Wednesday, November 2, 2011

എന്‍ഡോസള്‍ഫാന്‍ തേച്ചാണോ നിങ്ങള്‍ കുഞ്ഞിനെ കുളിപ്പിക്കുന്നത് ?


എന്‍ഡോസള്‍ഫാന്‍ തേച്ചാണോ നിങ്ങള്‍ കുഞ്ഞിനെ കുളിപ്പിക്കുന്നത് ?നിങ്ങളുടെ കുഞ്ഞിന് ഏത് സോപ്പാണ് ഉപയോഗിക്കുന്നത്്? ഷാമ്പു? ബേബി ഓയില്‍...?
നൂറില്‍ തൊണ്ണൂറു പേരും ജോണ്‍സ.... എന്നു തുടങ്ങുന്ന ഉത്തരം പറയുമെന്ന് ഉറപ്പാണ്
നമ്മുടെ കുഞ്ഞിന് ഏറ്റവും നല്ലത് നല്‍കണമെന്ന ആഗ്രഹവും പരസ്യങ്ങളുടെ പൊലിമയുമാണ്
വിലക്കൂടിയ ഈ ഉല്‍പ്പന്നം തന്നെ തിരഞ്ഞെടുക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്
എന്നാല്‍ കുഞ്ഞിന് നല്‍കുന്നത് ഏറ്റവും നല്ലത് തന്നെയാണ് എന്ന് സമാധാനിക്കാന്‍ വരട്ടെ
ജോണ്‍സന്‍ ഉള്‍പ്പടെയുള്ള കുട്ടികളുടെ ഉല്‍പ്പന്നങ്ങളില്‍ മാരക രോഗങ്ങള്‍ക്ക് ഇടവരുത്തുന്ന കടുത്ത രാസ വസ്തുക്കള്‍ ഉള്ളവിവരം
പലതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വ്യാജവൈദ്യന്‍മാരെപ്പോലെ തന്നെ  പരസ്യങ്ങളുടെ പിന്തുണയോടെ അവര്‍ വിപണി വാഴുന്നു.
അമേരിക്കയില്‍ ലഭിക്കുന്ന ജോണ്‍സന്‍ ഉല്‍പ്പന്നങ്ങളില്‍ മുതിര്‍ന്നവര്‍ക്കുപോലും ഹാനികരമായ രാസപദാര്‍ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതോടെ അവിടെ ഉപഭോക്താക്കള്‍ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. കാന്‍സറിന് കാരണമാവുന്ന ഫോര്‍മാല്‍ഡിഹൈഡ് ഉല്‍പാദിപ്പിക്കുന്ന വസ്തുക്കളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ക്വാളിറ്റി പരിശോധനയുടെയും കണ്‍സ്യൂമര്‍ പരിരക്ഷയുടെയും പറുദീസയായ അമേരിക്കയില്‍ ഇതാണ് അവസ്ഥയെങ്കില്‍ നാട്ടില്‍ കിട്ടുന്ന ബേബി ഓയിലില്‍ എന്‍ഡോസള്‍ഫാന്‍ ചേര്‍ത്തിട്ടില്ലെങ്കിലേ അല്‍ഭുതമുള്ളൂ. അമേരിക്കയുടെ യുദ്ധഫണ്ടിലേക്ക് വന്‍ സംഭാവന നല്‍കുന്ന ഇത്തരം സൌന്ദര്യവര്‍ധക ഔഷധ കമ്പനികള്‍ സകല മര്യാദകളും ലംഘിച്ചുകൊണ്ടുള്ള കച്ചവടങ്ങളും മരുന്നുപരീക്ഷണങ്ങളും നടത്തിവരികയാണ്. സമ്പദ്വ്യവസ്ഥക്ക് നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്ത് ഇസ്രയേല്‍  ജൂബിലി അവാര്‍ഡ് നല്‍കി ജോണ്‍സണ്‍ കമ്പനിയെ ആദരിച്ചതിന്റെ കാരണവും മറ്റൊന്നല്ല.

ഓര്‍ക്കുക:  പരസ്യത്തില്‍ കാണുന്ന വിലകൂടിയ ഉല്‍പ്പന്നം വാങ്ങി കുഞ്ഞിന്റെ ദേഹത്ത് പുരട്ടുന്നവരല്ല നല്ല മാതാപിതാക്കള്‍
തേങ്ങാപ്പാല്‍, തേങ്ങാപ്പാല്‍ വേവിച്ചുണ്ടാക്കുന്ന വെളിച്ചെണ്ണ, തേങ്ങാപ്പിണ്ണാക്ക് എന്നിവയേക്കാള്‍ കുട്ടികള്‍ക്ക് ഗുണകരമായ ഒരു ബേബി ഓയിലും സോപ്പും ഇല്ല. കടയില്‍ നിന്ന് വാങ്ങുന്ന  പല പാക്കറ്റ് വെളിച്ചെണ്ണയിലും ഇപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നമായ പാരഫിന്‍ ചേര്‍ത്താണ് ലഭിക്കുന്നത്. ചെറുപയര്‍ പൊടിയും കടലമാവും ശരീരത്തിനു നല്ലതു തന്നെ, പക്ഷെ അതിന്റെ വാസന എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല

താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകള്‍ വായിക്കാന്‍ സമയം കണ്ടെത്തുമല്ലോ
മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ബ്ലോഗുകളിലോ പത്രമാധ്യമങ്ങളിലോ (പത്രങ്ങള്‍ പ്രസിദ്ധീകരിക്കുമോ ആവോ) പ്രസിദ്ധീകരിക്കുന്നത്
നന്നായിരുന്നു.
 http://www.babyzone.com/safety/article/toxins-baby-bath-products

http://boycottjohnsonandjohnson.blogspot.com


Monday, April 11, 2011

തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം; തല നരക്കാത്തതല്ലെന്‍ യുവത്വവും;

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഒരു പ്രസംഗത്തില്‍ ഒരു കവിതയുടെ രണ്ടുവരികള്‍ ഉദ്ധരിച്ചതായി പത്രത്തില്‍ വായിച്ചുവല്ലോ
ആ കവിതയുടെ പശ്ചാത്തലം അറിയുവാന്‍ സുഹൃത്തുക്കള്‍ക്ക് താല്‍പര്യം കാണുമെന്ന് കരുതുതുന്നു.
കവിത എഴുതിയത് സ്വാതന്ത്ര്യസമരസേനാനി ടി.എസ്. തിരുമുമ്പ് എന്ന മാന്യദേഹമാണ്. (താഴേക്കാട്ടു തിമിരിമനയില്‍ സുബ്രഹ്മണ്യന്‍ തിരുമുമ്പ് എന്നാണ് പൂര്‍ണമായ പേര്.)പ്രായക്കൂടുതലായതു കൊണ്ട് അഭിനവ് ഭാരത് യുവസംഘം എന്ന സംഘടനയില്‍ അംഗത്വം നല്‍കാത്തതിന് പ്രതികരണമായാണ് ഈ കവിത എഴുതിയത്. എത്ര സര്‍ഗാത്മകമായ പ്രതിഷേധമെന്ന് നോക്കൂ..
ഇക്കാലത്ത് അംഗത്വം നല്‍കിയില്ലെങ്കില്‍ പിളരും, പുതിയ സംഘടന ഉണ്ടാക്കി നോട്ടീസടിയും പിരിവും തുടങ്ങും, ശത്രു സംഘടനയില്‍ പോയി ചേരും..എന്നെ വേണ്ടവിധം ഉപയോഗിച്ചില്ലാ എന്ന് കരഞ്ഞ് പറഞ്ഞ് നടക്കും...

ടി.എസ്. തിരുമുമ്പ്


തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം;
തല നരക്കാത്തതല്ലെന്‍ യുവത്വവും;

പിറവിതൊട്ടു നാളെത്രയെന്നെണ്ണുമ-
പ്പതിവുകൊണ്ടല്ലളപ്പതെന്‍ യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍
തലകുനിക്കാത്ത ശീലമെന്‍ യൗവനം;

ധനികധിക്കൃതിതന്‍ കണ്ണുരുട്ടലില്‍
പനിപിടിക്കാത്ത ശീലമെന്‍ യൗവനം;
വിഷമഘട്ടത്തിലേതിലും ചെറ്റുമേ-
പതറിടാത്ത ഹൃദയമെന്‍ യൗവനം!
വിരിവൊടക്രമം ചീറ്റിയടുക്കുമ്പോള്‍
പൊരുതുവാനാഞ്ഞണഞ്ഞെത്തുമക്ഷമ;
വഴിമുടക്കുന്ന മാമൂല്‍തലകളെ
പിഴുതെടുക്കുന്ന തീവ്രാസഹിഷ്ണുത;
പ്രതിനിമിഷം വളരാന്‍-വികസിക്കാന്‍-
കൊതിപെരുകിയുഴറുമശാന്തത;
അവശലോകത്തെ ഞെക്കിഞ്ഞെരുക്കുന്ന
ദുരധികാരത്തെ വെല്ലുവിളിക്കുവാന്‍,
പ്രഭുതതന്‍ വിഷപ്പല്ലു പറിക്കുവാന്‍,
വിഭുതയാളുമമോഘസുധീരത;
ഭയമൊരിത്തിരി തീണ്ടാത്ത പൗരുഷം;
അലസത ചളി തേക്കാത്ത ജീവിതം;
വിവിധ ദുഃഖങ്ങളാര്‍ത്തടുക്കുമ്പോഴും
വിരളമാവാത്ത ദുര്‍ദ്ധര്‍ഷവിക്രമം;
ജയലഹരിയില്‍ മങ്ങാത്ത തന്റേടം;
അപജയത്തില്‍ കലങ്ങാത്ത സൗഹൃദം;
ഇവയെഴുന്നോര്‍ സദാപി യുവാക്കന്മാ,-
രിവരയെഴാത്തവര്‍ വൃദ്ധരില്‍ വൃദ്ധരും!
നിരുപമം യുവലോകമുച്ഛൃംഖലം
സമരസന്നാഹമുണ്ടൊന്നൊരുക്കുന്നു!
ഉദധിയേഴും കലങ്ങിമറിയുമാ-
റഖിലലോകവും ഞെട്ടുന്ന മട്ടിലും
പഴകിജീര്‍ണ്ണിച്ചൊരിസ്സമുദായത്
    തിന്‍- ഘടന മാറ്റിപ്പുതുക്കിപ്പണിയുവാന്‍ ഒരുമയോടൊരുമ്പെട്ട യുവത്വത്തിന്‍- സമരകാഹളമുണ്ടതാ കേള്‍ക്കുന്നു! അലയടിച്ചാര്‍ത്തിരമ്പുന്ന വിപ്ലവ- ക്കടലിളകിമറിഞ്ഞു വരുന്നതാ! കരുതിനില്‍ക്കുക! രുഷ്ടസാമ്രാജ്യമേ! കരുതിനില്‍ക്കുക! ദുഷ്ടപ്രഭുത്വമേ! നിജനിജാധികാരായുധമൊക്കെയും നിജശിരസ്സറ്റുവീഴുന്നതിന്‍മുമ്പെ, അണിനിരക്കുന്ന യുവജനശക്തിതന്‍- നികടഭൂവിലടിയറവെക്കുക!
     
     

Tuesday, March 29, 2011

ആലുക്കാസ് കത്തിയപ്പോള്‍ ആരും ചോദിക്കാഞ്ഞത്...

 കുടിവെള്ളം ബ്ലോഗില്‍ ഇക്കുറി ഒരു ഗസ്റ്റ് പോസ്റ്റ് ആണ്. പത്രമാധ്യമങ്ങള്‍ ഒന്നടങ്കം കണ്ണടച്ച ഒരു സുപ്രധാന വിഷയത്തെക്കുറിച്ച് എം.അബ്ദുല്‍ റഷീദ് എന്ന സുഹൃത്ത് തയ്യാറാക്കിയ ചിന്തോദ്ദീപമായ ലേഖനമാണിത്. ജനങ്ങളെ ഒട്ടാകെ ബാധിക്കുന്ന ഒരു പ്രശ്നമാണെങ്കിലും മാധ്യമങ്ങള്‍ ഇത് ഒരു ചര്‍ച്ചയാക്കാത്ത സ്ഥിതിക്ക് സമാന്തര മാധ്യമ സംവിധാനങ്ങളും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും ഉപയോഗിച്ച് ഇത്തരം വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്ന് ഞങ്ങളാഗ്രഹിക്കുന്നു. ഈ കുറിപ്പ് ഫോര്‍വേര്‍ഡ് ചെയ്യുന്നവര്‍ എഴുത്തുകാരന്റെ പേരും ഇ മെയില്‍ വിലാസവും ചേര്‍ക്കാന്‍ വിട്ടുപോകരുത് എന്നോര്‍മിപ്പിക്കട്ടെ

Sunday, February 27, 2011

ഇല്ല, ഉന്തുവണ്ടിക്കാരന്‍ എയിഡ്സ് പരത്തില്ല


                                             
കഴിഞ്ഞ ദിവസം കുടിവെള്ളം ഗ്രൂപ്പിലേക്ക് അയച്ചുകിട്ടിയ ഒരു മെയിലാണ് ഈ പോസ്റ്റിനു കാരണം
ബാംഗ്ലൂരില്‍ ഒരു ബാലന് എയിഡ്സ് പിടിപെട്ടതിന്റെ കാരണമാണ് മെയിലിന്റെ ഉള്ളടക്കം.
അത് ചുരുക്കി പറയാം:
പത്തുവയസുകാരന്‍ പയ്യന്‍ പതിനഞ്ച് ദിവസം മുന്‍പൊരു കഷ്ണം പൈനാപ്പിള്‍ തിന്നെത്രേ.
കഴിച്ചു കഴിഞ്ഞതും കുട്ടിക്ക് വയ്യായ്ക. ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോ
രോഗം എയിഡ്സ്!! വീട്ടുകാര്‍ ആകെ പേടിച്ച് മുഴുവന്‍ കുടുംബാംഗങ്ങളും പരിശോധിച്ചുനോക്കി
വേറെ ഒരാള്‍ക്കും കുഴപ്പങ്ങളില്ല. പുറത്തു നിന്ന് വല്ലതും കഴിച്ചിരുന്നോ എന്ന് ഡോക്ടര്‍ അന്വേഷിച്ചപ്പോള്‍ വഴിയോരത്തെ കടയില്‍ നിന്ന് ഒരു കഷണം പൈനാപ്പിള്‍ വാങ്ങിത്തിന്ന കാര്യം കുട്ടി ഓര്‍മിച്ചു.
ആശുപത്രിക്കാര് ചെന്ന് വില്‍പനക്കാരനെ പരിശോധിച്ചപ്പോള്‍ പൈനാപ്പിള്‍ കഷ്ണിക്കുന്നതിനിടെ അയാളുടെ കൈയില്‍ ഒരു മുറിവു പറ്റിയിരുന്നതായി അറിഞ്ഞു
പരിശോധിച്ചപ്പോള്‍ അയാള്‍ക്ക് എയിഡ്സ് ഉണ്ടെന്നും തെളിഞ്ഞു.
വഴിയോരത്തെ കച്ചവടക്കാരന്റെ കൈയില്‍ പറ്റിയ മുറിവില്‍ നിന്ന് ഉറ്റിയ രക്തതുള്ളി പറ്റിയ
പൈനാപ്പിള്‍ കഴിച്ചതു കൊണ്ട് ഒന്നുമറിയാത്ത ഈ പാവം കുട്ടിക്ക്
എയിഡ്സ് പിടിച്ചെന്നും ഇനിമുതല്‍ വഴിവക്കില്‍ വില്‍ക്കുന്ന ഭക്ഷണങ്ങള്‍ വാങ്ങിക്കഴിക്കുമ്പോള്‍
സൂക്ഷിക്കണമെന്നുമുള്ള ഉപദേശത്തോടെയാണ് മെയില്‍ അവസാനിക്കുന്നത്.
എല്ലാവര്‍ക്കും ഇത് ഫോര്‍വേര്‍ഡ് ചെയ്തുകൊടുക്കണമെന്ന ആഹ്വാനവുമുണ്ട്.
ഈ കിട്ടിയ ഞെട്ടിക്കുന്ന വിവരം മറ്റു സുഹൃത്തുക്കള്‍ അറിയുകയും ജാഗ്രത പാലിക്കുകയും ചെയ്യട്ടെ എന്ന ഉദ്ദേശത്തോടെയാണ്
ഒരു സുഹൃത്ത് ഇത് കുടിവെള്ളം ഗ്രൂപ്പിലേക്ക് അയച്ചു തന്നത്.  മുന്നറിയിപ്പെന്നും ഉപകാരപ്രദമെന്നും തോന്നിപ്പിക്കുന്ന ചില മെയിലുകള്‍ വഴി
പലരും പലവിധ അജണ്ടകള്‍ നടപ്പാക്കുന്ന കാലമാകയാല്‍ ഈ വിഷയത്തില്‍ വിദഗ്ധ ഉപദേശം തേടിയ ശേഷം ഗ്രൂപ്പില്‍ ഫോര്‍വേര്‍ഡ് ചെയ്യാമെന്ന് തീരുമാനിച്ചു.
ഇ മെയില്‍ വിലാസം ലഭ്യമായിരുന്ന ഒരുപറ്റം ആരോഗ്യ വിദഗ്ദര്‍ക്ക് നടേ പറഞ്ഞ മെയില്‍ അയച്ചുകൊടുത്ത് അഭിപ്രായം ആരാഞ്ഞു
ഡോ. ദീപു സുകുമാരന്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകനായ ഡോ. ഷാജി ആലുങ്കല്‍,
മഞ്ചേരി ഗവ.യുനാനി ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.അനീസ് റഹ്മാന്‍ എന്നിവര്‍ വളരെ പെട്ടെന്നു തന്നെ കൃത്യവും വിശദവുമായ മറുപടി നല്‍കി. ശാസ്ത്രലേഖനങ്ങള്‍ എഴുതുന്ന ഡോ. മനോജ് കോമത്ത് രസകരമായ ഒരു ഇന്റര്‍നെറ്റ് ലിങ്കും അയച്ചുതന്നു.
ആരോഗ്യവിദഗ്ദരുടെ മറുപടികളുടെ പൊതുവായ ഉത്തരം:
ഇ-മെയിലില്‍ ലഭിച്ച സന്ദേശം ശുദ്ധ തട്ടിപ്പാണ്!
എയിഡ്സ് രോഗിയുടെ കയ്യില്‍ നിന്ന് പൈനാപ്പിള്‍ വാങ്ങിത്തിന്ന ദിവസം തന്നെ കുട്ടിക്ക് രോഗം പിടിച്ചു എന്നായിരുന്നല്ലോ മെയിലില്‍ ലഭിച്ച വിവരം. എങ്കില്‍ കേട്ടോളൂ
ഒരു മഴകൊണ്ടാല്‍ പിറ്റേന്ന് ജലദോഷവും തണുത്തത് കഴിച്ചാല്‍ തൊണ്ടവേദയും പിടിക്കുന്നതു പോലെ നേരമിരുട്ടിവെളുക്കുമ്പോഴേക്കും പിടിപെടുന്ന രോഗമല്ല എയിഡ്സ്. ഫുഡ്ഡിലൂടെയല്ല, ബ്ലഡ്ഡിലൂടെ പകരുന്ന രോഗമാണിത്.
എയിഡ്സിനു കാരണമാകുന്ന HIV (Human immunodeficiency virus) ബാധിച്ചാല്‍ തന്നെ ഏഴുമുതല്‍ പത്തു വര്‍ഷം കഴിഞ്ഞേ രോഗലക്ഷണം പ്രകടമാവൂ.ലോകത്തെ മുഴുവന്‍ കിടുകിടാ വിറപ്പിക്കുന്നവനെങ്കിലും അന്തരീക്ഷ ഊഷ്മാവിലെത്തിയാല്‍ മുട്ടുവിറച്ച് ചത്തുപോകുന്നവനാണ് ഈ വൈറസ് എന്നുകൂടി അറിയുക.  

 ഒരു ബംഗാളി തെരുവില്‍ നിന്ന് ജോയ്ദീപ് ചക്രവര്‍ത്തി പകര്‍ത്തിയത്
                                                           
ആലോചിച്ച് നോക്കുമ്പോള്‍ എയിഡ്സിനെക്കുറിച്ച് അനാവശ്യ ഭീതി സൃഷ്ടിക്കുക മാത്രമല്ല മെയില്‍ പടച്ചുണ്ടാക്കിയവരുടെ ലക്ഷ്യം, മറിച്ച് ഏറ്റവും കുറഞ്ഞ ചിലവില്‍ ഏറ്റവും സന്തോഷത്തോടെ നമ്മെ ഊട്ടുന്ന, ഒരുപാട് ഒരുപാട് വയറുകളെ വിശപ്പിന്റെ കാഠിന്യത്തില്‍ നിന്ന് കാത്തുരക്ഷിക്കുന്ന വഴിയോര ഭക്ഷണശാലകളെക്കുറിച്ച് ഭയം വളര്‍ത്തല്‍ കൂടിയാണ്.
പതിറ്റാണ്ടുകളായി ദുര്‍ഭരണം നടത്തിപ്പോന്ന ക്രൂരഭരണാധികാരിയെ താഴെയിറക്കാന്‍ഇന്റര്‍നെറ്റും ഇ മെയിലും  ഉപയോഗിക്കാമെന്ന്  ഈജിപ്റ്റുകാര്‍ തെളിയിക്കുമ്പോള്‍
വഴിയോരത്ത് തട്ട്ദോശയും മുട്ടപൊരിച്ചതും വിറ്റ് ജീവിക്കുന്ന പാവങ്ങളുടെ കഞ്ഞിയില്‍
ഇ മെയില്‍ വഴി മണ്ണുവാരിയിടാനാണ്  നമുക്ക് താല്‍പര്യം. കഷ്ടം തന്നെ!

Wednesday, February 9, 2011

ജെ.എന്‍.യു അകലെയല്ല

ജെ.എന്‍.യുവില്‍ പഠിക്കണമെന്ന് വലിയ മോഹമായിരുന്നു, സാധിച്ചില്ല എന്ന് പലരും പറഞ്ഞ് കേള്‍ക്കാറുണ്ട്. ജെ.എന്‍.യുവോ അതെന്താ എന്ന് ചോദിക്കുന്നവരുമുണ്ട്.
വളരെ കുറഞ്ഞ ചിലവില്‍ ഏറ്റവും മികച്ച അന്തരീക്ഷത്തില്‍ ഏറ്റവും മിടുക്കരായ അധ്യാപകരുടെ ശിക്ഷണത്തില്‍ ഏറ്റവും അമൂല്യമായ ഗ്രന്ഥാലയങ്ങളുടെയും കൂട്ടുകാരുടെയും സുഹൃത് വലയത്തില്‍ പഠിക്കാന്‍ കഴിയുക എന്നത് നിസാര കാര്യമല്ല. ഈ കേന്ദ്ര സര്‍വകലാശാലയെക്കുറിച്ച് അറിയുന്ന പലര്‍ക്കും അവിടുത്തെ അഡ്മിഷന്‍ സമയം അറിയില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീപന്തങ്ങളെയും  പണ്ഡിതരെയും ബുദ്ധിജീവികളെയും സംഭാവന ചെയ്ത ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എന്ന  ചരിത്ര കലാലയത്തില്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴിതാ അവസരം. 2011-12 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷാ ഫോറം വിതരണം ആരംഭിച്ചിരിക്കുന്നു. 

                                       

അപേക്ഷാ ഫോറം തപാലില്‍ ലഭിക്കാന്‍ 300 രൂപയുടെ ഡിഡി അയക്കണം. നേരില്‍ വാങ്ങുകയാണെങ്കില്‍ 200 രൂപ മതിയാവും. ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്ക് (ബി.പി.എല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ) അപേക്ഷാഫോറം സൌജന്യമായി ലഭിക്കും.
തപാലില്‍ വാങ്ങുന്നവര്‍ സ്വന്തം വിലാസമെഴുതിയ 30 cms X 25 cms കവര്‍ സഹിതം  the Section Officer (Admissions), Room No. 28, Administrative Block, Jawaharlal Nehru University, New Delhi110067 എന്ന വിലാസത്തില്‍ മാര്‍ച്ച് 10നകം അപേക്ഷിക്കണം. മണി ഓര്‍ഡര്‍, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല. സ്വകാര്യ കൊറിയര്‍ വഴി  അപേക്ഷിക്കാതിരിക്കുന്നത് ഉത്തമം.
കോളേജിലെ കൌണ്ടറില്‍ മാര്‍ച്ച് 21വരെ ഫോറം നേരിട്ട് വാങ്ങാം.
പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 21
പൈസ മുടക്കി അപേക്ഷിച്ച് ദല്‍ഹി വരെപോയി എന്‍ട്രന്‍സ് പരീക്ഷ എഴുതിയിട്ട് കിട്ടാതെ വന്നാലോ  എന്നോര്‍ത്ത് അപേക്ഷിക്കാതിരിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ കേട്ടോളൂ പ്രവേശന പരീക്ഷ എഴുതാന്‍ ദല്‍ഹി വരെ പോവണ്ട. കേരളത്തിലെ മുഖ്യ നഗരങ്ങളിലടക്കം ഇന്ത്യയിലെ 51 സ്ഥലങ്ങളില്‍ വെച്ചാണ് മെയ് മാസം മധ്യത്തില്‍ പ്രവേശന പരീക്ഷ നടക്കുക. അഡ്മിഷന്‍ കിട്ടിയാല്‍ പഠന ചിലവ് വളരെ കുറവ് മാത്രം. മികച്ച സൌകര്യങ്ങളുള്ള ഹോസ്റ്റലിലെ താമസത്തിനും  രുചിയുള്ള ഭക്ഷണം കിട്ടുന്ന കാന്റീനും നിസാര തുക നല്‍കിയാല്‍ മതി.
താല്‍പര്യം തോന്നുന്നുണ്ടോ? എങ്കില്‍ ഉടന്‍ തന്നെ ജെ.എന്‍.യു വിന്റെ സൈറ്റിലൊന്ന് കേറി നോക്കിയാട്ടെ  www.jnu.ac.in
ഉചിതമായ കോഴ്സ് ഏതെന്ന് കണ്ടുപിടിച്ച് അപേക്ഷിക്കാനുള്ള കാര്യങ്ങള്‍ ഉടന്‍ ചെയ്യുക. താങ്കളുടെ സുഹൃത്തുക്കളോട് അവരുടെ കുട്ടികളോട് എല്ലാം ഇക്കാര്യം പറയുക. പ്രദേശത്തെ പള്ളികളിലും ക്ലബുകളിലും വായനശാലകളിലും ഇക്കാര്യം അറിയിച്ച് നോട്ടീസ് പതിക്കുക.
അവസരം പാഴാക്കാതിരിക്കുക.............ഈ നാടിന്  ആവശ്യമുണ്ട്-
താങ്കളുടെ അറിവിന്റെ, ചിന്തയുടെ കരുത്ത്

Friday, January 21, 2011

അമല്‍ നീരദേ, അസിമാനന്ദ് എന്നപേരില്‍ സിനിമയെടുക്കാമോ?

അമല്‍ നീരദിന്റെ അന്‍വര്‍ സിനിമയില്‍ പൃഥിരാജ്

  സത്യം എന്നും അമല്‍നീരദിന്റെ സിനിമ പോലെയാണ്-എന്നുവെച്ചാല്‍ കോപ്പിയടി എന്നല്ല, പക്കാ സ്ലോ മോഷന്‍..........

ഹിന്ദുഛായയുള്ള മുസ്ലിം പുരുഷന്‍ എന്നൊരു ഞെട്ടിപ്പിക്കുന്ന മനോഹാരിതയുള്ള കഥയെഴുതിയിട്ടുണ്ട് ഇന്ദുമേനോന്‍-മാലേഗാവിലും അജ്മീരിലും മക്കാ മസ്ജിദിലും
മരണപ്പൊട്ടീരുകള്‍ നടക്കുന്നതിന് വളരെമുമ്പായിരുന്നു അത്. ബോംബ് പൊട്ടിയതിനു പിന്നാലെ   മാലേഗാവിലെയും ഹൈദരാബാദിലെയുമെല്ലാം കുണ്ടനിടവഴികളില്‍ കബാബ് കഴിച്ചും കബടി കളിച്ചും നടന്ന ചെക്കന്‍മാരെ മുഴുവന്‍ തൂക്കിയെടുത്തു കൊണ്ടുപോയി ഗരുഡന്‍ തൂക്കം നടത്തി  പോലീസ്.ഞങ്ങള്‍ നിരപരാധിയാണ് എന്ന്  ബോംബുപൊട്ടുന്നതിനേക്കാള്‍ വലിയ ഒച്ചയില്‍ കരഞ്ഞുവിളിച്ചെങ്കിലും ആ 'ഭീകരരുടെ' വാക്കുകള്‍ ആരും ചെവിയിലെടുത്തില്ല.  എന്‍.ഡി.ടി.വിയിലിരുന്ന് നീരാറാഡിയക്ക് വേണ്ടി ചമ്മന്തിയരക്കുന്ന  കൊച്ചമ്മ മുതല്‍  ഇന്ത്യാവിഷന്റെ ചിലവില്‍ പത്രങ്ങളുടെ ജാതി സെന്‍സസെടുക്കുന്ന വാരാന്ത്യക്കാരന്‍ വക്കീലുവരെ ഈ തെമ്മാടികളെ ചീത്തവിളിച്ചു. പലസ്തീനില്‍ ഇസ്രയേല് ചെയ്യുന്നത് പോലെ ചെയ്താലേ ഈ കാക്കാന്‍മാര്‍ പാഠം പഠിക്കൂ എന്ന് പല്ലു ഞെരിച്ചു. ദേശസ്നേഹത്തിന്റെ ഹോള്‍സെയില്‍ വ്യാപാരികളായ കാവിപ്പട ആവുംവിധമെല്ലാം വിഷം തുപ്പി. ഈ സമുദായത്തെ വേട്ടയാടരുതേ എന്ന് പറയാന്‍ അധികം കവികളൊന്നും ഉണ്ടായില്ല. ധൈര്യപ്പെട്ട് വന്ന മഹേഷ് ഭട്ട് മുതല്‍ മണമ്പൂര്‍ രാജന്‍ബാബു വരെയുള്ളവരെ നാടിനെ ഒറ്റുകൊടുക്കുന്ന നെറികെട്ടവരുടെ പട്ടികയില്‍ പെടുത്തി നാണംകെടുത്തി. നാട്ടിലെ കാക്കാമാരാവട്ടെ പുലര്‍ച്ചെ കിട്ടുന്ന പത്രങ്ങളില്‍ വരുന്ന പുലയാട്ട് പേടിച്ച് സുബഹിക്ക് പോലും പോവാതെയായി. നാലാള് കൂടുന്നിടത്തെല്ലാം അപരാധ ബോധം മൂത്ത് തലതാഴ്ത്തി നടക്കുന്ന വര്‍ഗമായി മാറി അവര്‍.
പത്രലേഖകര്‍ അവരുടെ മനസില്‍ തോന്നുന്ന സ്ഥലങ്ങളിലെല്ലാം ഭീകരാക്രമണങ്ങളുണ്ടാക്കി. കാണുന്ന താടിക്കാരെയെല്ലാം പിടിച്ച് കൊടുംഭീകരരാക്കി. മുട്ടിനു താഴെ ഇറക്കമുള്ള ജുബ്ബകള്‍ ഇടാന്‍ ആളില്ലാതെ കടകളില്‍ കെട്ടിപ്പഴകി.  കുര്‍താ പൈജാമ ഇട്ടുനടന്നവരെ നാട്ടുകാര്‍ വളഞ്ഞുവെച്ച് കയ്യോടെ പോലീസിലേല്‍പ്പിച്ചു. ന്യൂനപക്ഷ ഭീകരതയെപ്പറ്റിയുള്ള മുഴുനീള പരമ്പരകളുമായി പത്രങ്ങളും കവര്‍സ്റ്റോറികളുമായി വാരികകളും അരങ്ങ് കൊഴുപ്പിച്ചു. ഗ്രാമീണ കേരളത്തിന്റെ ചലചിത്രകാരന്‍ എന്നൊക്കെ വിശേഷിപ്പിക്കുന്ന സത്യന്‍ അന്തിക്കാടുപോലും സിനിമകളില്‍ ഇല്ലാത്ത കലാപങ്ങള്‍ കുത്തിത്തിരുകി മലയാളി മനസില്‍ വിഷം കലക്കി. ഇംഗ്ലീഷ് സിനിമകളുടെ മിമിക്രി ഒരു കലയാക്കി മാറ്റിയ (കോപ്പിയടി എന്നാണ് ഇവിടെ ഉദ്ദേശിച്ചത്) പുതുതലമുറ സംവിധായകന്‍ അമല്‍ നീരദ് ഒരു മുസ്ലിം വിരുദ്ധ ഇംഗ്ലീഷ് സിനിമയെ വേരോടെ പിഴുതെടുത്ത് മലയാള മണ്ണില്‍ നട്ട് ഭീകരതാ വിരുദ്ധ  സാംസ്കാരിക റാലിയിലെ ദീപശിഖാ വാഹകനായി.

അന്തമറ്റ പീഡനങ്ങള്‍ക്കും ചീത്തവിളികള്‍ക്കും തല്ലിച്ചതപ്പുകള്‍ക്കുമൊടുവില്‍ സത്യം പുറത്തുവരുന്നു. അമല്‍ നീരദിന്റെ സിനിമയില്‍ വയസായ തടവുപുള്ളിക്ക് വെള്ളം കൊടുക്കുന്ന, അയാളുടെ ചോറുതട്ടിയിടുന്നവരുമായി തല്ലുകൂടുന്ന അന്‍വറിനെപ്പോലെ ഹൈദരാബാദ് ജയിലിലെ സഹതടവുകാരനായിരുന്ന അസീമാനന്ദ സ്വാമിക്ക് വെള്ളവും കഞ്ഞിയും വിളമ്പിക്കൊടുക്കുന്നു കലീം എന്ന ചെറുപ്പക്കാരന്‍.-മനസാ വാചാ കര്‍മണാ അറിഞ്ഞിട്ടില്ലാത്ത ബോംബ് സ്ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവറയിലാക്കപ്പെട്ടവന്‍. അവന്റെ നന്‍മ കണ്ട് മനസലിഞ്ഞ്  സ്വാമി വെളിപ്പെടുത്തുന്നു ബോംബിന്റെ യഥാര്‍ഥ ഉറവിടമേതെന്ന്. മുസ്ലിംഛായയുള്ള  ഹിന്ദുത്വഭീകരര്‍!  ഭീകരന്‍മാരുടെ താടിയും തൊപ്പിയുമെല്ലാം വെപ്പായിരുന്നു. സ്വാതന്ത്യ്രത്തിനു മുന്‍പേ ഇന്ത്യയില്‍ കലാപങ്ങള്‍ക്ക് തീ കൊളുത്തിയ, രാഷ്ട്രപിതാവിന്റെ ജീവനെടുത്ത, ബാബറിപ്പള്ളി തല്ലിപ്പൊളിച്ച, ബോംബെ നഗരം ചുട്ടെരിച്ച, ഭ്രൂണത്തെ ശൂലത്തില്‍ കുത്തിയെടുത്ത അതേ ബുദ്ധികേന്ദ്രങ്ങളായിരുന്നു ഈ സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന്.
ഒരുപാട് ചെറുപ്പക്കാര്‍ തല്ലുകൊണ്ടത് (ചെറുപ്പക്കാര്‍ മാത്രമോ എഴുന്നേറ്റ് നടക്കാന്‍ വയ്ക്കാത്ത പടുവൃദ്ധന്‍മാരെപ്പോലും ഭീകരവാദികള്‍ എന്ന് വിളിച്ച് ഇടിച്ചുപിഴിഞ്ഞു) മിച്ചം. അവരുടെ കുടുംബങ്ങള്‍ പേടിയുടെ പെരുമഴയില്‍ കുത്തിയൊലിച്ചുപോയത് മിച്ചം. അവരുടെ നഷ്ടപ്പെട്ട ഇന്നലെകളെ ആരു മടക്കി നല്‍കും? സകല അഴിമതികളും കള്ളത്തരങ്ങളും പുറത്തുകൊണ്ടുവരുന്ന പുലികള്‍ എന്ന് വീമ്പടിച്ച് നടക്കുന്ന പത്രക്കാര്‍ അവരെഴുതിപ്പിടിപ്പിച്ച മാപ്പര്‍ഹിക്കാത്ത വിദ്വേഷ കഥകള്‍ തെറ്റായിരുന്നു എന്ന് സമ്മതിക്കാന്‍ ആര്‍ജവം കാണിക്കുമോ?
കൊച്ചിയില്‍ തമ്പടിച്ചിരിക്കുന്ന മുസ്ലിം ഭീകരസംഘത്തെപ്പറ്റി സിനിമ പിടിച്ച് മലയാളിയുടെ ഖല്‍ബില്‍ സംശയത്തിന്റെയും വെറുപ്പിന്റെയും തീ പടര്‍ത്തിയ അമല്‍ നീരദ് അസിമാനന്ദ് എന്നപേരില്‍ സിനിമയെടുക്കാന്‍ ധൈര്യം കാണിക്കുമോ?

നടക്കുന്ന കാര്യമല്ല അതൊന്നും- വേണ്ട, സമ്മതിച്ചു. പക്ഷെ നാളെ നാട്ടിലൊരു   പടക്കമേറുണ്ടായാല്‍ അതിന്റെ പേരിലും ഈ നിരപരാധികളുടെ അടിവയറ്റിലേക്ക് മുട്ടുകാല് കയറ്റില്ലെന്ന് ഉറപ്പുനല്‍കാനെങ്കിലും ആരെങ്കിലുമുണ്ടോ ഈ ജനാധിപത്യ രാഷ്ട്രത്തില്‍?


ബോംബ് വെച്ച് തകര്‍ത്ത് നാട് കുട്ടിച്ചോറാക്കി മുതലെടുക്കാന്‍ ഒരുമ്പിട്ടിറങ്ങിയവര്‍ ഒന്നോര്‍ക്കുക:

പൊട്ടുന്നത് പച്ചബോംബായാലും കാവിബോംബായാലും ചുമന്നബോംബായാലും മരിക്കുന്നത് മനുഷ്യരാണ്, അവരുടെ രക്തത്തിന് ഒരേ നിറമാണ്

Monday, January 3, 2011

കുട്ടികളോട് പറയുക ഈ ഡോക്ടര്‍ അങ്കിളിനെപ്പറ്റി

ഡോ. ബിനായക് സെന്നിനെ ജയിലിലേക്ക് കൊണ്ടുപോകുന്നു
                             നുവരി4- ചെയ്ത നന്‍മയുടെ പേരില്‍ പഴികേള്‍ക്കേണ്ടി വരികയും ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്ത ഡോ. ബിനായക് സെന്നിന്റെ 61st പിറന്നാളാണിന്ന്.
എന്താണ് ആ മനുഷ്യന്‍ ചെയ്ത തെറ്റ്? എന്നും ചൂഷണത്തിന്റെ ഇരകളായിരുന്ന ആദിവാസികളെ അടിമത്വത്തില്‍ നിന്നും അജ്ഞതയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിച്ചു, സമൂഹത്തെ ഭയത്തില്‍ നിന്നും വിശപ്പില്‍ നിന്നും കരകയറ്റാന്‍ ശ്രമിച്ചു,നീതി നിര്‍വഹണം എന്ന പേരില്‍ നടന്ന അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി...


കണ്‍മുന്നില്‍ നടക്കുന്ന അഴിമതികളും അനീതികളും കണ്ടില്ലെന്ന് നടിച്ച് നമ്മള്‍ മൂടിപ്പുതച്ചുറങ്ങിയ രാപ്പകലുകളില്‍ മുറിവേറ്റവര്‍ക്കൊപ്പം കൂട്ടിരിക്കുകയായിരുന്നു ഈ മനുഷ്യന്‍


പാവങ്ങളെ സഹായിക്കാനും അവരുടെ മുറിവുവെച്ചുകെട്ടാനും നടന്ന നേരത്ത് നാട്ടിലൊരു  സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി പണിത് രോഗികളെ പിഴിഞ്ഞ് കാശുവാങ്ങിയിരുന്നെങ്കില്‍
ഒരു കോടതിയും ഡോക്ടറെ കുറ്റക്കാരനെന്ന് വിധിക്കില്ലായിരുന്നു. കള്ളായും കരിമീനായും കറന്‍സിയായും കൈക്കൂലി വാങ്ങിയിരുന്നെങ്കില്‍ ഒരു പോലീസിനെയും പട്ടാളത്തെയും പേടിക്കാതെ സര്‍ക്കാര്‍ സര്‍വീസില്‍ മരിക്കുവോളം  സേവനം ചെയ്യാമായിരുന്നു.

സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന, പഠിച്ച ക്ലാസുകളിലും എഴുതിയ പരീക്ഷകളിലും എന്നും ഒന്നാമനായി വിജയിച്ച ബിനായക് തിരഞ്ഞെടുത്ത വഴി ഒരു പോരാളിയുടെതായിരുന്നു.

അഴിമതിയില്‍ മുങ്ങിക്കുളിച്ച ഈ രാജ്യത്തെ നിയമസംവിധാനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഈ നല്ല ശമരിയാക്കാരന്‍.
രാജ്യത്തെ ഒറ്റു കൊടുക്കുന്നവര്‍, വിറ്റുതുലക്കുന്നവര്‍, കത്തിച്ചു ചാമ്പലാക്കുന്നവര്‍, ജഡ്ജിപ്പണിയുടെ മറവില്‍ റിയല്‍ എസ്‌റ്റേറ്റ്  നടത്തുന്നവര്‍- ഇക്കൂട്ടരെ പോറല്‍ പോലും ഏല്‍പ്പിക്കാതെ പരിപാലിക്കുന്ന നിയമസംവിധാനം ബിനായക് ഡോക്ടറെ രാജ്യദ്രോഹിയായി കണക്കായതില്‍ അല്‍ഭുതപ്പെടാന്‍ എന്തിരിക്കുന്നു?


നമുക്കുവേണ്ടി, നാം ഓരോരുത്തരുടെയും പ്രതിനിധിയായി അനീതിക്കും ചൂഷണത്തിനും എതിരെ പടപൊരുതിയ ഈ മനുഷ്യനുവേണ്ടി ദയവായി ഇന്ന് അല്‍പ സമയം നമ്മള്‍ ചിലവഴിക്കുക. നന്‍മയുടെ പര്യായമായ ഈ ഡോക്ടര്‍ അങ്കിളിനെക്കുറിച്ച് നമ്മുടെ വീട്ടിലുള്ള/വീടിനടുത്തുള്ള/ സ്‌കൂളിലുള്ള കുട്ടികളോട് അല്‍പ സമയം സംസാരിക്കുക.


ബിനായക് സെന്നിനെ കുറിച്ചുള്ള സാമാന്യ വിവരങ്ങള്‍  http://freebinayak.wordpress.com    എന്ന ബ്ലോഗില്‍ലഭ്യമാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പിന്തുണ അറിയിക്കുവാനും ആശംസ നേരുവാനും താല്‍പര്യമുള്ളവര്‍ക്ക്


 Dr.Binayak Sen
Central Jail, Raipur

Chhathisgarh,
492001   എന്ന വിലാസത്തില്‍ എഴുതാം. ജയിലിലെ നിയന്ത്രണങ്ങളും കത്തുകളുടെ എണ്ണക്കൂടുതലും കാരണം എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നു വരില്ല. പക്ഷെ താന്‍ ചെയ്ത നന്‍മയെ പിന്തുണക്കുന്ന ഒരു സമൂഹം ജയിലിനു പുറത്ത് തന്നെ കാത്തിരിക്കുന്നു എന്ന മഹിതമായ സന്ദേശം അദ്ദേഹത്തിനു നല്‍കാന്‍ നമ്മളയക്കുന്ന രണ്ടു വരി കത്തുകള്‍ ഉപകരിക്കുക തന്നെ ചെയ്യും.