Thursday, October 14, 2010

കുപ്പിവെള്ളം = പച്ചക്കള്ളം


ലോകമൊട്ടുക്കുമുള്ള ആയിരക്കണക്കിന് ബ്ലോഗര്‍മാര്‍ ഒക്ടോബര്‍ 15 ബ്ലോഗ് ആക്ഷന്‍ ഡേ ആചരിക്കുകയാണ്
ജലവുമായി ബന്ധപ്പെട്ട കുറിപ്പുകളും ചിത്രങ്ങളും വീഡിയോകളും ബ്ലോഗില്‍ പോസ്റ്റ് ചെയ്യുവാനാണ് ആഹ്വാനം അതിന്റെ ഭാഗമാണ് ഈ പോസ്റ്റ്

                              
ഉള്ളില്‍ അരിച്ചു കയറുന്ന സുഖമുള്ള കുളിരായിരിന്നു വെള്ളം നമുക്ക്
പൊട്ടിച്ചിരിച്ചൊഴുകുന്ന ആറുകളും പതഞ്ഞൊഴുകുന്ന അരുവികളുമാണ്
വെള്ളമെന്ന് കേള്‍ക്കേ ആദ്യം മനസിലെത്തിയിരുന്നത്
ഇന്നോ? കഥയെല്ലാം മാറി
വെള്ളമെന്ന് പറയുമ്പോള്‍ കടകളില്‍ നിന്ന് 14 രൂപ കൊടുത്തുവാങ്ങുന്ന ഒരു കുപ്പി ദ്രാവകമാണ് നമുക്ക്
പാവപ്പെട്ട ജനതകളുടെ ജീവരക്തമൂറ്റി കുപ്പിയിലാക്കി വിറ്റ
അന്താരാഷ്ട്ര കുപ്പിവെള്ള ഭീമന്‍മാരെ തടിച്ചുകൊഴുപ്പിക്കാന്‍
തങ്ങള്‍ക്കാവും വിധം സഹായം ചെയ്യുന്നവരാണ് നാമോരുത്തരും.
വീട്ടില്‍ മധുരമൂറുന്ന ശുദ്ധജലം തരുന്ന കിണറുണ്ടെങ്കിലും
കുപ്പിവെള്ളം വാങ്ങിക്കുടിച്ചാലേ പലര്‍ക്കും ദാഹം മാറൂ
ആഗോളവത്കരണത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കണമെങ്കില്‍
ആഗോള ഭീകരന്റെ വെള്ളം കുടിച്ചാലേ പലര്‍ക്കും ആവേശം കിട്ടൂ
വാട്ടര്‍ അതോറിറ്റി കണക്ഷനുള്ള വീടുകളില്‍ ഒരു മാസം അടക്കേണ്ട നിരക്ക് മുപ്പതോ നാല്‍പതോ രൂപയാണ്-അതായത് രണ്ട് കുപ്പി വെള്ളത്തിന്റെ പണം.
ചില സമയത്ത് നൂല്‍പാമ്പ് മുതല്‍ മലമ്പാമ്പ് വരെ കിട്ടുമെന്നത് ശരി തന്നെ,
എന്നുവെച്ച് കാശ് കൊടുത്തുവാങ്ങുന്ന കുപ്പിവെള്ളം പരിശുദ്ധമാണെന്ന് വല്ല ഉറപ്പുമുണ്ടോ?
യാത്രക്കിടയില്‍ നമ്മള്‍ കുടിച്ച് വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി അതില്‍ വീണ്ടും നിറച്ച്
വെള്ളം വിപണിയിലെത്തുന്നുണ്ട്. യാതൊരു ശാസ്ത്രീയ ശുചീകരണ രീതികളും സ്വീകരിക്കാതെ
മിനറല്‍ വാട്ടര്‍ എന്ന് അവകാശവാദത്തോടെ വെള്ളം വില്‍ക്കുന്നുണ്ട്.
അതി മാരകമായ രോഗങ്ങള്‍ക്ക് വഴിവെക്കുന്ന പല സാധ്യതകളും കുപ്പിവെള്ളശീലത്തിലുണ്ട്.
നിലവാരം കുറഞ്ഞ പെറ്റ് ബോട്ടിലുകളില്‍ വീണ്ടും വീണ്ടും വെള്ളം നിറക്കുന്നത് തന്നെ അപകടകാരണമാണ്.
കുപ്പിവെള്ളം വാങ്ങില്ലെന്ന് നാം തീരുമാനമെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
നമ്മുടെ ഗ്രാമങ്ങളില്‍ നിന്ന് കോടിക്കണക്കിന് വെള്ളമാണ് കുപ്പിവെള്ളക്കമ്പനികള്‍ ഊറ്റുന്നത്
വെള്ളക്കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങി കുറച്ച് നാള്‍ കഴിയുമ്പോഴേക്കും
ജല സമൃദ്ധവും പച്ചപ്പു നിറഞ്ഞതുമായ ഗ്രാമങ്ങള്‍ വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും പിടിയിലാവും.
വെള്ളക്കൊള്ളക്കാര്‍ കോടികള്‍ കൊയ്യുമ്പോള്‍ പാവം ഗ്രാമവാസികള്‍ തൊണ്ട നനക്കാന്‍ പോലും തുള്ളിവെള്ളം ലഭിക്കാതെ ദുരിതത്തിലാവും
നമ്മുടെ നാടിന്റെ ജീവജലമൂറ്റുന്ന ഈ ചതിയന്‍മാരെ നമ്മുടെ കീശയിലെ പണം മുടക്കി പോഷിപ്പിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കുക.

വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ ഒരു ബാഗ് കൂടെക്കരുതുന്നത് ശീലമാക്കുക.അതിനുള്ളില്‍ വെള്ളവും കരുതുക. വിരുന്നു പോകുന്ന വീടുകളില്‍, സന്ദര്‍ശിക്കുന്ന ഓഫീസുകളില്‍ നിന്ന്
ശുദ്ധീകരിച്ച വെള്ളം ലഭിക്കുമെങ്കില്‍ അത് ശേഖരിക്കുന്നതില്‍ ഒരു മാനക്കേടും വിചാരിക്കേണ്ടതില്ല.