Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

Wednesday, August 25, 2010

ഇയാള്‍ തൈവെച്ചത് കായ തിന്നാനല്ല


 പേങ്ങാട്ടിരി മുണ്ടന്‍
പത്തു പദ്ധതികള്‍ക്ക് തറക്കല്ലിടുന്ന നേതാവിനെ നമ്മള്‍ ജനസേവകന്‍ എന്ന് വിളിക്കും,
പത്തുരൂപാ ധര്‍മം കൊടുക്കുന്ന മുതലാളിയെ നമ്മള്‍ ദീനദയാലൂ എന്ന് വാഴ്ത്തും,
അങ്ങിനെയെങ്കില്‍ പത്ത് തലമുറകള്‍ക്ക് തണല്‍ വിരിച്ച ഒരു മനുഷ്യനെ എന്തുവിളിച്ചാല്‍ മതിയാവും? 

ഇക്കാലത്ത് ഒരു മരം നട്ടാല്‍ വലിയ വാര്‍ത്തയാണ്. പത്രങ്ങളില്‍ ഫോട്ടോ വരും, ചാനലുകളില്‍ ലൈവായി കാണിക്കും. ചിലപ്പോള്‍ മികച്ച വൃക്ഷസ്നേഹിക്കുള്ള വീരപ്പന്‍ മെമ്മോറിയല്‍ അവാര്‍ഡും കിട്ടും.
മരം നടലും ഭൂമിക്ക് കുടപിടിക്കലുമൊക്കെ അല്‍പന്‍മാര്‍ പ്രചാരവേലയാക്കുന്നതിന് വര്‍ഷങ്ങള്‍ക്ക്
മുന്‍പ് നടന്നുപോയ വഴികളിലെല്ലാം
തണല്‍ മരം നട്ട ഒരു വൃദ്ധനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
പേര് : മുണ്ടന്‍

വയസ്: 90
നാട് :പേങ്ങാട്ടിരി
സമ്പത്തുകാലത്ത് തൈ പത്ത് വെച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്ന പഴഞ്ചൊല്ല് കേട്ടിട്ടൊന്നുമല്ല
ഈ പഴമക്കാരന്‍ മരം നടാനിറങ്ങിയത്
സമ്പത്തുകാലം എന്നൊന്ന് ഈ മനുഷ്യന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുതന്നെയില്ല
ചെറുപ്പം മുതല്‍ വല്ലവരുടെയും തൊടികളില്‍ കൂലിപ്പണിയെടുത്താണ് ഇദ്ദേഹം കുടുംബം പോറ്റിയിരുന്നത്
ഒഴിവുകിട്ടുന്ന നേരങ്ങളില്‍ നാടുനീളെ നടന്ന് മരം നട്ടു.
അങ്ങിനെ പാലക്കാടന്‍ ഗ്രാമങ്ങളുടെ  പാതയോരങ്ങളിലെല്ലാം
മുണ്ടേട്ടന്‍ നട്ട മരങ്ങള്‍ വളര്‍ന്ന് പന്തലിച്ചു, ഒരുപാടൊരുപാട് പേര്‍ക്ക് തണലായി
ഇപ്പോള്‍ തീരെ വയസായി, വയ്യാതെയായി
മരിക്കുന്നതിന് മുന്‍പ് എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ചോദിക്കുന്ന
സുഹൃത്തുക്കളോട് ഇദ്ദേഹം പറയുന്ന മറുപടിയാണ് കേള്‍ക്കേണ്ടത്
കുറച്ചു മരങ്ങള്‍ കൂടി നടണമെന്ന്!
ജീവിതം സമ്പാദിച്ചുകൂട്ടാനുള്ളതല്ലെന്നും സഹജീവികള്‍ക്ക് വെളിച്ചവും തണലും പകരാനുള്ളതാണെന്നും വിശ്വസിച്ച ഈ മനുഷ്യന്‍
ഇപ്പോള്‍ വാര്‍ധക്യത്തിന്റെ രോഗപീഡകളിലാണ്. ഭാര്യക്കും തീരെ സുഖമില്ല. ഒരുമകന്‍ തളര്‍വാതം വന്ന് കിടപ്പിലാണ്.
വൈദ്യുതി ബില്‍ അടക്കാന്‍ വകയില്ലാതെ വന്നപ്പോള്‍ കെ.എസ്.ഇ.ബിക്കാര്‍ വന്ന് ഫ്യൂസ് ഊരിക്കൊണ്ടുപോയി
( മരങ്ങളെ സ്നേഹിക്കുന്ന മനുഷ്യനാവുന്നതിനു പകരം ജനങ്ങളെ ദ്രോഹിക്കുന്ന ഒരു എം.പിയായിരുന്നുവെങ്കില്‍
കാലാകാലം വൈദ്യുതിയും ഫോണും സൌജന്യമായിരുന്നേനെ!)
ഇദ്ദേഹം ലോകത്തിന് ചെയ്ത നന്‍മ പകരം വെക്കാനാവാത്തതാണ്
വാര്‍ധക്യത്തിന്റെയും ഇല്ലായ്മയുടെയും ദുരിതപ്പൊരിവെയിലില്‍ നില്‍ക്കുന്ന ഈ മനുഷ്യന് ഒരു ചെറുകുടത്തണലെങ്കിലും ഏകാന്‍ നമുക്ക് ബാധ്യതയില്ലേ?
കുറഞ്ഞ പക്ഷം ആ വീട്ടിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചുകൊടുക്കാനെങ്കിലും നമുക്കാവണം
നിങ്ങളുടെ മനസില്‍ നന്‍മയുടെ പച്ചപ്പ് അവശേഷിക്കുന്നുവെങ്കില്‍ ഇതു വഴിയൊന്ന് വരിക.
ബന്ധപ്പെടാനാഗ്രഹിക്കുന്നവര്‍ക്കായി മുണ്ടേട്ടന്റെ വിലാസം ഇവിടെ ചേര്‍ക്കുന്നു
 പേങ്ങാട്ടിരി മുണ്ടന്‍ വലിയതൊടി വീട്, 

നെല്ലായ പി.ഒ 679335, പാലക്കാട് ജില്ല  

ദി ഹിന്ദു പത്രത്തിലും മാധ്യമം ഓണപ്പതിപ്പിലും വന്ന കുറിപ്പുകളോട് കടപ്പാട്

 ....................................
മുണ്ടന്‍ ചേട്ടന്റെ നാട്ടുകാരന്‍ അഫ്സല്‍ നല്‍കിയ വിവരം: 

മുണ്ടന്‍ ചേട്ടന് ഒരു എസ.ബി അക്കൌന്റ് ഉണ്ട്. പോസ്റ്റ്‌ ചെയ്യാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു..
SB.Account 5028
vallappuzha Service Co-Operative Bank. P.O. Nellaya. 679335. palakkad.

സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരമാവധി മണി ഓര്‍ഡര്‍ അയക്കാന്‍ താല്പര്യം. അഡ്രസ്‌ മുകളില്‍ കൊടുതിതിട്ടുണ്ടല്ലോ.. ബാങ്ക് അക്കൗണ്ട്‌ ഡീല്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കുമല്ലോ.
NB:പാലക്കാട്‌ ജില്ലയിലെ ചെര്‍പ്പുളശ്ശേരി - പട്ടാമ്പി റൂട്ടിലാണ്‌ പേങ്ങാട്ടിരി ഗ്രാമം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
9447192385

Friday, August 13, 2010

കണ്ണടയും മുന്‍പേ കുറിച്ചിടുക


കാഴ്ചയുടെ അനുഗ്രഹത്തെപ്പറ്റി നമ്മളോരോരുത്തരും ഒരുപാട് ചിന്തിക്കുകയും വായിക്കുകയും പ്രസംഗിക്കുകയും കേള്‍ക്കുകയും എല്ലാം ചെയ്തിട്ടുള്ളതാകയാല്‍ അക്കാര്യങ്ങളൊന്നും ഇവിടെ വിശദീകരിക്കുന്നില്ല. ഒരുപക്ഷെ ഒന്നിലേറെ തവണ നേത്രദാന പ്രതിജ്ഞ ഒപ്പിട്ടുകൊടുത്തവരായിരിക്കാം ഇതു വായിക്കുന്നതില്‍ ഭൂരിഭാഗം പേരും. പക്ഷെ, അതേക്കുറിച്ച് നിങ്ങളുടെ വീട്ടുകാരുമായി നിങ്ങള്‍ സംസാരിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇന്നുതന്നെ അതു ചെയ്യുക. മരണശേഷം തങ്ങളുടെ കണ്ണുകള്‍ സഹജീവികള്‍ക്ക് വെളിച്ചമാകണമെന്നാഗ്രഹിച്ച് നേത്രദാന സന്നദ്ധത പ്രകടിപ്പിച്ച പതിനായിരക്കണക്കിനാളുകളുടെ ഈ മഹത്തായ അഭിലാഷം സാധ്യമായിട്ടില്ല-ബന്ധുക്കള്‍ക്ക് അതേക്കുറിച്ച് വിവരമില്ലാഞ്ഞതു തന്നെ കാരണം.  പലരുടെയും വിചാരം നേത്രദാനം എന്നാല്‍ കണ്ണ് കുത്തിപ്പൊട്ടിച്ച് എടുക്കലാണെന്നാണ്. അങ്ങിനെയൊന്നുമല്ല-വളരെ സിമ്പിളാണ് കാര്യം. കണ്‍പോളകള്‍ക്ക് യാതൊരു പരിക്കും വരുത്താതെ വളരെ സൂക്ഷ്മമായി നേത്രഗോളങ്ങള്‍ നീക്കുകയാണ് ചെയ്യുക. മരണം നടന്ന് നാല് മണിക്കുറിനകം  ശേഖരിക്കാനായാല്‍ മാത്രമേ കണ്ണുകള്‍ ഉപയോഗിക്കാനാവൂ.ഞാന്‍ മരിച്ചാല്‍ ബന്ധുക്കളെ വിവരമറിയിക്കുമ്പോള്‍ തന്നെ ഏറ്റവുമടുത്തുള്ള നേത്രബാങ്കിലും വിവരമറിയിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞുവെക്കണം. നിങ്ങളുടെ വീട്ടില്‍ പരിചയത്തില്‍ ഒരു മരണം നടന്നാല്‍ നിങ്ങളും അത് ചെയ്യണം. അവിടെ നിന്ന് ഡോക്ടറെത്തി നേത്രങ്ങള്‍ ശേഖരിക്കും. കാഴ്ചയില്ലാത്ത രണ്ട് വ്യക്തികള്‍ക്ക് നേത്രപടലങ്ങള്‍ വെച്ചുപിടിപ്പിക്കും, നിങ്ങള്‍ മരിച്ചാലും ആ കണ്ണുകള്‍ ലോകത്തിന്റെ തിളക്കം കണ്ടുകൊണ്ടേയിരിക്കും. ജീവിച്ചിരിക്കുമ്പോള്‍ മാത്രം മതിയോ സല്‍ക്കര്‍മങ്ങള്‍? മരണശേഷവും പുണ്യം ചെയ്യുന്ന മനുഷ്യരാവേണ്ടേ നമുക്ക്?
പ്രമേഹരോഗികള്‍, കണ്ണട ഉപയോഗിക്കുന്നവര്‍, തിമിര ശസ്ത്രക്രിയ നടത്തിയവര്‍ തുടങ്ങിയവരുടെയെല്ലാം കണ്ണുകള്‍ മരണശേഷം ദാനം ചെയ്യാവുന്നതാണ്.
നിങ്ങളുടെ മൊബൈല്‍ ഫോണിലെ നമ്പറുകളുടെ കൂട്ടത്തില്‍ 

EYE BANK എന്നെഴുതി വീട്ടില്‍ നിന്ന് ഏറ്റവുമടുത്തുള്ള നേത്രബാങ്കിന്റെ ഫോണ്‍ നമ്പര്‍ സേവ് ചെയ്ത് വെക്കുക. വീട്ടില്‍ ഫോണ്‍ നമ്പറുകള്‍ എഴുതി വെച്ചിരിക്കുന്ന പുസ്തകത്തിലെ പ്രധാന നമ്പറുകളുടെ കൂട്ടത്തിലും ഈ നമ്പര്‍ കുറിച്ചിടുക
നിങ്ങള്‍ ഈ പോസ്റ്റ് ഇപ്പോള്‍ വായിക്കുന്നു, നാളെ മരിച്ചുപോയെന്നു വരാം (എന്തായാലും സമയമായാല്‍ മരണം സുനിശ്ചിതമാണല്ലോ) ഒരു പക്ഷെ മറ്റൊരു ദിവസം മറ്റൊരാള്‍ ഈ പോസ്റ്റ് വായിക്കുക നിങ്ങള്‍ സമ്മാനിച്ച  കണ്ണുകളുപയോഗിച്ചാവും.... കണ്ണില്‍ ചോരയുള്ളവരാവുക, കണ്ണ് ദാനം ചെയ്യുക

ഈ ബ്ലോഗില്‍ കഴിയുന്നത്ര നേത്രബാങ്കുകളുടെ നമ്പറുകള്‍ ശേഖരിച്ച് ചേര്‍ക്കുവാനും കുടിവെള്ളം ഗ്രൂപ്പ് വഴി ഇമെയില്‍ ആയി പ്രചരിപ്പിക്കാനും ആഗ്രഹമുണ്ട്. ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടിയത്ര നമ്പറുകള്‍ ചേര്‍ക്കുന്നു. ഇതില്‍ ഇല്ലാത്ത പ്രദേശങ്ങളിലെ നേത്രബാങ്കുകളുടെ നമ്പര്‍ അറിയുന്നവര്‍ ഒരു കമന്റായോ മെയില്‍ ആയോ അയച്ചു തന്നാല്‍ കണ്‍കുളിക്കും....

തിരുവനന്തപുരം: ഗവ. ഒപ്താല്‍മോളജിക് ഹോസ്പിറ്റല്‍: 

0471 2307749/2304046  

ചൈതന്യ ഐബാങ്ക് : 0471 2447183 


കൊല്ലം: 


ആലപ്പുഴ: 


കോട്ടയം:


പത്തനം തിട്ട: മുളമൂട്ടില്‍ ഐ ഹോസ്പിറ്റല്‍ 0468 2213644 / 2297774 


ഇടുക്കി:


എറണാകുളം: ഐ ബാങ്ക് അസോസിയേഷന്‍, ലിറ്റില്‍ ഫ്ലവര്‍ അങ്കമാലി  0484 2454779,2452546/47/48


അഭയം ഐ കെയര്‍ സെന്റര്‍ തൃപ്പുണിറ 04842778980


തൃശൂര്‍: മെഡിക്കല്‍ കോളേജ് 0487-24231050/24231802


മലപ്പുറം: അല്‍സലാമാ കണ്ണാശുപത്രി, പെരിന്തല്‍മണ്ണ 

04933-393123, 225524, 225523

പാലക്കാട്: അഹല്യ കണ്ണാശുപത്രി 

04923235999

ആദിത്യകിരണ്‍ കണ്ണാശുപത്രി 04913291120


കോംട്രസ്റ്റ് കണ്ണാശുപത്രി, ഒറ്റപ്പാലം


കോഴിക്കോട്:  മെഡിക്കല്‍ കോളേജ് 0495 2356531


കോംട്രസ്റ്റ് കണ്ണാശുപത്രി 04952721620, 2727942, 2723793.


വയനാട്: 


കണ്ണൂര്‍: ജില്ലാ ആശുപത്രി: 2731234


തലശ്ശേരി താലൂക്ക്‌ ആശുപത്രി

പരിയാരം മെഡിക്കല്‍ കോളേജ്‌  2800364

കാസര്‍ഗോഡ്: റോട്ടറി ഐ ഡൊണേഷന്‍ സെന്റര്‍: 0499 22420578, 22422324

Friday, July 2, 2010

ഒരു പഴന്തുണിക്കണ്ടം അവര്‍ക്ക് പലതുമാണ്.....

                  കല്‍ക്കത്തയിലെ പാതയോരത്തു നിന്ന് സൈമണ്‍ ഫിലിപ്സ് എടുത്ത ചിത്രം

                                (നിങ്ങള്‍ക്കത് വെറും ചവറാണെങ്കിലും)                                           വീണ്ടും ഒരു സ്ത്രീയുടെ കഥയാണ് പറയുന്നത്
ഏതോ ഒരു ഉത്തരേന്ത്യന്‍ ഉള്‍ഗ്രാമത്തില്‍ ടൈറ്റനസ് പിടിച്ചു മരിച്ച ഒരു സ്ത്രീയെക്കുറിച്ച്
ആര്‍ത്തവക്കാലത്ത് ശുചിത്വത്തുണിയായുപയോഗിച്ച പഴയ ബ്ലൌസിലെ തുരുമ്പിച്ച ഹുക്ക് തട്ടിപ്പഴുത്താണ് അവര്‍ക്ക് അണുബാധയുണ്ടായത്. ഒരു സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ വഴിയില്ലാത്തവള്‍, ഒരു വൃത്തിയുള്ള പഴന്തുണിയെങ്കിലും സ്വന്തമായില്ലാത്തവള്‍ക്ക് നല്ല മരുന്നു വാങ്ങാന്‍ ഗതിയുണ്ടാവില്ലല്ലോ- ഒട്ടും എതിര്‍ത്തു നില്‍ക്കാതെ അവള്‍ മരണത്തിനു കൂട്ടുപോയി
അങ്ങിനെയല്ലായിരുന്നെങ്കില്‍ ഏതാനും മാസം കഴിഞ്ഞ് അവള്‍ പട്ടിണി കാരണമോ മരം കോച്ചുന്ന മഞ്ഞത്ത് മാറുമറക്കാന്‍ പോലും തുണിയില്ലാതെ തണുത്ത് വിറങ്ങലിച്ചോ അവള്‍ മരണത്തിനു കീഴടങ്ങിയേനെ.

സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകള്‍ മരിച്ച വാര്‍ത്ത ഒന്നിലേറെ തവണ വായിച്ചവരാണ് നമ്മള്‍. 'ഓസിന് കിട്ടിയാല്‍ ആസിഡും കുടിക്കും' എന്ന മനോനിലയല്ല മറിച്ച് തണുപ്പുകൊണ്ട്, മാനക്കേട് കൊണ്ട് മരിക്കാതിരിക്കാനാണവര്‍  സാരിദാനച്ചടങ്ങിലെത്തി തിക്കും തിരക്കും കൂട്ടുന്നത്, അതിനിടയില്‍ കുത്തും ചവിട്ടുമേറ്റ് മരിക്കുന്നത്.
ഇനി നിങ്ങളുടെ തുണി അലമാര ഒന്ന് തുറന്നു നോക്കുക
അതില്‍ തേച്ചും തേക്കാതെയും അടുക്കി വെച്ചിരിക്കുന്ന ഉടുപ്പുകള്‍ സൌകര്യം കിട്ടുമ്പോള്‍ ഒന്ന് എണ്ണി നോക്കണം.
നിങ്ങളുടെ, പങ്കാളിയുടെ, മക്കളുടെ.....
ഷര്‍ട്ടുകളുടെ എണ്ണക്കൂടുതല്‍ കൊണ്ട് ഒരു ഷര്‍ട്ട് മാസത്തില്‍ ഒരിക്കല്‍ മാത്രമേ അണിയാന്‍ പറ്റുന്നുള്ളൂ എന്ന് സങ്കടം പറയുന്ന ഒരാളെ അറിയാം. ഒരു പക്ഷെ നിങ്ങള്‍ക്കും ഉണ്ടാവും അതു പോലുള്ള വസ്ത്ര സമ്പത്ത്, അല്ലെങ്കില്‍ വസ്ത്ര സമ്പന്നനായ സുഹൃത്ത്. ഈ ഉടുപ്പുകള്‍ക്ക് പിന്നീട് എന്തു സംഭവിക്കും?
കുറച്ചു നാള്‍ കഴിയുമ്പോള്‍ ഫാഷന്‍ മാറിയെന്ന് പറഞ്ഞ് ഇടാതാവും. ചിലര്‍ നിലം തുടക്കാനെടുക്കും. ചിലര്‍ 'വെള്ളപ്പൊക്കക്കാര്‍ക്ക്' കൊടുക്കും, ചിലര്‍ അഗതി മന്ദിരങ്ങളിലെത്തിക്കും, പലരും കത്തിച്ചു കളയും.
ഫാഷന്‍ മാറിയാല്‍, ഒരു കൊല്ലം പഴകിയാല്‍, ഒരു ബട്ടന്‍സ് പൊട്ടിയാല്‍ വിലയേറിയ വസ്ത്രങ്ങള്‍ പോലും നമുക്ക് പഴന്തുണിയാണ്. പക്ഷേ തുടക്കത്തില്‍ പറഞ്ഞ സ്ത്രീയെപ്പോലുള്ള ആയിരക്കണക്കിന് മനുഷ്യര്‍ക്ക് അത്തരമൊരു കുപ്പായം കിട്ടിയാല്‍ ആഘോഷമാണ്.
തണുത്ത് വിറങ്ങലിച്ച് മരിക്കുന്ന ഗ്രാമീണ ഇന്ത്യയുടെ ദുരിതം കണ്ട് കരളുപൊട്ടി അന്‍ഷു ഗുപ്ത എന്നൊരു മനുഷ്യസ്നേഹി തുടക്കം കുറിച്ച ഗൂഞ്ജ് എന്ന കൂട്ടായ്മയെ പരിചയപ്പെടുത്തുന്നത് ഉചിതമാവുമെന്ന് കരുതുന്നു.
പഴയ വസ്ത്രങ്ങള്‍ ശേഖരിച്ച് സംഭരിച്ച് ദരിദ്ര ഗ്രാമങ്ങളിലേക്കും പ്രകൃതിക്ഷോഭം ഉണ്ടാവുന്ന പ്രദേശങ്ങളിലും എത്തിക്കുന്ന സംരഭമാണിത്. ഗ്രാമീണ സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തിനായി സാനിറ്ററി നാപ്കിനുകള്‍ നിര്‍മിച്ച് സൌജന്യ നിരക്കില്‍ എത്തിക്കുന്ന പ്രവര്‍ത്തനവും ഇവര്‍ ഭംഗിയായി നിര്‍വഹിച്ചുപോരുന്നു. തന്റെയും അടുപ്പക്കാരുടെയും പക്കലുള്ള 67 പഴയ വസ്ത്രങ്ങള്‍ വെച്ച് തുടങ്ങിയ പ്രവര്‍ത്തനം ഇന്ന് ഇന്ത്യയൊട്ടാകെ വ്യാപിച്ചിരിക്കുന്നു. ഓരോ മാസവും അയ്യായിരം കിലോ തുണിത്തരങ്ങളാണ് ഗൂഞ്ജ് സംഭരിക്കുന്നത്. ഇതിനു പുറമെ   സംഭരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചും വന്‍തോതില്‍ വസ്ത്രം സംഭരിച്ച് വിതരണം ചെയ്യുന്നുണ്ട്.
ഡല്‍ഹി, ബോംബേ, മദ്രാസ്, ബാംഗ്ലൂര്‍, കല്‍ക്കട്ട, ഹൈദരാബാദ് എന്നീ പട്ടണങ്ങളില്‍ ഇപ്പോള്‍ വസ്ത്ര സംഭരണം നടക്കുന്നുണ്ട്. ഗൂഞ്ജിന്റെ പ്രവര്‍ത്തനം കേരളത്തില്‍  വ്യാപിപ്പിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കിട്ടുന്നതിന്റെ ഇരട്ടി കിട്ടുമെന്ന കാര്യത്തില്‍ തര്‍ക്കത്തിനിടയില്ല. വായനശാലകള്‍, ആരാധനാലയങ്ങള്‍, യുവ ജന പ്രസ്ഥാനങ്ങള്‍ എന്നിവര്‍ക്കെല്ലാം ഇക്കാര്യത്തില്‍ മികച്ച പങ്കു വഹിക്കാനാവും.
സമ്പന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളുകളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഉടുപ്പും പുതപ്പും സ്വരൂപിച്ച് ദരിദ്ര മേഖലയിലെ വിദ്യാലയങ്ങളില്‍ വിതരണം ചെയ്യുന്ന പദ്ധതിയും ഗൂഞ്ജിനുണ്ട്. ഈ കുറിപ്പ് വായിച്ചവര്‍ക്കാര്‍ക്കെങ്കിലും ഇത്തരമൊരു സംരംഭത്തിന് നിങ്ങളുടെ നാട്ടില്‍ തുടക്കമിടാന്‍ ആഗ്രഹം തോന്നിയെങ്കില്‍
anshugoonj24@gmail.com എന്ന വിലാസത്തില്‍ ഉടന്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ http://www.goonj.org വെബ്സൈറ്റില്‍ ലഭ്യമാണ്.
അവരുടെ വിലാസം
GOONJ..
J 93 Sarita Vihar,
New Delhi  110076.
Tel.  2697 2351, 41401216