Monday, April 11, 2011

തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം; തല നരക്കാത്തതല്ലെന്‍ യുവത്വവും;

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഒരു പ്രസംഗത്തില്‍ ഒരു കവിതയുടെ രണ്ടുവരികള്‍ ഉദ്ധരിച്ചതായി പത്രത്തില്‍ വായിച്ചുവല്ലോ
ആ കവിതയുടെ പശ്ചാത്തലം അറിയുവാന്‍ സുഹൃത്തുക്കള്‍ക്ക് താല്‍പര്യം കാണുമെന്ന് കരുതുതുന്നു.
കവിത എഴുതിയത് സ്വാതന്ത്ര്യസമരസേനാനി ടി.എസ്. തിരുമുമ്പ് എന്ന മാന്യദേഹമാണ്. (താഴേക്കാട്ടു തിമിരിമനയില്‍ സുബ്രഹ്മണ്യന്‍ തിരുമുമ്പ് എന്നാണ് പൂര്‍ണമായ പേര്.)പ്രായക്കൂടുതലായതു കൊണ്ട് അഭിനവ് ഭാരത് യുവസംഘം എന്ന സംഘടനയില്‍ അംഗത്വം നല്‍കാത്തതിന് പ്രതികരണമായാണ് ഈ കവിത എഴുതിയത്. എത്ര സര്‍ഗാത്മകമായ പ്രതിഷേധമെന്ന് നോക്കൂ..
ഇക്കാലത്ത് അംഗത്വം നല്‍കിയില്ലെങ്കില്‍ പിളരും, പുതിയ സംഘടന ഉണ്ടാക്കി നോട്ടീസടിയും പിരിവും തുടങ്ങും, ശത്രു സംഘടനയില്‍ പോയി ചേരും..എന്നെ വേണ്ടവിധം ഉപയോഗിച്ചില്ലാ എന്ന് കരഞ്ഞ് പറഞ്ഞ് നടക്കും...

ടി.എസ്. തിരുമുമ്പ്


തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം;
തല നരക്കാത്തതല്ലെന്‍ യുവത്വവും;

പിറവിതൊട്ടു നാളെത്രയെന്നെണ്ണുമ-
പ്പതിവുകൊണ്ടല്ലളപ്പതെന്‍ യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍
തലകുനിക്കാത്ത ശീലമെന്‍ യൗവനം;

ധനികധിക്കൃതിതന്‍ കണ്ണുരുട്ടലില്‍
പനിപിടിക്കാത്ത ശീലമെന്‍ യൗവനം;
വിഷമഘട്ടത്തിലേതിലും ചെറ്റുമേ-
പതറിടാത്ത ഹൃദയമെന്‍ യൗവനം!
വിരിവൊടക്രമം ചീറ്റിയടുക്കുമ്പോള്‍
പൊരുതുവാനാഞ്ഞണഞ്ഞെത്തുമക്ഷമ;
വഴിമുടക്കുന്ന മാമൂല്‍തലകളെ
പിഴുതെടുക്കുന്ന തീവ്രാസഹിഷ്ണുത;
പ്രതിനിമിഷം വളരാന്‍-വികസിക്കാന്‍-
കൊതിപെരുകിയുഴറുമശാന്തത;
അവശലോകത്തെ ഞെക്കിഞ്ഞെരുക്കുന്ന
ദുരധികാരത്തെ വെല്ലുവിളിക്കുവാന്‍,
പ്രഭുതതന്‍ വിഷപ്പല്ലു പറിക്കുവാന്‍,
വിഭുതയാളുമമോഘസുധീരത;
ഭയമൊരിത്തിരി തീണ്ടാത്ത പൗരുഷം;
അലസത ചളി തേക്കാത്ത ജീവിതം;
വിവിധ ദുഃഖങ്ങളാര്‍ത്തടുക്കുമ്പോഴും
വിരളമാവാത്ത ദുര്‍ദ്ധര്‍ഷവിക്രമം;
ജയലഹരിയില്‍ മങ്ങാത്ത തന്റേടം;
അപജയത്തില്‍ കലങ്ങാത്ത സൗഹൃദം;
ഇവയെഴുന്നോര്‍ സദാപി യുവാക്കന്മാ,-
രിവരയെഴാത്തവര്‍ വൃദ്ധരില്‍ വൃദ്ധരും!
നിരുപമം യുവലോകമുച്ഛൃംഖലം
സമരസന്നാഹമുണ്ടൊന്നൊരുക്കുന്നു!
ഉദധിയേഴും കലങ്ങിമറിയുമാ-
റഖിലലോകവും ഞെട്ടുന്ന മട്ടിലും
പഴകിജീര്‍ണ്ണിച്ചൊരിസ്സമുദായത്
    തിന്‍- ഘടന മാറ്റിപ്പുതുക്കിപ്പണിയുവാന്‍ ഒരുമയോടൊരുമ്പെട്ട യുവത്വത്തിന്‍- സമരകാഹളമുണ്ടതാ കേള്‍ക്കുന്നു! അലയടിച്ചാര്‍ത്തിരമ്പുന്ന വിപ്ലവ- ക്കടലിളകിമറിഞ്ഞു വരുന്നതാ! കരുതിനില്‍ക്കുക! രുഷ്ടസാമ്രാജ്യമേ! കരുതിനില്‍ക്കുക! ദുഷ്ടപ്രഭുത്വമേ! നിജനിജാധികാരായുധമൊക്കെയും നിജശിരസ്സറ്റുവീഴുന്നതിന്‍മുമ്പെ, അണിനിരക്കുന്ന യുവജനശക്തിതന്‍- നികടഭൂവിലടിയറവെക്കുക!