Wednesday, August 25, 2010

ഇയാള്‍ തൈവെച്ചത് കായ തിന്നാനല്ല


 പേങ്ങാട്ടിരി മുണ്ടന്‍
പത്തു പദ്ധതികള്‍ക്ക് തറക്കല്ലിടുന്ന നേതാവിനെ നമ്മള്‍ ജനസേവകന്‍ എന്ന് വിളിക്കും,
പത്തുരൂപാ ധര്‍മം കൊടുക്കുന്ന മുതലാളിയെ നമ്മള്‍ ദീനദയാലൂ എന്ന് വാഴ്ത്തും,
അങ്ങിനെയെങ്കില്‍ പത്ത് തലമുറകള്‍ക്ക് തണല്‍ വിരിച്ച ഒരു മനുഷ്യനെ എന്തുവിളിച്ചാല്‍ മതിയാവും? 

ഇക്കാലത്ത് ഒരു മരം നട്ടാല്‍ വലിയ വാര്‍ത്തയാണ്. പത്രങ്ങളില്‍ ഫോട്ടോ വരും, ചാനലുകളില്‍ ലൈവായി കാണിക്കും. ചിലപ്പോള്‍ മികച്ച വൃക്ഷസ്നേഹിക്കുള്ള വീരപ്പന്‍ മെമ്മോറിയല്‍ അവാര്‍ഡും കിട്ടും.
മരം നടലും ഭൂമിക്ക് കുടപിടിക്കലുമൊക്കെ അല്‍പന്‍മാര്‍ പ്രചാരവേലയാക്കുന്നതിന് വര്‍ഷങ്ങള്‍ക്ക്
മുന്‍പ് നടന്നുപോയ വഴികളിലെല്ലാം
തണല്‍ മരം നട്ട ഒരു വൃദ്ധനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
പേര് : മുണ്ടന്‍

വയസ്: 90
നാട് :പേങ്ങാട്ടിരി
സമ്പത്തുകാലത്ത് തൈ പത്ത് വെച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്ന പഴഞ്ചൊല്ല് കേട്ടിട്ടൊന്നുമല്ല
ഈ പഴമക്കാരന്‍ മരം നടാനിറങ്ങിയത്
സമ്പത്തുകാലം എന്നൊന്ന് ഈ മനുഷ്യന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുതന്നെയില്ല
ചെറുപ്പം മുതല്‍ വല്ലവരുടെയും തൊടികളില്‍ കൂലിപ്പണിയെടുത്താണ് ഇദ്ദേഹം കുടുംബം പോറ്റിയിരുന്നത്
ഒഴിവുകിട്ടുന്ന നേരങ്ങളില്‍ നാടുനീളെ നടന്ന് മരം നട്ടു.
അങ്ങിനെ പാലക്കാടന്‍ ഗ്രാമങ്ങളുടെ  പാതയോരങ്ങളിലെല്ലാം
മുണ്ടേട്ടന്‍ നട്ട മരങ്ങള്‍ വളര്‍ന്ന് പന്തലിച്ചു, ഒരുപാടൊരുപാട് പേര്‍ക്ക് തണലായി
ഇപ്പോള്‍ തീരെ വയസായി, വയ്യാതെയായി
മരിക്കുന്നതിന് മുന്‍പ് എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ചോദിക്കുന്ന
സുഹൃത്തുക്കളോട് ഇദ്ദേഹം പറയുന്ന മറുപടിയാണ് കേള്‍ക്കേണ്ടത്
കുറച്ചു മരങ്ങള്‍ കൂടി നടണമെന്ന്!
ജീവിതം സമ്പാദിച്ചുകൂട്ടാനുള്ളതല്ലെന്നും സഹജീവികള്‍ക്ക് വെളിച്ചവും തണലും പകരാനുള്ളതാണെന്നും വിശ്വസിച്ച ഈ മനുഷ്യന്‍
ഇപ്പോള്‍ വാര്‍ധക്യത്തിന്റെ രോഗപീഡകളിലാണ്. ഭാര്യക്കും തീരെ സുഖമില്ല. ഒരുമകന്‍ തളര്‍വാതം വന്ന് കിടപ്പിലാണ്.
വൈദ്യുതി ബില്‍ അടക്കാന്‍ വകയില്ലാതെ വന്നപ്പോള്‍ കെ.എസ്.ഇ.ബിക്കാര്‍ വന്ന് ഫ്യൂസ് ഊരിക്കൊണ്ടുപോയി
( മരങ്ങളെ സ്നേഹിക്കുന്ന മനുഷ്യനാവുന്നതിനു പകരം ജനങ്ങളെ ദ്രോഹിക്കുന്ന ഒരു എം.പിയായിരുന്നുവെങ്കില്‍
കാലാകാലം വൈദ്യുതിയും ഫോണും സൌജന്യമായിരുന്നേനെ!)
ഇദ്ദേഹം ലോകത്തിന് ചെയ്ത നന്‍മ പകരം വെക്കാനാവാത്തതാണ്
വാര്‍ധക്യത്തിന്റെയും ഇല്ലായ്മയുടെയും ദുരിതപ്പൊരിവെയിലില്‍ നില്‍ക്കുന്ന ഈ മനുഷ്യന് ഒരു ചെറുകുടത്തണലെങ്കിലും ഏകാന്‍ നമുക്ക് ബാധ്യതയില്ലേ?
കുറഞ്ഞ പക്ഷം ആ വീട്ടിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചുകൊടുക്കാനെങ്കിലും നമുക്കാവണം
നിങ്ങളുടെ മനസില്‍ നന്‍മയുടെ പച്ചപ്പ് അവശേഷിക്കുന്നുവെങ്കില്‍ ഇതു വഴിയൊന്ന് വരിക.
ബന്ധപ്പെടാനാഗ്രഹിക്കുന്നവര്‍ക്കായി മുണ്ടേട്ടന്റെ വിലാസം ഇവിടെ ചേര്‍ക്കുന്നു
 പേങ്ങാട്ടിരി മുണ്ടന്‍ വലിയതൊടി വീട്, 

നെല്ലായ പി.ഒ 679335, പാലക്കാട് ജില്ല  

ദി ഹിന്ദു പത്രത്തിലും മാധ്യമം ഓണപ്പതിപ്പിലും വന്ന കുറിപ്പുകളോട് കടപ്പാട്

 ....................................
മുണ്ടന്‍ ചേട്ടന്റെ നാട്ടുകാരന്‍ അഫ്സല്‍ നല്‍കിയ വിവരം: 

മുണ്ടന്‍ ചേട്ടന് ഒരു എസ.ബി അക്കൌന്റ് ഉണ്ട്. പോസ്റ്റ്‌ ചെയ്യാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു..
SB.Account 5028
vallappuzha Service Co-Operative Bank. P.O. Nellaya. 679335. palakkad.

സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരമാവധി മണി ഓര്‍ഡര്‍ അയക്കാന്‍ താല്പര്യം. അഡ്രസ്‌ മുകളില്‍ കൊടുതിതിട്ടുണ്ടല്ലോ.. ബാങ്ക് അക്കൗണ്ട്‌ ഡീല്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കുമല്ലോ.
NB:പാലക്കാട്‌ ജില്ലയിലെ ചെര്‍പ്പുളശ്ശേരി - പട്ടാമ്പി റൂട്ടിലാണ്‌ പേങ്ങാട്ടിരി ഗ്രാമം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
9447192385

Friday, August 13, 2010

കണ്ണടയും മുന്‍പേ കുറിച്ചിടുക


കാഴ്ചയുടെ അനുഗ്രഹത്തെപ്പറ്റി നമ്മളോരോരുത്തരും ഒരുപാട് ചിന്തിക്കുകയും വായിക്കുകയും പ്രസംഗിക്കുകയും കേള്‍ക്കുകയും എല്ലാം ചെയ്തിട്ടുള്ളതാകയാല്‍ അക്കാര്യങ്ങളൊന്നും ഇവിടെ വിശദീകരിക്കുന്നില്ല. ഒരുപക്ഷെ ഒന്നിലേറെ തവണ നേത്രദാന പ്രതിജ്ഞ ഒപ്പിട്ടുകൊടുത്തവരായിരിക്കാം ഇതു വായിക്കുന്നതില്‍ ഭൂരിഭാഗം പേരും. പക്ഷെ, അതേക്കുറിച്ച് നിങ്ങളുടെ വീട്ടുകാരുമായി നിങ്ങള്‍ സംസാരിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇന്നുതന്നെ അതു ചെയ്യുക. മരണശേഷം തങ്ങളുടെ കണ്ണുകള്‍ സഹജീവികള്‍ക്ക് വെളിച്ചമാകണമെന്നാഗ്രഹിച്ച് നേത്രദാന സന്നദ്ധത പ്രകടിപ്പിച്ച പതിനായിരക്കണക്കിനാളുകളുടെ ഈ മഹത്തായ അഭിലാഷം സാധ്യമായിട്ടില്ല-ബന്ധുക്കള്‍ക്ക് അതേക്കുറിച്ച് വിവരമില്ലാഞ്ഞതു തന്നെ കാരണം.  പലരുടെയും വിചാരം നേത്രദാനം എന്നാല്‍ കണ്ണ് കുത്തിപ്പൊട്ടിച്ച് എടുക്കലാണെന്നാണ്. അങ്ങിനെയൊന്നുമല്ല-വളരെ സിമ്പിളാണ് കാര്യം. കണ്‍പോളകള്‍ക്ക് യാതൊരു പരിക്കും വരുത്താതെ വളരെ സൂക്ഷ്മമായി നേത്രഗോളങ്ങള്‍ നീക്കുകയാണ് ചെയ്യുക. മരണം നടന്ന് നാല് മണിക്കുറിനകം  ശേഖരിക്കാനായാല്‍ മാത്രമേ കണ്ണുകള്‍ ഉപയോഗിക്കാനാവൂ.ഞാന്‍ മരിച്ചാല്‍ ബന്ധുക്കളെ വിവരമറിയിക്കുമ്പോള്‍ തന്നെ ഏറ്റവുമടുത്തുള്ള നേത്രബാങ്കിലും വിവരമറിയിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞുവെക്കണം. നിങ്ങളുടെ വീട്ടില്‍ പരിചയത്തില്‍ ഒരു മരണം നടന്നാല്‍ നിങ്ങളും അത് ചെയ്യണം. അവിടെ നിന്ന് ഡോക്ടറെത്തി നേത്രങ്ങള്‍ ശേഖരിക്കും. കാഴ്ചയില്ലാത്ത രണ്ട് വ്യക്തികള്‍ക്ക് നേത്രപടലങ്ങള്‍ വെച്ചുപിടിപ്പിക്കും, നിങ്ങള്‍ മരിച്ചാലും ആ കണ്ണുകള്‍ ലോകത്തിന്റെ തിളക്കം കണ്ടുകൊണ്ടേയിരിക്കും. ജീവിച്ചിരിക്കുമ്പോള്‍ മാത്രം മതിയോ സല്‍ക്കര്‍മങ്ങള്‍? മരണശേഷവും പുണ്യം ചെയ്യുന്ന മനുഷ്യരാവേണ്ടേ നമുക്ക്?
പ്രമേഹരോഗികള്‍, കണ്ണട ഉപയോഗിക്കുന്നവര്‍, തിമിര ശസ്ത്രക്രിയ നടത്തിയവര്‍ തുടങ്ങിയവരുടെയെല്ലാം കണ്ണുകള്‍ മരണശേഷം ദാനം ചെയ്യാവുന്നതാണ്.
നിങ്ങളുടെ മൊബൈല്‍ ഫോണിലെ നമ്പറുകളുടെ കൂട്ടത്തില്‍ 

EYE BANK എന്നെഴുതി വീട്ടില്‍ നിന്ന് ഏറ്റവുമടുത്തുള്ള നേത്രബാങ്കിന്റെ ഫോണ്‍ നമ്പര്‍ സേവ് ചെയ്ത് വെക്കുക. വീട്ടില്‍ ഫോണ്‍ നമ്പറുകള്‍ എഴുതി വെച്ചിരിക്കുന്ന പുസ്തകത്തിലെ പ്രധാന നമ്പറുകളുടെ കൂട്ടത്തിലും ഈ നമ്പര്‍ കുറിച്ചിടുക
നിങ്ങള്‍ ഈ പോസ്റ്റ് ഇപ്പോള്‍ വായിക്കുന്നു, നാളെ മരിച്ചുപോയെന്നു വരാം (എന്തായാലും സമയമായാല്‍ മരണം സുനിശ്ചിതമാണല്ലോ) ഒരു പക്ഷെ മറ്റൊരു ദിവസം മറ്റൊരാള്‍ ഈ പോസ്റ്റ് വായിക്കുക നിങ്ങള്‍ സമ്മാനിച്ച  കണ്ണുകളുപയോഗിച്ചാവും.... കണ്ണില്‍ ചോരയുള്ളവരാവുക, കണ്ണ് ദാനം ചെയ്യുക

ഈ ബ്ലോഗില്‍ കഴിയുന്നത്ര നേത്രബാങ്കുകളുടെ നമ്പറുകള്‍ ശേഖരിച്ച് ചേര്‍ക്കുവാനും കുടിവെള്ളം ഗ്രൂപ്പ് വഴി ഇമെയില്‍ ആയി പ്രചരിപ്പിക്കാനും ആഗ്രഹമുണ്ട്. ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടിയത്ര നമ്പറുകള്‍ ചേര്‍ക്കുന്നു. ഇതില്‍ ഇല്ലാത്ത പ്രദേശങ്ങളിലെ നേത്രബാങ്കുകളുടെ നമ്പര്‍ അറിയുന്നവര്‍ ഒരു കമന്റായോ മെയില്‍ ആയോ അയച്ചു തന്നാല്‍ കണ്‍കുളിക്കും....

തിരുവനന്തപുരം: ഗവ. ഒപ്താല്‍മോളജിക് ഹോസ്പിറ്റല്‍: 

0471 2307749/2304046  

ചൈതന്യ ഐബാങ്ക് : 0471 2447183 


കൊല്ലം: 


ആലപ്പുഴ: 


കോട്ടയം:


പത്തനം തിട്ട: മുളമൂട്ടില്‍ ഐ ഹോസ്പിറ്റല്‍ 0468 2213644 / 2297774 


ഇടുക്കി:


എറണാകുളം: ഐ ബാങ്ക് അസോസിയേഷന്‍, ലിറ്റില്‍ ഫ്ലവര്‍ അങ്കമാലി  0484 2454779,2452546/47/48


അഭയം ഐ കെയര്‍ സെന്റര്‍ തൃപ്പുണിറ 04842778980


തൃശൂര്‍: മെഡിക്കല്‍ കോളേജ് 0487-24231050/24231802


മലപ്പുറം: അല്‍സലാമാ കണ്ണാശുപത്രി, പെരിന്തല്‍മണ്ണ 

04933-393123, 225524, 225523

പാലക്കാട്: അഹല്യ കണ്ണാശുപത്രി 

04923235999

ആദിത്യകിരണ്‍ കണ്ണാശുപത്രി 04913291120


കോംട്രസ്റ്റ് കണ്ണാശുപത്രി, ഒറ്റപ്പാലം


കോഴിക്കോട്:  മെഡിക്കല്‍ കോളേജ് 0495 2356531


കോംട്രസ്റ്റ് കണ്ണാശുപത്രി 04952721620, 2727942, 2723793.


വയനാട്: 


കണ്ണൂര്‍: ജില്ലാ ആശുപത്രി: 2731234


തലശ്ശേരി താലൂക്ക്‌ ആശുപത്രി

പരിയാരം മെഡിക്കല്‍ കോളേജ്‌  2800364

കാസര്‍ഗോഡ്: റോട്ടറി ഐ ഡൊണേഷന്‍ സെന്റര്‍: 0499 22420578, 22422324

Sunday, August 8, 2010

വിശന്നു മരിക്കുന്നവരും തിന്നുമരിക്കുന്നവരും

ഒരു അറബി ഭരണാധികാരിയുടെ വിരുന്നുമേശയില്‍ നിന്ന്

റമദാന്‍  വ്രതാരംഭത്തിന് ഇനി ദിവസങ്ങളോ മണിക്കൂറുകളോ മാത്രമേ ബാക്കിയുള്ളൂ.
പുണ്യങ്ങളുടെ പൂക്കാലമെങ്കിലും ഭക്ഷ്യമേളകളുടെ വസന്തകാലമെന്നത്രേ നാട്ടുനടപ്പ്.
നോമ്പുതുറ വിഭവങ്ങളുടെ എണ്ണ പറ്റിയ  പത്രങ്ങളും മാസികകളുമാണ് ഓരോ പ്രഭാതത്തിലും ഇനി നമ്മുടെ വീട്ടുപടിക്കലെത്തുക
കിട്ടിയ കോഴിക്കാലിന് വലിപ്പം പോരെന്ന് പരാതി പറയുന്ന നമ്മള്‍ ജീവിക്കുന്ന നാട്ടില്‍
കുഞ്ഞുങ്ങള്‍ക്കൊരു കോഴിമുട്ട വേവിച്ചുകൊടുക്കാന്‍ പോലും ത്രാണിയില്ലാത്തവര്‍ ഒത്തിരിപേരുണ്ടെന്നോര്‍ക്കുക.
വി.ഐ.പികള്‍ക്കായി സംവരണം ചെയ്യപ്പെട്ട  നോമ്പുതുറ സല്‍ക്കാരങ്ങളിലും പാവപ്പെട്ടവന്‍ പടിക്കു പുറത്താണ്.
നോമ്പുകാരന് ഭക്ഷണം നല്‍കുന്ന പുണ്യ പ്രവര്‍ത്തി കാര്യംകാണലിനും പ്രചാരണങ്ങള്‍ക്കുമായി മാറിയതോടെ
ഇഫ്താര്‍ ഡിപ്ലോമസി എന്നൊരു പ്രയോഗം തന്നെ പ്രചാരത്തിലുണ്ട്.
റമദാന്‍ അല്ലെങ്കില്‍ പോലും നാല്‍പത് കോടി ജനങ്ങള്‍ പട്ടിണികിടക്കുന്ന, കുട്ടികള്‍ വിശന്ന് കരഞ്ഞ് ഞരമ്പുപൊട്ടി മരിക്കുന്ന
ഒരു പട്ടിണി രാജ്യമാണ് നമ്മുടെത്.
ഗോഡൌണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് ചീഞ്ഞ് പുഴുവരിക്കുമ്പോഴും ഇവിടെ മനുഷ്യര്‍ വിശന്നു ചാവുന്നു,
എന്നിട്ടും ധാന്യം കടലില്‍ കെട്ടിത്താഴ്ത്താന്‍ തെല്ലും മനസാക്ഷിക്കുത്തില്ല നമുക്ക്.
ഒരു നാട്ടിലെ ഒന്നോ രണ്ടോ സമ്പന്നരുടെ വിരുന്നുമേശകളില്‍ നിന്ന് ചവറ്റുകൊട്ടയിലേക്ക് തള്ളുന്ന ഭക്ഷണം മതി  അന്നാട്ടിലെ മുഴുവന്‍ സാധുക്കളുടെയും വിശപ്പുമാറ്റാന്‍.
ഇത് നേരിട്ടറിയണമെങ്കില്‍ നിങ്ങളുടെ പ്രദേശത്തുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഒന്നു പോയി നോക്കിയാല്‍ മതി.
കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് വിവിധ മത സാംസ്കാരിക സംഘടനകള്‍ മാതൃകാപരമായ ഭക്ഷണ വിതരണം നടത്തുന്നുണ്ട്.
സ്ത്രീകളുടെ കൂട്ടായ്മയായ കനിവ്, യുവജന സംഘടനയായ ഐ.എസ്.എം എന്നിവരുടെ പേര് എടുത്തുപറയത്തക്കതാണ്.
0495 2722709, 2724881 നമ്പറുകളില്‍ വിളിച്ചാല്‍ കനിവിന്റെ പ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ കഴിയും.
പട്ടിണിയും പിന്നോക്കാവസ്ഥയും അഭ്യന്തര സംഘര്‍ഷങ്ങളും മൂലം ദുരിതപ്പെടുന്ന ബംഗാള്‍, ജാര്‍ഖണ്ഡ്, ഗുജറാത്ത്, ആസാം ബിഹാര്‍ തുടങ്ങിയ നാടുകളില്‍
നോമ്പുതുറ കിറ്റുകള്‍ വിതരണം ചെയ്യാന്‍ വിഷന്‍ 2016 എന്ന സംഘം പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 1500 രൂപ നല്‍കിയാല്‍ ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ നോമ്പുതുറ വിഭവങ്ങള്‍ എത്തിക്കാന്‍ നമുക്കാവും. നജീബ് കുറ്റിപ്പുറം എന്നയാളാണ് ഈ പദ്ധതിയുടെ കേരളത്തിലെ സംഘാടകന്‍. 9447046003 എന്ന നമ്പറില്‍ അദ്ദേഹവുമായി ബന്ധപ്പെടാം. കേരളത്തിനു പുറത്തുള്ളവര്‍ info@vision2016.org.in എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.
ആദ്യ അന്വേഷണത്തില്‍ കിട്ടിയ രണ്ട് സംഘടനകളുടെ വിലാസമാണ് ഇവിടെ ചേര്‍ത്തത്.
സാധുക്കള്‍ക്ക് ഭക്ഷണവിതരണം നടത്തുന്ന സംഘടനകളെക്കുറിച്ചുള്ള വിവരങ്ങള്‍ അയച്ചു തന്നാല്‍ ബ്ലോഗില്‍ ചേര്‍ക്കാനും കുടിവെള്ളം ഗ്രൂപ്പ് വഴി പ്രചരിപ്പിക്കാനും ശ്രദ്ധിക്കുന്നതാണ്.

Thursday, August 5, 2010

കൊള്ളാലോ ഈ മിട്ടീകൂള്‍

മിട്ടികൂള്‍
                       എ.സിയും റഫ്രിഡ്ജറേറ്ററും അന്തരീക്ഷത്തിന് വരുത്തുന്ന പ്രശ്നത്തെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കം.
ഇവ നല്ലതല്ലെന്നറിയുമെങ്കിലും അവ ഒഴിവാക്കാന്‍ നമുക്ക് കഴിയുന്നില്ല
എ.സി വേണ്ടെന്ന് വെക്കാം, പക്ഷെ ഫ്രിഡ്ജ് ഇല്ലാതെ എങ്ങിനെ ജീവിക്കും എന്ന് ചോദിക്കുന്നവരാണ് കൂടുതല്‍
അല്‍പം പച്ചക്കറി കൂടുതല്‍ വാങ്ങിയാല്‍, ഇത്തിരി തണുത്ത വെള്ളം കുടിക്കണമെന്ന് തോന്നിയാല്‍....  ഫ്രിഡ്ജ് ഇല്ലാതെ പറ്റുമോ?
സംഗതി ശരിയാണ്
അന്തരീക്ഷത്തെ ദ്രോഹിക്കാതെ വൈദ്യുതി ചെലവില്ലാതെ അത്തരം സൌകര്യങ്ങള്‍ കിട്ടുമെങ്കില്‍ ഫ്രിഡ്ജ് ഒഴിവാക്കാന്‍ നിങ്ങള്‍ ഒരുക്കമാണോ?
എങ്കില്‍ പ്രജാപതിയെ പരിചയപ്പെടുക. ശാസ്ത്ര പണ്ഡിതനായ പഴയ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുല്‍ കലാം 'യഥാര്‍ഥ ശാസ്ത്രജ്ഞന്‍' എന്ന് വിശേഷിപ്പിച്ച മന്‍സുഖ് ബായ് പ്രജാപതി ഗുജറാത്തിലെ ഒരു കരകൌശല പണിക്കാരനാണ്. വൈദ്യുതി ആവശ്യമില്ലാത്ത മിട്ടികൂള്‍ എന്ന സുന്ദരന്‍ റഫ്രിജറേറ്ററിന്റെ നിര്‍മാതാവാണ് അദ്ദേഹം. പേര് സൂചിപ്പിക്കുന്നതു പോലെ മിട്ടി (മണ്ണ്) ഉപയോഗിച്ചാണ്  ഈ റഫ്രിജറേറ്റര്‍ നിര്‍മിച്ചിരിക്കുന്നത്. - ശുദ്ധവും ഉള്ളം തണുപ്പിക്കുന്നതുമായ വെള്ളം തരുന്ന മണ്‍കൂജകളായിരുന്നല്ലോ നമ്മുടെ ആദ്യത്തെ ഫ്രിഡ്ജ്.
മിട്ടീ കൂളില്‍ പഴവും പച്ചക്കറികളും എട്ടുദിവസവും പാല്‍ ഒരു ദിവസവും കേടുകൂടാതെ സൂക്ഷിച്ചുവെക്കാനാവും. ഇതിന്റെ മുകള്‍ ഭാഗത്ത് വെള്ളം സൂക്ഷിക്കാന്‍ സംവിധാനമുണ്ട്.
2500 രൂപയാണ് വില.
പത്താംക്ലാസ് തോറ്റ് പഠിത്തം നിര്‍ത്തിയ ഈ ശാസ്ത്രജ്ഞന്‍ പ്രകൃതിക്ക് അനുയോജ്യമായതും ജനങ്ങള്‍ക്ക് താങ്ങാനാവുന്നതുമായ ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

പ്രഷര്‍കുക്കര്
              മണ്ണുപയോഗിച്ച് പ്രഷര്‍കുക്കര്‍, വാട്ടര്‍ ഫില്‍റ്റര്‍, നോണ്‍സ്റ്റിക് തവ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ഒരു നോണ്‍സ്റ്റിക് തവ വേണമെന്ന് സ്വന്തം ഭാര്യ ആഗ്രഹം പറഞ്ഞപ്പോള്‍ വാങ്ങിനല്‍കാന്‍ പണമില്ലാഞ്ഞതിനെത്തുടര്‍ന്നാണ് മണ്ണുപയോഗിച്ച് സ്വന്തമായൊന്ന് ഉണ്ടാക്കി നോക്കാന്‍ തീരുമാനിച്ചത്. സംഗതി സൂപ്പര്‍ ഹിറ്റായി. നാടന്‍ അറിവുകള്‍ സമര്‍പ്പണ ബുദ്ധിയോടെ ഉപയോഗപ്പെടുത്തി ഇത്തരം സംരംഭങ്ങള്‍ നമുക്കും തുടക്കമിടാവുന്നതേയുള്ളു.
ഗുജറാത്ത്, മുംബൈ, പൂനെ, ദല്‍ഹി എന്നിവിടങ്ങളില്‍ മാത്രമേ ഇപ്പോഴിത് വാങ്ങാന്‍ കിട്ടൂ. പ്രജാപതിയോട് കാര്യങ്ങള്‍ തിരക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് info@mitticool. in എന്ന വിലാസത്തിലോ 09825177249 എന്ന നമ്പറിലോ ബന്ധപ്പെടാം.
കത്തയക്കാനുള്ള വിലാസം
Mansukhbhai Prajapati
R.K. NAGAR WANKANER 363622 Dist. RAJKOT
(GUJ) INDIA