Friday, July 30, 2010

നവാസ് നിസാറിന് ജീവിതസഖിയെ വേണം (ഇതൊരു വിവാഹാലോചനയല്ല)


കുടിവെള്ളം ഗ്രൂപ്പ് വഴി കല്യാണാലോചനകള്‍ കൈമാറണമെന്ന് ചില ഗ്രൂപ്പ് അംഗങ്ങള്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ഇതേക്കുറിച്ച് നമ്മള്‍ ചര്‍ച്ച നടത്തുകയും കല്യാണം കഴിപ്പിക്കല്‍ ഒരു പൊല്ലാപ്പ് പരിപാടിയാണെന്നും അത്തരം വയ്യാവേലികള്‍ എടുത്ത് തലയില്‍ വെക്കേണ്ടതില്ല എന്നുമായിരുന്നു ഭൂരിഭാഗം അംഗങ്ങളുടെയും നിര്‍ദേശം. അതേ തുടര്‍ന്ന് അക്കാര്യം വേണ്ടെന്ന് വെക്കുകയും ചെയ്തു. പക്ഷെ പ്രിയ സുഹൃത്തുക്കളുടെ നിര്‍ദേശത്തെ മറികടന്ന് ഒരു വിവാഹാലോചന കുടിവെള്ളം വഴി കൈമാറാന്‍ നമ്മള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
അത് വടകര സ്വദേശി നവാസ് നിസാറിനുവേണ്ടിയാണ്. ന്യൂദല്‍ഹിയിലെ ദയാല്‍സിംഗ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ് നവാസ് നിസാര്‍ (26).നവാസ് നിസാറിന് ജീവിത പങ്കാളിയെത്തേടിക്കൊണ്ടുള്ള ഇ മെയില്‍ കണ്ടപ്പോഴാണ് ഇദ്ദേഹത്തെക്കുറിച്ച് അറിയണമെന്ന ആഗ്രഹമുണ്ടായത്. ഇത്ര മനോഹരമായ ഒരു ജീവിതത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത് എന്ന് അപ്പോള്‍ മാത്രമാണറിഞ്ഞത്. ജന്‍മനാ കാഴ്ചയില്ലാത്ത അദ്ദേഹം പക്ഷെ കാഴ്ചയുള്ളവരേക്കാള്‍ വ്യക്തമായി ലോകത്തെ കാണുന്നു. തെളിമയോടെ, തിളക്കത്തോടെ നാളെയിലേക്ക് നീങ്ങുന്നു. എന്തൊരാത്മ വിശ്വാസമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്.സഞ്ചാരവും സൌഹൃദവും ഏറെ ഇഷ്ടപ്പെടുന്ന നവാസ് കേരള മുസ്ലിം രാഷ്ട്രീയത്തിന്റെ ചരിത്രപുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിലാണ്. നവാസിന്റെയും പിതാവിന്റെയും ഫോണ്‍ നമ്പറുകള്‍ ഇവിടെ ചേര്‍ക്കുന്നു. വിവാഹാലോചനകള്‍ക്ക് മാത്രമായല്ല -ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു സുഹൃത്തിനെക്കൊതിക്കുന്നവരെല്ലാം തീര്‍ച്ചയായും പരിചയപ്പെട്ടിരിക്കേണ്ടയാളാണ് നവാസ്.
ഓ, ഇതുപോലെ എത്രയോ പേര്‍ നാട്ടിലുണ്ട് എന്നാണോ മനസില്‍?
നവാസുമായി jaihoon TV നടത്തിയ ഒരു അഭിമുഖം കാണുംവരെ കുടിവെള്ളം സുഹൃത്തുക്കളില്‍ ചിലരും അതുതന്നെയാണ് പറഞ്ഞത് ആ അഭിമുഖം ഒന്ന് കാണുമല്ലോ?

ചന്ദ്രിക പത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ അദ്ദേഹത്തെക്കുറിച്ചു വന്ന ഫീച്ചറും  ചേര്‍ക്കുന്നു
നവാസിന് ഇനിയും വിജയങ്ങളും മുന്നേറ്റങ്ങളുമുണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു, നിങ്ങളും ചേരുക....  നവാസിന്റെ പിതാവ് നിസാറിന്റെ ഫോണ്‍ നമ്പര്‍:9846811603
നവാസിന്റെ ഫോണ്‍ നമ്പര്‍:09968399889
Email: navaznizar@gmail.com

Friday, July 2, 2010

ഒരു പഴന്തുണിക്കണ്ടം അവര്‍ക്ക് പലതുമാണ്.....

                  കല്‍ക്കത്തയിലെ പാതയോരത്തു നിന്ന് സൈമണ്‍ ഫിലിപ്സ് എടുത്ത ചിത്രം

                                (നിങ്ങള്‍ക്കത് വെറും ചവറാണെങ്കിലും)                                           വീണ്ടും ഒരു സ്ത്രീയുടെ കഥയാണ് പറയുന്നത്
ഏതോ ഒരു ഉത്തരേന്ത്യന്‍ ഉള്‍ഗ്രാമത്തില്‍ ടൈറ്റനസ് പിടിച്ചു മരിച്ച ഒരു സ്ത്രീയെക്കുറിച്ച്
ആര്‍ത്തവക്കാലത്ത് ശുചിത്വത്തുണിയായുപയോഗിച്ച പഴയ ബ്ലൌസിലെ തുരുമ്പിച്ച ഹുക്ക് തട്ടിപ്പഴുത്താണ് അവര്‍ക്ക് അണുബാധയുണ്ടായത്. ഒരു സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ വഴിയില്ലാത്തവള്‍, ഒരു വൃത്തിയുള്ള പഴന്തുണിയെങ്കിലും സ്വന്തമായില്ലാത്തവള്‍ക്ക് നല്ല മരുന്നു വാങ്ങാന്‍ ഗതിയുണ്ടാവില്ലല്ലോ- ഒട്ടും എതിര്‍ത്തു നില്‍ക്കാതെ അവള്‍ മരണത്തിനു കൂട്ടുപോയി
അങ്ങിനെയല്ലായിരുന്നെങ്കില്‍ ഏതാനും മാസം കഴിഞ്ഞ് അവള്‍ പട്ടിണി കാരണമോ മരം കോച്ചുന്ന മഞ്ഞത്ത് മാറുമറക്കാന്‍ പോലും തുണിയില്ലാതെ തണുത്ത് വിറങ്ങലിച്ചോ അവള്‍ മരണത്തിനു കീഴടങ്ങിയേനെ.

സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകള്‍ മരിച്ച വാര്‍ത്ത ഒന്നിലേറെ തവണ വായിച്ചവരാണ് നമ്മള്‍. 'ഓസിന് കിട്ടിയാല്‍ ആസിഡും കുടിക്കും' എന്ന മനോനിലയല്ല മറിച്ച് തണുപ്പുകൊണ്ട്, മാനക്കേട് കൊണ്ട് മരിക്കാതിരിക്കാനാണവര്‍  സാരിദാനച്ചടങ്ങിലെത്തി തിക്കും തിരക്കും കൂട്ടുന്നത്, അതിനിടയില്‍ കുത്തും ചവിട്ടുമേറ്റ് മരിക്കുന്നത്.
ഇനി നിങ്ങളുടെ തുണി അലമാര ഒന്ന് തുറന്നു നോക്കുക
അതില്‍ തേച്ചും തേക്കാതെയും അടുക്കി വെച്ചിരിക്കുന്ന ഉടുപ്പുകള്‍ സൌകര്യം കിട്ടുമ്പോള്‍ ഒന്ന് എണ്ണി നോക്കണം.
നിങ്ങളുടെ, പങ്കാളിയുടെ, മക്കളുടെ.....
ഷര്‍ട്ടുകളുടെ എണ്ണക്കൂടുതല്‍ കൊണ്ട് ഒരു ഷര്‍ട്ട് മാസത്തില്‍ ഒരിക്കല്‍ മാത്രമേ അണിയാന്‍ പറ്റുന്നുള്ളൂ എന്ന് സങ്കടം പറയുന്ന ഒരാളെ അറിയാം. ഒരു പക്ഷെ നിങ്ങള്‍ക്കും ഉണ്ടാവും അതു പോലുള്ള വസ്ത്ര സമ്പത്ത്, അല്ലെങ്കില്‍ വസ്ത്ര സമ്പന്നനായ സുഹൃത്ത്. ഈ ഉടുപ്പുകള്‍ക്ക് പിന്നീട് എന്തു സംഭവിക്കും?
കുറച്ചു നാള്‍ കഴിയുമ്പോള്‍ ഫാഷന്‍ മാറിയെന്ന് പറഞ്ഞ് ഇടാതാവും. ചിലര്‍ നിലം തുടക്കാനെടുക്കും. ചിലര്‍ 'വെള്ളപ്പൊക്കക്കാര്‍ക്ക്' കൊടുക്കും, ചിലര്‍ അഗതി മന്ദിരങ്ങളിലെത്തിക്കും, പലരും കത്തിച്ചു കളയും.
ഫാഷന്‍ മാറിയാല്‍, ഒരു കൊല്ലം പഴകിയാല്‍, ഒരു ബട്ടന്‍സ് പൊട്ടിയാല്‍ വിലയേറിയ വസ്ത്രങ്ങള്‍ പോലും നമുക്ക് പഴന്തുണിയാണ്. പക്ഷേ തുടക്കത്തില്‍ പറഞ്ഞ സ്ത്രീയെപ്പോലുള്ള ആയിരക്കണക്കിന് മനുഷ്യര്‍ക്ക് അത്തരമൊരു കുപ്പായം കിട്ടിയാല്‍ ആഘോഷമാണ്.
തണുത്ത് വിറങ്ങലിച്ച് മരിക്കുന്ന ഗ്രാമീണ ഇന്ത്യയുടെ ദുരിതം കണ്ട് കരളുപൊട്ടി അന്‍ഷു ഗുപ്ത എന്നൊരു മനുഷ്യസ്നേഹി തുടക്കം കുറിച്ച ഗൂഞ്ജ് എന്ന കൂട്ടായ്മയെ പരിചയപ്പെടുത്തുന്നത് ഉചിതമാവുമെന്ന് കരുതുന്നു.
പഴയ വസ്ത്രങ്ങള്‍ ശേഖരിച്ച് സംഭരിച്ച് ദരിദ്ര ഗ്രാമങ്ങളിലേക്കും പ്രകൃതിക്ഷോഭം ഉണ്ടാവുന്ന പ്രദേശങ്ങളിലും എത്തിക്കുന്ന സംരഭമാണിത്. ഗ്രാമീണ സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തിനായി സാനിറ്ററി നാപ്കിനുകള്‍ നിര്‍മിച്ച് സൌജന്യ നിരക്കില്‍ എത്തിക്കുന്ന പ്രവര്‍ത്തനവും ഇവര്‍ ഭംഗിയായി നിര്‍വഹിച്ചുപോരുന്നു. തന്റെയും അടുപ്പക്കാരുടെയും പക്കലുള്ള 67 പഴയ വസ്ത്രങ്ങള്‍ വെച്ച് തുടങ്ങിയ പ്രവര്‍ത്തനം ഇന്ന് ഇന്ത്യയൊട്ടാകെ വ്യാപിച്ചിരിക്കുന്നു. ഓരോ മാസവും അയ്യായിരം കിലോ തുണിത്തരങ്ങളാണ് ഗൂഞ്ജ് സംഭരിക്കുന്നത്. ഇതിനു പുറമെ   സംഭരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചും വന്‍തോതില്‍ വസ്ത്രം സംഭരിച്ച് വിതരണം ചെയ്യുന്നുണ്ട്.
ഡല്‍ഹി, ബോംബേ, മദ്രാസ്, ബാംഗ്ലൂര്‍, കല്‍ക്കട്ട, ഹൈദരാബാദ് എന്നീ പട്ടണങ്ങളില്‍ ഇപ്പോള്‍ വസ്ത്ര സംഭരണം നടക്കുന്നുണ്ട്. ഗൂഞ്ജിന്റെ പ്രവര്‍ത്തനം കേരളത്തില്‍  വ്യാപിപ്പിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കിട്ടുന്നതിന്റെ ഇരട്ടി കിട്ടുമെന്ന കാര്യത്തില്‍ തര്‍ക്കത്തിനിടയില്ല. വായനശാലകള്‍, ആരാധനാലയങ്ങള്‍, യുവ ജന പ്രസ്ഥാനങ്ങള്‍ എന്നിവര്‍ക്കെല്ലാം ഇക്കാര്യത്തില്‍ മികച്ച പങ്കു വഹിക്കാനാവും.
സമ്പന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളുകളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഉടുപ്പും പുതപ്പും സ്വരൂപിച്ച് ദരിദ്ര മേഖലയിലെ വിദ്യാലയങ്ങളില്‍ വിതരണം ചെയ്യുന്ന പദ്ധതിയും ഗൂഞ്ജിനുണ്ട്. ഈ കുറിപ്പ് വായിച്ചവര്‍ക്കാര്‍ക്കെങ്കിലും ഇത്തരമൊരു സംരംഭത്തിന് നിങ്ങളുടെ നാട്ടില്‍ തുടക്കമിടാന്‍ ആഗ്രഹം തോന്നിയെങ്കില്‍
anshugoonj24@gmail.com എന്ന വിലാസത്തില്‍ ഉടന്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ http://www.goonj.org വെബ്സൈറ്റില്‍ ലഭ്യമാണ്.
അവരുടെ വിലാസം
GOONJ..
J 93 Sarita Vihar,
New Delhi  110076.
Tel.  2697 2351, 41401216