപ്പോള്‍ 200ലേറെ കുട്ടികള്‍. പഠിക്കാനും പാടാനും പ്രസംഗിക്കാനും സര്‍വോപരി നല്ല മനുഷ്യരായി വളരാനും റഫീഖ് ഈ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നു.  ഊന്നുവടിമേല്‍ നടക്കുന്ന റഫീഖ് ആ നാട്ടുകാരെ കൈപിടിച്ച് നടത്തി.... നന്‍മയിലേക്ക് വിജയത്തിലേക്ക്..... നാട്ടിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന നല്ലൊരു ഗ്രന്ഥശേഖരം സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു റഫീഖ്
പക്ഷെ,   വേദന പിന്നെയും വാശിയിലാണ്. വീട്ടിലവശേഷിച്ച പണം മുഴുവന്‍ മരുന്നിനു ചിലവിട്ടുകഴിഞ്ഞു.  
കടുത്ത വേദനയുമായി രോഗക്കിടക്കയില്‍ പിടയുകയാണ് നണ്ടന്‍കിഴായയുടെ ഈ വിളക്ക്.കോയമ്പത്തൂരിലെ രാമകൃഷ്ണ ആശുപത്രിയിലെ  ഡോക്ടര്‍മാര്‍ ഇപ്പോഴൊരു ശസ്ത്രക്രിയ  നിര്‍ദേശിച്ചിട്ടുണ്ട്. ചെലവ് മൂന്നര ലക്ഷം രൂപ. ഈ അവസരത്തില്‍ റഫീഖിനെ സഹായിക്കുക എന്നത് നാം നേരത്തേ പറഞ്ഞതുപോലെ ഒരു നാടിന് വിളക്കുകൊളുത്തി നല്‍കലാണ്. ഈ നിര്‍ണായക ഘട്ടത്തില്‍ റഫീഖിന് താങ്ങുവടിയാവാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ kudivellam@gmail.com എന്ന വിലാസത്തില്‍ എഴുതുക.  റഫീഖുമായി നേരില്‍ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍   9349858225 എന്ന നമ്പറില്‍ വിളിക്കുക.   rafeek.bcc@gmail.com എന്നാണ് ഇ മെയില്‍ വിലാസം.ഇങ്ങിനെ ഒരു ബ്ലോഗ് പോസ്റ്റ് വരുമെന്ന് റഫീഖ് ഒരിക്കലും കരുതിക്കാണില്ല. അറിഞ്ഞിരുന്നെങ്കില്‍ അഭിമാനിയായ അവന്‍ സമ്മതിക്കുമോ എന്നും ഉറപ്പില്ല. പക്ഷെ, അവന് വേദനിക്കുമ്പോള്‍ പുളയേണ്ടത് നമ്മുടെ അഭിമാനമാണ്.  റഫീഖ് അസുഖക്കിടക്ക വിട്ടെഴുന്നേല്‍ക്കണമെന്ന് നമുക്ക് വാശിപിടിക്കണം, അതിന് നമ്മളാലാവുന്നതെല്ലാം ചെയ്യണം. നണ്ടന്‍കിഴായക്കുമാത്രമല്ല  ഈ നാടിനു മുഴുവന്‍ പ്രചോദനമായി അവന്‍ എന്നും തെളിഞ്ഞു കത്തണം. 

അദ്ദേഹത്തിന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ 
Rafeek NK
Account Number: 30968084386
SBI Muthalamada branch
Branch code: 11928

 റഫീഖിന്റെ ബ്ലോഗുകള്‍ സൌകര്യം പോലെ വായിക്കുക