കഴിഞ്ഞ ദിവസം കുടിവെള്ളം ഗ്രൂപ്പിലേക്ക് അയച്ചുകിട്ടിയ ഒരു മെയിലാണ് ഈ പോസ്റ്റിനു കാരണം
ബാംഗ്ലൂരില്‍ ഒരു ബാലന് എയിഡ്സ് പിടിപെട്ടതിന്റെ കാരണമാണ് മെയിലിന്റെ ഉള്ളടക്കം.
അത് ചുരുക്കി പറയാം:
പത്തുവയസുകാരന് പയ്യന് പതിനഞ്ച് ദിവസം മുന്‍പൊരു കഷ്ണം പൈനാപ്പിള്‍ തിന്നെത്രേ.
കഴിച്ചു കഴിഞ്ഞതും കുട്ടിക്ക് വയ്യായ്ക. ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോ
രോഗം എയിഡ്സ്!! വീട്ടുകാര്‍ ആകെ പേടിച്ച് മുഴുവന്‍ കുടുംബാംഗങ്ങളും പരിശോധിച്ചുനോക്കി
വേറെ ഒരാള്‍ക്കും കുഴപ്പങ്ങളില്ല. പുറത്തു നിന്ന് വല്ലതും കഴിച്ചിരുന്നോ എന്ന് ഡോക്ടര്‍ അന്വേഷിച്ചപ്പോള്‍ വഴിയോരത്തെ കടയില്‍ നിന്ന് ഒരു കഷണം പൈനാപ്പിള്‍ വാങ്ങിത്തിന്ന കാര്യം കുട്ടി ഓര്‍മിച്ചു.
ആശുപത്രിക്കാര് ചെന്ന് വില്പനക്കാരനെ പരിശോധിച്ചപ്പോള്‍ പൈനാപ്പിള്‍ കഷ്ണിക്കുന്നതിനിടെ അയാളുടെ കൈയില്‍ ഒരു മുറിവു പറ്റിയിരുന്നതായി അറിഞ്ഞു
പരിശോധിച്ചപ്പോള്‍ അയാള്‍ക്ക് എയിഡ്സ് ഉണ്ടെന്നും തെളിഞ്ഞു.
വഴിയോരത്തെ കച്ചവടക്കാരന്റെ കൈയില്‍ പറ്റിയ മുറിവില്‍ നിന്ന് ഉറ്റിയ രക്തതുള്ളി പറ്റിയ
പൈനാപ്പിള്‍ കഴിച്ചതു കൊണ്ട് ഒന്നുമറിയാത്ത ഈ പാവം കുട്ടിക്ക്
എയിഡ്സ് പിടിച്ചെന്നും ഇനിമുതല്‍ വഴിവക്കില്‍ വില്‍ക്കുന്ന ഭക്ഷണങ്ങള്‍ വാങ്ങിക്കഴിക്കുമ്പോള്
സൂക്ഷിക്കണമെന്നുമുള്ള ഉപദേശത്തോടെയാണ് മെയില്‍ അവസാനിക്കുന്നത്.
എല്ലാവര്ക്കും ഇത് ഫോര്‍വേര്‍ഡ് ചെയ്തുകൊടുക്കണമെന്ന ആഹ്വാനവുമുണ്ട്.
ഈ കിട്ടിയ ഞെട്ടിക്കുന്ന വിവരം മറ്റു സുഹൃത്തുക്കള്‍ അറിയുകയും ജാഗ്രത പാലിക്കുകയും ചെയ്യട്ടെ എന്ന ഉദ്ദേശത്തോടെയാണ്
ഒരു സുഹൃത്ത് ഇത് കുടിവെള്ളം ഗ്രൂപ്പിലേക്ക് അയച്ചു തന്നത്. മുന്നറിയിപ്പെന്നും ഉപകാരപ്രദമെന്നും തോന്നിപ്പിക്കുന്ന ചില മെയിലുകള്‍ വഴി
പലരും പലവിധ അജണ്ടകള്‍ നടപ്പാക്കുന്ന കാലമാകയാല്‍ ഈ വിഷയത്തില്‍ വിദഗ്ധ ഉപദേശം തേടിയ ശേഷം ഗ്രൂപ്പില്‍ ഫോര്‍വേര്‍ഡ് ചെയ്യാമെന്ന് തീരുമാനിച്ചു.
ഇ മെയില്‍ വിലാസം ലഭ്യമായിരുന്ന ഒരുപറ്റം ആരോഗ്യ വിദഗ്ദര്‍ക്ക് നടേ പറഞ്ഞ മെയില്‍ അയച്ചുകൊടുത്ത് അഭിപ്രായം ആരാഞ്ഞു
ഡോ. ദീപു സുകുമാരന്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകനായ ഡോ. ഷാജി ആലുങ്കല്‍,
മഞ്ചേരി ഗവ.യുനാനി ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.അനീസ് റഹ്മാന് എന്നിവര്‍ വളരെ പെട്ടെന്നു തന്നെ കൃത്യവും വിശദവുമായ മറുപടി നല്കി. ശാസ്ത്രലേഖനങ്ങള്‍ എഴുതുന്ന ഡോ. മനോജ് കോമത്ത് രസകരമായ ഒരു ഇന്റര്‍നെറ്റ് ലിങ്കും അയച്ചുതന്നു.
ആരോഗ്യവിദഗ്ദരുടെ മറുപടികളുടെ പൊതുവായ ഉത്തരം:
ഇ-മെയിലില്‍ ലഭിച്ച സന്ദേശം ശുദ്ധ തട്ടിപ്പാണ്!
എയിഡ്സ് രോഗിയുടെ കയ്യില്‍ നിന്ന് പൈനാപ്പിള്‍ വാങ്ങിത്തിന്ന ദിവസം തന്നെ കുട്ടിക്ക് രോഗം പിടിച്ചു എന്നായിരുന്നല്ലോ മെയിലില്‍ ലഭിച്ച വിവരം. എങ്കില്‍ കേട്ടോളൂ
ഒരു മഴകൊണ്ടാല് പിറ്റേന്ന് ജലദോഷവും തണുത്തത് കഴിച്ചാല്‍ തൊണ്ടവേദയും പിടിക്കുന്നതു പോലെ നേരമിരുട്ടിവെളുക്കുമ്പോഴേക്കും പിടിപെടുന്ന രോഗമല്ല എയിഡ്സ്. ഫുഡ്ഡിലൂടെയല്ല, ബ്ലഡ്ഡിലൂടെ പകരുന്ന രോഗമാണിത്.
എയിഡ്സിനു കാരണമാകുന്ന HIV (Human immunodeficiency virus) ബാധിച്ചാല്‍ തന്നെ ഏഴുമുതല്‍ പത്തു വര്‍ഷം കഴിഞ്ഞേ രോഗലക്ഷണം പ്രകടമാവൂ.ലോകത്തെ മുഴുവന്‍ കിടുകിടാ വിറപ്പിക്കുന്നവനെങ്കിലും അന്തരീക്ഷ ഊഷ്മാവിലെത്തിയാല്‍ മുട്ടുവിറച്ച് ചത്തുപോകുന്നവനാണ് ഈ വൈറസ് എന്നുകൂടി അറിയുക. ![]() |
ഒരു ബംഗാളി തെരുവില്‍ നിന്ന് ജോയ്ദീപ് ചക്രവര്‍ത്തി പകര്‍ത്തിയത് |
ആലോചിച്ച് നോക്കുമ്പോള്‍ എയിഡ്സിനെക്കുറിച്ച് അനാവശ്യ ഭീതി സൃഷ്ടിക്കുക മാത്രമല്ല മെയില്‍ പടച്ചുണ്ടാക്കിയവരുടെ ലക്ഷ്യം, മറിച്ച് ഏറ്റവും കുറഞ്ഞ ചിലവില്‍ ഏറ്റവും സന്തോഷത്തോടെ നമ്മെ ഊട്ടുന്ന, ഒരുപാട് ഒരുപാട് വയറുകളെ വിശപ്പിന്റെ കാഠിന്യത്തില്‍ നിന്ന് കാത്തുരക്ഷിക്കുന്ന വഴിയോര ഭക്ഷണശാലകളെക്കുറിച്ച് ഭയം വളര്‍ത്തല്‍ കൂടിയാണ്.
പതിറ്റാണ്ടുകളായി ദുര്‍ഭരണം നടത്തിപ്പോന്ന ക്രൂരഭരണാധികാരിയെ താഴെയിറക്കാന്‍ഇന്റര്‍നെറ്റും ഇ മെയിലും ഉപയോഗിക്കാമെന്ന് ഈജിപ്റ്റുകാര്‍ തെളിയിക്കുമ്പോള്‍
വഴിയോരത്ത് തട്ട്ദോശയും മുട്ടപൊരിച്ചതും വിറ്റ് ജീവിക്കുന്ന പാവങ്ങളുടെ കഞ്ഞിയില്‍
ഇ മെയില്‍ വഴി മണ്ണുവാരിയിടാനാണ് നമുക്ക് താല്പര്യം. കഷ്ടം തന്നെ!