![]() |
അമല്‍ നീരദിന്റെ അന്‍വര്‍ സിനിമയില്‍ പൃഥിരാജ് |
സത്യം എന്നും അമല്‍നീരദിന്റെ സിനിമ പോലെയാണ്-എന്നുവെച്ചാല്‍ കോപ്പിയടി എന്നല്ല, പക്കാ സ്ലോ മോഷന്‍..........
ഹിന്ദുഛായയുള്ള മുസ്ലിം പുരുഷന് എന്നൊരു ഞെട്ടിപ്പിക്കുന്ന മനോഹാരിതയുള്ള കഥയെഴുതിയിട്ടുണ്ട് ഇന്ദുമേനോന്-മാലേഗാവിലും അജ്മീരിലും മക്കാ മസ്ജിദിലും
മരണപ്പൊട്ടീരുകള്‍ നടക്കുന്നതിന് വളരെമുമ്പായിരുന്നു അത്. ബോംബ് പൊട്ടിയതിനു പിന്നാലെ മാലേഗാവിലെയും ഹൈദരാബാദിലെയുമെല്ലാം കുണ്ടനിടവഴികളില്‍ കബാബ് കഴിച്ചും കബടി കളിച്ചും നടന്ന ചെക്കന്മാരെ മുഴുവന്‍ തൂക്കിയെടുത്തു കൊണ്ടുപോയി ഗരുഡന് തൂക്കം നടത്തി പോലീസ്.ഞങ്ങള്‍ നിരപരാധിയാണ് എന്ന് ബോംബുപൊട്ടുന്നതിനേക്കാള്‍ വലിയ ഒച്ചയില്‍ കരഞ്ഞുവിളിച്ചെങ്കിലും ആ 'ഭീകരരുടെ' വാക്കുകള്‍ ആരും ചെവിയിലെടുത്തില്ല. എന്‍.ഡി.ടി.വിയിലിരുന്ന് നീരാറാഡിയക്ക് വേണ്ടി ചമ്മന്തിയരക്കുന്ന കൊച്ചമ്മ മുതല്‍ ഇന്ത്യാവിഷന്റെ ചിലവില്‍ പത്രങ്ങളുടെ ജാതി സെന്‍സസെടുക്കുന്ന വാരാന്ത്യക്കാരന്‍ വക്കീലുവരെ ഈ തെമ്മാടികളെ ചീത്തവിളിച്ചു. പലസ്തീനില്‍ ഇസ്രയേല്‍ ചെയ്യുന്നത് പോലെ ചെയ്താലേ ഈ കാക്കാന്മാര് പാഠം പഠിക്കൂ എന്ന് പല്ലു ഞെരിച്ചു. ദേശസ്നേഹത്തിന്റെ ഹോള്‍സെയില്‍ വ്യാപാരികളായ കാവിപ്പട ആവുംവിധമെല്ലാം വിഷം തുപ്പി. ഈ സമുദായത്തെ വേട്ടയാടരുതേ എന്ന് പറയാന്‍ അധികം കവികളൊന്നും ഉണ്ടായില്ല. ധൈര്യപ്പെട്ട് വന്ന മഹേഷ് ഭട്ട് മുതല്‍ മണമ്പൂര്‍ രാജന്‍ബാബു വരെയുള്ളവരെ നാടിനെ ഒറ്റുകൊടുക്കുന്ന നെറികെട്ടവരുടെ പട്ടികയില്‍ പെടുത്തി നാണംകെടുത്തി. നാട്ടിലെ കാക്കാമാരാവട്ടെ പുലര്‍ച്ചെ കിട്ടുന്ന പത്രങ്ങളില്‍ വരുന്ന പുലയാട്ട് പേടിച്ച് സുബഹിക്ക് പോലും പോവാതെയായി. നാലാള് കൂടുന്നിടത്തെല്ലാം അപരാധ ബോധം മൂത്ത് തലതാഴ്ത്തി നടക്കുന്ന വര്‍ഗമായി മാറി അവര്‍.
പത്രലേഖകര്‍ അവരുടെ മനസില്‍ തോന്നുന്ന സ്ഥലങ്ങളിലെല്ലാം ഭീകരാക്രമണങ്ങളുണ്ടാക്കി. കാണുന്ന താടിക്കാരെയെല്ലാം പിടിച്ച് കൊടുംഭീകരരാക്കി. മുട്ടിനു താഴെ ഇറക്കമുള്ള ജുബ്ബകള്‍ ഇടാന്‍ ആളില്ലാതെ കടകളില്‍ കെട്ടിപ്പഴകി. കുര്‍താ പൈജാമ ഇട്ടുനടന്നവരെ നാട്ടുകാര്‍ വളഞ്ഞുവെച്ച് കയ്യോടെ പോലീസിലേല്‍പ്പിച്ചു. ന്യൂനപക്ഷ ഭീകരതയെപ്പറ്റിയുള്ള മുഴുനീള പരമ്പരകളുമായി പത്രങ്ങളും കവര്‍സ്റ്റോറികളുമായി വാരികകളും അരങ്ങ് കൊഴുപ്പിച്ചു. ഗ്രാമീണ കേരളത്തിന്റെ ചലചിത്രകാരന് എന്നൊക്കെ വിശേഷിപ്പിക്കുന്ന സത്യന് അന്തിക്കാടുപോലും സിനിമകളില്‍ ഇല്ലാത്ത കലാപങ്ങള്‍ കുത്തിത്തിരുകി മലയാളി മനസില്‍ വിഷം കലക്കി. ഇംഗ്ലീഷ് സിനിമകളുടെ മിമിക്രി ഒരു കലയാക്കി മാറ്റിയ (കോപ്പിയടി എന്നാണ് ഇവിടെ ഉദ്ദേശിച്ചത്) പുതുതലമുറ സംവിധായകന് അമല്‍ നീരദ് ഒരു മുസ്ലിം വിരുദ്ധ ഇംഗ്ലീഷ് സിനിമയെ വേരോടെ പിഴുതെടുത്ത് മലയാള മണ്ണില്‍ നട്ട് ഭീകരതാ വിരുദ്ധ സാംസ്കാരിക റാലിയിലെ ദീപശിഖാ വാഹകനായി.
അന്തമറ്റ പീഡനങ്ങള്‍ക്കും ചീത്തവിളികള്‍ക്കും തല്ലിച്ചതപ്പുകള്‍ക്കുമൊടുവില്‍ സത്യം പുറത്തുവരുന്നു. അമല്‍ നീരദിന്റെ സിനിമയില്‍ വയസായ തടവുപുള്ളിക്ക് വെള്ളം കൊടുക്കുന്ന, അയാളുടെ ചോറുതട്ടിയിടുന്നവരുമായി തല്ലുകൂടുന്ന അന്‍വറിനെപ്പോലെ ഹൈദരാബാദ് ജയിലിലെ സഹതടവുകാരനായിരുന്ന അസീമാനന്ദ സ്വാമിക്ക് വെള്ളവും കഞ്ഞിയും വിളമ്പിക്കൊടുക്കുന്നു കലീം എന്ന ചെറുപ്പക്കാരന്.-മനസാ വാചാ കര്‍മണാ അറിഞ്ഞിട്ടില്ലാത്ത ബോംബ് സ്ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവറയിലാക്കപ്പെട്ടവന്‍. അവന്റെ നന്മ കണ്ട് മനസലിഞ്ഞ് സ്വാമി വെളിപ്പെടുത്തുന്നു ബോംബിന്റെ യഥാര്‍ഥ ഉറവിടമേതെന്ന്. മുസ്ലിംഛായയുള്ള ഹിന്ദുത്വഭീകരര്‍! ഭീകരന്മാരുടെ താടിയും തൊപ്പിയുമെല്ലാം വെപ്പായിരുന്നു. സ്വാതന്ത്യ്രത്തിനു മുന്‍പേ ഇന്ത്യയില്‍ കലാപങ്ങള്‍ക്ക് തീ കൊളുത്തിയ, രാഷ്ട്രപിതാവിന്റെ ജീവനെടുത്ത, ബാബറിപ്പള്ളി തല്ലിപ്പൊളിച്ച, ബോംബെ നഗരം ചുട്ടെരിച്ച, ഭ്രൂണത്തെ ശൂലത്തില്‍ കുത്തിയെടുത്ത അതേ ബുദ്ധികേന്ദ്രങ്ങളായിരുന്നു ഈ സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന്.
ഒരുപാട് ചെറുപ്പക്കാര്‍ തല്ലുകൊണ്ടത് (ചെറുപ്പക്കാര്‍ മാത്രമോ എഴുന്നേറ്റ് നടക്കാന്‍ വയ്ക്കാത്ത പടുവൃദ്ധന്‍മാരെപ്പോലും ഭീകരവാദികള്‍ എന്ന് വിളിച്ച് ഇടിച്ചുപിഴിഞ്ഞു) മിച്ചം. അവരുടെ കുടുംബങ്ങള്‍ പേടിയുടെ പെരുമഴയില്‍ കുത്തിയൊലിച്ചുപോയത് മിച്ചം. അവരുടെ നഷ്ടപ്പെട്ട ഇന്നലെകളെ ആരു മടക്കി നല്‍കും? സകല അഴിമതികളും കള്ളത്തരങ്ങളും പുറത്തുകൊണ്ടുവരുന്ന പുലികള്‍ എന്ന് വീമ്പടിച്ച് നടക്കുന്ന പത്രക്കാര് അവരെഴുതിപ്പിടിപ്പിച്ച മാപ്പര്‍ഹിക്കാത്ത വിദ്വേഷ കഥകള്‍ തെറ്റായിരുന്നു എന്ന് സമ്മതിക്കാന്‍ ആര്‍ജവം കാണിക്കുമോ?
കൊച്ചിയില്‍ തമ്പടിച്ചിരിക്കുന്ന മുസ്ലിം ഭീകരസംഘത്തെപ്പറ്റി സിനിമ പിടിച്ച് മലയാളിയുടെ ഖല്ബില് സംശയത്തിന്റെയും വെറുപ്പിന്റെയും തീ പടര്‍ത്തിയ അമല്‍ നീരദ് അസിമാനന്ദ് എന്നപേരില്‍ സിനിമയെടുക്കാന്‍ ധൈര്യം കാണിക്കുമോ?
നടക്കുന്ന കാര്യമല്ല അതൊന്നും- വേണ്ട, സമ്മതിച്ചു. പക്ഷെ നാളെ നാട്ടിലൊരു പടക്കമേറുണ്ടായാല്‍ അതിന്റെ പേരിലും ഈ നിരപരാധികളുടെ അടിവയറ്റിലേക്ക് മുട്ടുകാല് കയറ്റില്ലെന്ന് ഉറപ്പുനല്‍കാനെങ്കിലും ആരെങ്കിലുമുണ്ടോ ഈ ജനാധിപത്യ രാഷ്ട്രത്തില്‍?
ബോംബ് വെച്ച് തകര്‍ത്ത് നാട് കുട്ടിച്ചോറാക്കി മുതലെടുക്കാന്‍ ഒരുമ്പിട്ടിറങ്ങിയവര്‍ ഒന്നോര്‍ക്കുക:
പൊട്ടുന്നത് പച്ചബോംബായാലും കാവിബോംബായാലും ചുമന്നബോംബായാലും മരിക്കുന്നത് മനുഷ്യരാണ്, അവരുടെ രക്തത്തിന് ഒരേ നിറമാണ്