Friday, December 17, 2010

ഞെളിയന്‍ പറമ്പ്...

കുടുംബശ്രീ സ്ത്രീകളുടെ ജീവിതം പറയുന്ന പെണ്‍പട്ടണം എന്ന സിനിമയില്‍ നിന്ന്‌

ഞെളിയന്‍ പറമ്പ്
മൂക്കുപൊത്തിക്കൊണ്ടാവും ഒരുപക്ഷെ പലരും ഈ പേര് വായിക്കുക.

സ്വന്തം നാടിനു തൊട്ടടുത്ത ഗ്രാമത്തിന്റെ പേരറിയാത്തവര്‍ക്കുപോലുമറിയാം ഞെളിയന്‍പറമ്പ്, വിളപ്പില്‍ശാല, ലാലൂര്‍ തുടങ്ങിയ സ്ഥലനാമങ്ങള്‍. നഗരത്തിന്റെ പണക്കാര്‍ക്ക് ഇറച്ചിയും മീനും തിന്ന് എച്ചില്‍ വലിച്ചെറിയുന്നത് ഈ സാധുഗ്രാമങ്ങളുടെ നെഞ്ചിലേക്കാണ്.  സാനിറ്ററി നാപ്കിനും കുട്ടികളുടെ ഡയപ്പറും മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുമാലിന്യങ്ങളുമെല്ലാം  കവറിലിട്ട് പറമ്പുകളിലും തോടുകളിലും തള്ളി മാന്യരും വൃത്തിപ്രാസംഗികരുമായി നടക്കുകയാണല്ലോ നമ്മള്‍. നമ്മുടെ എച്ചില്‍കൂനകള്‍ ചുമക്കാന്‍ വിധിക്കപ്പെട്ട ഇവിടുത്തെ പാവം മനുഷ്യര്‍ എങ്ങിനെ ജീവിക്കുന്നുവെന്ന് എത്രപേര്‍ ചിന്തിക്കുന്നുണ്ട്?

ഞെളിയന്‍പറമ്പ് എന്നത് കോഴിക്കോട് നഗരത്തിന് തൊട്ടുരുമിക്കിടക്കുന്ന ഒരു ഗ്രാമമായിരുന്നു. ഇപ്പോള്‍ കേരളത്തിലെമ്പാടും വലിച്ചുവാരിയിട്ടിരിക്കുന്ന മുറികള്‍ക്കുള്ള കളിയാക്കിപ്പേരും അതാണ്.  ഒരുപാട് കളിയാക്കാനും ചിരിക്കാനും വരട്ടെ- ഓരോ ഗ്രാമങ്ങളും പട്ടണങ്ങളും ഓരോ ഞെളിയന്‍പറമ്പുകളായി മാറിക്കൊണ്ടിരിക്കുകയാണ്.


സമ്പന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ കണക്കില്‍ അവരുടെ നാട്ടിലെ കുതിരച്ചാണകം മുതല്‍ ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകളും കപ്പലുകളും വരെ  തള്ളാന്‍ പറ്റിയ  ഒരു വലിയ ഞെളിയന്‍പറമ്പാണ് ഇന്ത്യ.


കുറച്ചു വര്‍ഷം മുന്‍പ് ഒരു പ്രദേശത്തുകൂടി ബസില്‍ പോകുമ്പോള്‍ ആളുകളെല്ലാം മൂക്കുപൊത്തി. വാസനപ്പടി എന്നാണ് സ്ഥലത്തിന്റെ വിളിപേര് എന്ന് കണ്ടക്ടര്‍ പറഞ്ഞു. അയല്‍ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും കോഴിക്കടകളിലെ അവശിഷ്ടങ്ങളും മറ്റും രായ്ക്ക് രാമാനം അവിടെ കൊണ്ടുവന്ന് തള്ളല്‍ പതിവാണെത്രേ. അതിലൂടെ പിന്നീട് യാത്ര ചെയ്യുമ്പോഴൊക്കെ ഉറക്കത്തിലാണെങ്കിലും വാസനപ്പടിയെത്തുമ്പോള്‍ വാസനകൊണ്ട് തിരിച്ചറിയുമായിരുന്നു. നാളുകള്‍ക്ക് ശേഷം കഴിഞ്ഞ മാസം ആ വഴി പോയി. ഓരോ പ്രദേശവും വാസനപ്പടിയായി മാറിയ നാറുന്ന കാഴ്ചയാണ് കാണേണ്ടിവന്നത്. 
 സ്വന്തം വീട്ടിലെ ചവറ് മറ്റുള്ളവനെക്കൊണ്ട് വാരിക്കാം എന്ന ചീഞ്ഞളിഞ്ഞ ചിന്ത ഏറ്റവും പെട്ടെന്ന് നീക്കി ആദ്യം മനസ് ശുദ്ധമാക്കുക. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് പാവം കുടുംബശ്രീ സ്ത്രീകള്‍ നമ്മള്‍ നല്‍കുന്ന ചില്ലിക്കാശിന് മാലിന്യം കോരുന്നത്.അവരും നമ്മളെപ്പോലെ ചങ്കും കരളുമുള്ള മനുഷ്യരല്ലേ. ഈ പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രത്തിലെ നടികളുടെത്് പോലെ സുന്ദരവും സുരഭിലവുമൊന്നുമല്ല അവരുടെ ജീവിതം. മാസം അമ്പത് രൂപ കൊടുക്കുന്നതിന്റെ അഹങ്കാരത്തിന് സകല ചപ്പും ചവറും അവരുടെ പെട്ടിയില്‍ തട്ടുന്നവരല്ലേ നമ്മളില്‍ ഭൂരിഭാഗം പേരും?
മാലിന്യങ്ങള്‍ സ്വന്തമായി സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പലതുമുണ്ട്. വീട്ടിലെ മാലിന്യത്തില്‍ നിന്ന് പാചകവാതകവും വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കലാണ് അതില്‍ പ്രധാനം. വീടും പറമ്പുമൊക്കെ ഉള്ളവര്‍ ആരാന്റെ പറമ്പിലും വഴിയരികിലും കൊണ്ടു തള്ളി തല്ലുവാങ്ങുന്നതിലും എത്രയോ നല്ലതാണ് അത് തെങ്ങിന്‍ ചുവട്ടില്‍ വളമായിട്ടാല്‍. കുടുംബമേള നടത്തലും പതാക ഉയര്‍ത്തലും മാത്രം അജണ്ടയാക്കിയ റെസിഡന്‍സ് അസോസിയേഷനുകള്‍ കൂടിയിരുന്നാലോചിച്ചാല്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം.

നിങ്ങള്‍ മാലിന്യ സംസ്‌കരണം വിജയകരമായി നടത്തുന്നയാളാണെങ്കില്‍, അത്തരം ആളുകളെയോ സംഘടനകളെയോ കുറിച്ച് അറിയുമെങ്കില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എജ്യൂക്കേഷഷണല്‍ മള്‍ട്ടിമീഡിയാ റിസര്‍ച്ച് സെന്ററില്‍ വിവരമറിയിച്ചാല്‍ ഉപകാരമായേനെ. അവരത് ഡോക്യുമെന്ററി ആയി ചിത്രീകരിച്ച് ലോകത്തിന് മുന്‍പില്‍ പരിചയപ്പെടുത്തും. വിലാസം


Educational Multimedia Research Centre


University of Calicut

Calicut University PO

673636

ഫോണ്‍: 9446389502

emmrccalicut@yahoo.co.inകഴിഞ്ഞ പോസ്റ്റില്‍ വിവരിച്ച റഫീഖിന്റെ ചികില്‍സക്ക് ഇനിയും പണം ആവശ്യമുള്ളതുകൊണ്ട് അത് കൂടുതല്‍ ആളുകള്‍ കാണട്ടേ എന്നു കരുതിയാണ് പുതിയ പോസ്റ്റ്  വൈകിച്ചത്
കഴിഞ്ഞ പോസ്റ്റ് വായിക്കാത്തവര്‍ വായിക്കുമല്ലോ, പണം എത്തിക്കാന്‍ കഴിവുള്ളവര്‍ അതും ചെയ്യുമല്ലോ

നന്ദി

3 comments:

  1. പണ്ട് അതിരാവിലെ മഞ്ഞ് പുതച്ച് ഒരുസ്വപ്നം പോലെ നിന്നിരുന്ന ഞെളിയന്‍ പറമ്പ്... കോളേജ്ബസ്സിലിരുന്ന് കണ്ണില്‍നിന്നും മറയുന്നവരെ നോക്കിയിരിക്കുമായിരുന്നു. ഇപ്പോള്‍ അതിന്നുമുന്നിലൂടെപോകുമ്പോള്‍ സങ്കടം വരും.

    ReplyDelete
  2. പ്ലാസ്റ്റിക്‌ മാലിന്യ സംസ്കരണം വിജയകരമായി നടത്തിയ കണ്ണൂര്‍ ജില്ലയിലെ ഒരു പഞ്ചായത്തിനെക്കുറിച്ച് 'ദി ഹിന്ദു 'പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു.പേര് മറന്നു പോയി.
    പരിസ്ഥിതിക്ക് ഇത്രയധികം ഭീഷണിയുയര്‍ത്തുന്ന ഈ വിപത്തിനെപ്പറ്റി എന്ത് കൊണ്ട് വേണ്ടപ്പെട്ടവര്‍ ബോധാവാന്മാരാകുന്നില്ല എന്നത് അതിശയകരമാണ്.

    ReplyDelete